സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം സഹകരണ ബാങ്കുകളിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കാന്‍ പുതിയ വഴികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരുമാനം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചു കൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്.

ചെറിയതുകയ്ക്കുള്ള ലക്ഷകണക്കിന് ഇടപാടുകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നത് എന്നതിനാല്‍ ചില്ലറ ക്ഷാമം നേരിടുന്നതിനും ഇത് സഹായിക്കും എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സഹകരണബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനും ഇത് കരുത്ത് പകരും.

സഹകരണരംഗത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ധനമന്ത്രി തോമസ് ഐസകും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണുന്നുണ്ട്.

സഹകരണമേഖലയിലെ പ്രാഥമികസഹകരണസംഘങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഈ ചര്‍ച്ചയില്‍ തീരുമാനമുണ്ടാക്കും എന്നാണ് കരുതുന്നത്.

You must be logged in to post a comment Login