സര്‍ഗ്ഗാത്മക സാഹിത്യരംഗത്ത് തിരസ്‌കൃതനാണ് ഞാന്‍

വിജയകൃഷ്ണന്‍/ രശ്മി & അനില്‍ കുമാര്‍

മലയാള ചലച്ചിത്ര നിരൂപണ ശാഖയ്ക്കു മികച്ച സംഭാവനകള്‍ നല്കിയ നിരൂപകനാണ് വിജയകൃഷ്ണന്‍. സത്യജിത് റായ്‌യുടെ ലോകം, ചലച്ചിത്ര സമീക്ഷ, മാറുന്ന പ്രതിച്ഛായ, കറുപ്പും വെളുപ്പും വര്‍ണ്ണങ്ങളും, ചലച്ചിത്രത്തിന്റെ പൊരുള്‍, മലയാള സിനിമയുടെ കഥ, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍, രാജ്യഭ്രഷ്ടനായ മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയവ പ്രധാന ചലച്ചിത്ര പഠന ഗ്രന്ഥങ്ങളാണ്. ഇദ്ദേഹത്തിന്റേതായി ചലച്ചിത്ര പഠനങ്ങള്‍ അല്ലാതെ നിരവധി നോവലുകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തമസ്സിന്റെ കണ്ണുകള്‍, മൃത്യുവിന്റെ മുഖം, അനുയായി, നിധി, സാര്‍ത്ഥവാഹക സംഘം (നോവലുകള്‍), നാലാമത്തെ സാലാഭഞ്ജിക, ചിരുകണ്ടനും യക്ഷിമാരും, പാലോറമാതയുടെ പശു, കിഴവന്‍ മാര്‍ത്താണ്ഡന്റെ കുതിര, ഷേക്‌സ്പിയറും മീന്‍കാരിയും (കഥാസമാഹാരങ്ങള്‍) എന്നിങ്ങനെ വിജയകൃഷ്ണന്റെ നോവല്‍ – കഥാ മേഖലകള്‍ സമ്പന്നമായിരുന്നു. ചലച്ചിത്ര നിരൂപകന്റെ സ്വീകാര്യതയില്‍ വിജയകൃഷ്ണനിലെ കഥാകൃത്തിനേയും നോവലിസ്റ്റിനേയും സര്‍ഗ്ഗാത്മക സാഹിത്യ നിരൂപണലോകം പരിഗണിച്ചില്ല. എഴുത്തുവഴികളിലെ അവിസ്മരണീയ അനുഭവങ്ങളെക്കുറിച്ച് വിജയകൃഷ്ണന്‍ സംസാരിക്കുന്നു.
? നാലാം ക്ലാസുകാരന്‍ ലൈബ്രററി മെമ്പര്‍ഷിപ്പ് എടുക്കുന്ന അത്ഭുതത്തില്‍ നിന്നാണ് താങ്കളുടെ സാഹിത്യ ജീവിതത്തിന്റെ പ്രാരംഭം. അത് വ്യക്തമാക്കാമോ.
