സര്‍ക്കാറിന്റെ സ്വാശ്രയ കൊള്ളക്ക് കൂട്ടുനില്‍ക്കാനാവില്ല: ചെന്നിത്തല

Ramesh-Chennithala-Home-Minister-Kerala-630x395

തിരുവനന്തപുരം: സര്‍ക്കാറിന്റെ സ്വാശ്രയ കൊള്ളക്ക് കൂട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വാശ്രയ ഫീസ് ഇനത്തില്‍ നാമമാത്രമായ വര്‍ധനവാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. അതിനെതിരെ പൊതുമുതല്‍ നശിപ്പിച്ചാണ് അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇപ്പോള്‍ അവര്‍ തീവെട്ടിക്കൊള്ളയാണു നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫീസ് കുറക്കാതെ സമരം പിന്‍വലിക്കില്ല. സര്‍ക്കാരിനു ദുരഭിമാനം പാടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ഫീസ് കുറച്ചാല്‍ പ്രതിപക്ഷം സമരം അവസാനിപ്പിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. ചര്‍ച്ചയുടെ വാതിലുകള്‍ പ്രതിപക്ഷം അടക്കില്ലെന്നും ചര്‍ച്ചക്ക് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, പ്രതിപക്ഷവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നടത്തിയ സമവായശ്രമങ്ങള്‍ ഫലംകണ്ടില്ല. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടിയല്ല ലഭിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല.

പരിയാരത്തെ ഫീസ് മാത്രം കുറച്ചാല്‍ പോര. മറ്റുള്ള കോളജുകളില്‍ 65,000 രൂപ വര്‍ധിപ്പിച്ചപ്പോള്‍ മെറിറ്റില്‍ ഒരു ലക്ഷം രൂപയാണ് പരിയാരത്തു കൂട്ടിയത്. സര്‍ക്കാറിനു നേരിട്ടു തീരുമാനമെടുക്കാവുന്ന കാര്യമാണ് പരിയാരത്തേത്. അതുകൊണ്ടാണ് പരിയാരം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഇതില്‍പ്പോലും തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login