പുസ്തകവായന എന്ന വഴിയിലേക്ക് എത്തുന്നത് കടങ്കഥകള്‍ തേടുന്നതിലൂടെയാണ്. ചേച്ചിയും കൂട്ടുകാരികളും കടങ്കഥകള്‍ പറഞ്ഞുകളിക്കുന്നത് കണ്ടിട്ടുണ്ട്. അതില്‍ പങ്കെടുക്കാന്‍ ഞാനാഗ്രഹിച്ചു. യാദൃശ്ചികമായി അലമാരയ്ക്കുള്ളില്‍ ബൈന്‍ഡ് ചെയ്തുവെച്ചിരുന്ന പഴയ വാരികകള്‍ കിട്ടി. അതിലെ ബാലപംക്തിയിലെ കടങ്കഥകള്‍ വായിച്ചു. പലയാവര്‍ത്തി ഉരുവിട്ട് കാണാതെ പഠിച്ചു. അത് ധൈര്യത്തോടെ ചേച്ചിയുടെയും കൂട്ടുകാരുടെയും മുമ്പില്‍ പ്രസന്റു ചെയ്തു. ഇവന് ഇത് എവിടെനിന്നു കിട്ടിയെന്ന് അവര്‍ അത്ഭുതപ്പെട്ടു. പക്ഷേ, എന്റെ രഹസ്യം ഞാന്‍ ആരോടും വെളിപ്പെടുത്തിയില്ല. കൂടുതല്‍ കടങ്കഥകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ തുടങ്ങി. അങ്ങനെ അത് കൂടുതല്‍ വായനയിലേക്കു നയിച്ചു. ഞങ്ങളുടെ നാട്ടില്‍ ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുണ്ടായിരുന്നു. വൈകുന്നേരം സ്‌കൂളില്‍നിന്നും വരുന്ന വഴി പത്രങ്ങളും വാരികകളും അവിടെ കയറി വായിക്കുമായിരുന്നു. കുട്ടിയായ ഞാന്‍ ഇത്തരത്തില്‍ ചെയ്യുന്നത് കണ്ടിട്ട് അവിടെയുള്ള മുതിര്‍ന്നവര്‍ അത്ഭുതപ്പെടുന്നതും കമന്റുകള്‍ പറയുന്നതും ഞാന്‍ ശ്രദ്ധിച്ചു. വായനശാലയില്‍ കയറി വായിക്കുമെങ്കിലും അംഗത്വം ഇല്ലാത്തതിനാല്‍ പുസ്തകങ്ങള്‍ എടുക്കുവാന്‍ കഴിഞ്ഞില്ല. പുസ്തകങ്ങള്‍ വായിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് മെമ്പര്‍ഷിപ്പ് എടുക്കാന്‍ തീരുമാനിക്കുന്നത്. അതിനുള്ള കാശ് അമ്മയാണ് നല്കുന്നത്. അതുമായി ലൈബ്രേറിയന്റെ അടുത്ത് എത്തിയപ്പോള്‍ ഒരു കൊച്ചുകുട്ടി മെമ്പര്‍ഷിപ്പ് എടുക്കാന്‍ വന്നതിലുള്ള അത്ഭുതം അയാള്‍ പ്രകടിപ്പിച്ചു. എനിക്ക് വായനയോടുള്ള താല്പര്യം തിരിച്ചറിഞ്ഞ ആളുകള്‍ പിന്തുണച്ചു. അതിലൂടെ മെമ്പര്‍ഷിപ്പ് ലഭിച്ചു. അങ്ങനെ വായനയിലൂടെ സഞ്ചരിക്കാനുള്ള വഴികള്‍ തുറന്നുകിട്ടി. ഡിക്റ്റടീവ്, പൈങ്കിളി എന്നിവ പിന്നിട്ട്ഗൗരവതരമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ തുടങ്ങി.
? വിപുലമായ വായനയില്‍ നിന്നും എഴുത്തിന്റെ ലോകത്തേയ്‌ക്കൊരു മാറ്റം താങ്കള്‍ക്കുണ്ടാകുന്നുണ്ട്. അച്ചടിക്കപ്പെട്ട ആദ്യ രചന ഏതായിരുന്നു.
ചിലമ്പൊലി എന്ന ബാലമാസികയിലാണ് എന്റെ ആദ്യ രചന അച്ചടിക്കുന്നത്. ഒരു ഐതിഹ്യ കഥ പകര്‍ത്തിയെഴുതിയതായിരുന്നു അത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ചിലമ്പൊലിയില്‍ രചന വന്നതോടുകൂടി എഴുതാനുള്ള ആവേശം കൂടി. മലയാളരാജ്യം, ചിത്രവാരിക, മലയാളി, കേരളജനത എന്നിവയുടെ ബാലപംക്തികളിലാണ് രചനകള്‍ എല്ലാം അച്ചടിച്ചു വന്നിരുന്നത്.
? വിജയകൃഷ്ണനില്‍ നിന്നും അന്തിയൂര്‍ക്കോണം വിജയകൃഷ്ണനിലേക്കും പിന്നീട് പഴയ പേരിലേക്കും താങ്കള്‍ മാറുന്നുണ്ട്. സ്വന്തം പേരിനെ പരിഷ്‌കരിക്കാനുള്ള ശ്രമത്തിനു പിന്നിലുള്ള കൗതുകമെന്തായിരുന്നു.
പേരിനൊപ്പം സ്ഥലപ്പേരു വെച്ചില്ലെങ്കില്‍ സാഹിത്യകാരനാവില്ലെന്ന തോന്നല്‍ ശക്തമായിരുന്നതുകൊണ്ട് എന്ത് സ്ഥലപ്പേരു ചേര്‍ക്കണം എന്ന് തലപുകഞ്ഞാലോചിച്ചു. കാരണമുണ്ട്. കാട്ടാക്കട, മലയിന്‍കീഴ് എന്നീ ചെറു പട്ടണങ്ങള്‍ക്കിടയിലാണ് എന്റെ ഗ്രാമം. ഗ്രാമത്തിലെ ലോക്കല്‍ നേതാക്കന്മാര്‍ ഈ പട്ടണപ്പേരുകളാണ് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തിട്ടുള്ളത്. കൊല്ലോട് എന്ന് തപാലാപ്പീസിന്റെ പേര്. അന്തിയൂര്‍ക്കോണം പഠിക്കുന്ന സ്‌കൂളിന്റെ സ്ഥലപ്പേര്. എങ്കിലും തികച്ചും കൃത്യമായി പറഞ്ഞാല്‍ പൊട്ടന്‍കാവ് എന്നാണ് എന്റെ പ്രദേശത്തിന്റെ പേര്. പൊട്ടന്‍കാവ് വിജയകൃഷ്ണന്‍ എന്നു പേരുവെക്കാന്‍ ഒരു ധൈര്യക്കുറവ്. കാരണം, സ്‌നേഹം കൂടുമ്പോള്‍ ആളുകള്‍ പേര് ചുരുക്കുമല്ലോ. പി കുഞ്ഞിരാമന്‍ നായര്‍ ‘പി’ ആകുന്നതുപോലെയും ജി ശങ്കരക്കുറുപ്പ് ‘ജി’ ആകുന്നതുപോലെയും വൈക്കം മുഹമ്മദ് ബഷീര്‍ ബഷീറാവുന്നതുപോലെയും. അങ്ങനെ സ്‌നേഹക്കൂടുതല്‍ കൊണ്ട് ഞാന്‍ പൊട്ടനായി ചുരുങ്ങിയാലോ? അതിശയോക്തിയല്ല. അങ്ങനെയൊക്കെത്തന്നെയാണ് എന്റെ ചിന്തകള്‍ പാഞ്ഞുകൊണ്ടിരുന്നത്. ഒടുക്കം പള്ളിക്കൂടം സ്ഥിതിചെയ്യുന്ന അന്തിയൂര്‍ക്കോണം പേരിനോടുകൂടെ ചേര്‍ത്തു. മലയിന്‍കീഴ് ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്തിയൂര്‍ക്കോണം വിജയകൃഷ്ണന്‍ എന്ന പേരിലാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്.
? താങ്കളുടെ ആദ്യ നോവല്‍ തമസ്സിന്റെ കണ്ണുകള്‍ എഴുതുവാനുണ്ടായ സാഹചര്യങ്ങള്‍/പ്രചോദനങ്ങള്‍ എന്തായിരുന്നു.
ബി എ അവസാന വര്‍ഷത്തിലാണ് ആ നോവല്‍ എഴുതിത്തീരുന്നത്. പല പ്രമേയങ്ങളും മനസ്സിലുണ്ടായിരുന്നെങ്കിലും ഇതുതന്നെ എഴുതാനുള്ള കാരണം അക്കാലത്തെ ഒരനുഭവമാണ്. ഞങ്ങളുടെ ഗ്രാമത്തിലെ സുന്ദരിമാര്‍ ഒരാളായിരുന്നു യമുന (നോവലിലെ നായികയുടെ പേരാണിത്.) എന്നെക്കാള്‍ മുതിര്‍ന്ന ആളാണ്. ഞാന്‍ ചേച്ചീ എന്നാണു വിളിക്കുക. ചില പ്രേമബന്ധങ്ങളിലൊക്കെ കുടുങ്ങി അല്പം പേരുദോഷമുണ്ടാക്കിയിട്ടുണ്ട് യമുന. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ ബി എയ്ക്കു പഠിക്കുമ്പോള്‍ അവര്‍ എം എ ക്ലാസിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് പതിനെട്ടു കിലോമീറ്ററോളം ദൂരമുണ്ട് ഞങ്ങളുടെ ഗ്രാമത്തിലേക്ക്. ബസ്സിലൊക്കെ കയറാന്‍ വരുമ്പോള്‍ ചിരിക്കുമെന്നല്ലാതെ ലോഹ്യമൊന്നുമില്ല. പൊതുവേ ഞാനൊരു അന്തര്‍മുഖനായിരുന്നു താനും. ഒരിക്കല്‍ ബസ് ജീവനക്കാരുടെ ഒരു മിന്നല്‍പ്പണിമുടക്കുണ്ടായി. ഉച്ചയ്ക്ക് കോളേജിന്റെ ഇടനാഴിയില്‍കൂടി ഞാന്‍ നടന്നുപോകുമ്പോള്‍ യമുനച്ചേചച്ചി എന്റെയടുത്തേക്ക് ഓടിവന്നു. അവര്‍ പരിഭ്രാന്തയായിരുന്നു. ‘വിജയകൃഷ്ണാ, നമ്മളെങ്ങനെ വീട്ടിലേക്കു പോകും?’ അവര്‍ ചോദിച്ചു. സത്യത്തില്‍ ബസ്സില്ല എന്ന കാര്യം എന്നെ ഒട്ടും പരിഭ്രമിപ്പിച്ചിരുന്നില്ല. മുന്‍പൊരിക്കല്‍ കൈയില്‍ പണമില്ലാഞ്ഞതുകൊണ്ട് വീടുവരെ ഞാന്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുകതന്നെ എന്നു ഞാന്‍ കരുതിയിരുന്നു. യമുനച്ചേച്ചിയുടെ പരിഭ്രമം കണ്ട് എന്തു ചെയ്യണമെന്ന് ഞാനാലോചിച്ചു. വഴിയുണ്ടാക്കാമെന്നു പറഞ്ഞ് ഞാനവരെ സാന്ത്വനിപ്പിച്ചു.
കോളേജിലും അടുത്ത ചില ഓഫീസുകളിലുള്ള നാട്ടുകാരെ ഞാന്‍ പോയി കണ്ടു. ഒടുക്കം അഞ്ചാറു പേര്‍ ചേര്‍ന്ന് ഒരു ടാക്‌സിപിടിക്കാമെന്നായി. ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാശു കൊടുക്കും. കഴിയുന്നത്ര കാശ് ഞങ്ങളും കൊടുക്കണം. അങ്ങനെ ആ ബസ് പണിമുടക്കു ദിവസം ഞങ്ങള്‍ വീടുകളിലെത്തി. അതിനുശേഷം യമുനച്ചേച്ചി എന്നോട് പ്രത്യേകമായ സ്‌നേഹവാത്സല്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പേരുദോഷങ്ങള്‍ക്കു പിന്നിലെ കഥകള്‍ എന്നോടു പറഞ്ഞു. എന്റെ സാഹിത്യപ്രയത്‌നങ്ങളെക്കുറിച്ചറിയുന്നതുകൊണ്ട് അവരെന്നെ പ്രോത്സാഹിപ്പിച്ചു.
ക്ലാസിലെ പെണ്‍കുട്ടികളോടൊന്നും സംസാരിക്കാത്ത ഞാന്‍ യമുനച്ചേച്ചിയോട് ദീര്‍ഘമായി സംസാരിക്കുന്നതു കണ്ട് എന്റെയൊരു സഹപാഠി ചോദിച്ചു, ‘നിനക്കെന്താ പ്രായം കൂടിയ പെണ്ണുങ്ങളോടാണോ പ്രണയം?’ ‘പ്രണയം’ എന്ന വാക്ക് ഒരു കൊള്ളിയാന്‍പോലെയാണ് പതിച്ചത്. അത് എന്നെ ചില ചിന്തകളിലേക്കു നയിച്ചു. ഞാനും യമുനച്ചേച്ചിയും തമ്മിലുള്ള സ്‌നേഹം പ്രണയത്തിനു വഴിമാറിയാല്‍ എങ്ങനെയുണ്ടാവും? ആ ചിന്തയില്‍ നിന്നാണ് തമസ്സിന്റെ കണ്ണുകളുടെ പിറവി. യമുന എന്ന സുന്ദരിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. അപവാദങ്ങളുടെ ശരങ്ങളേറ്റു പിടയുന്ന യമുനയ്ക്കരികില്‍ സാന്ത്വനമായി നരേന്ദ്രനെത്തുന്നു. അവളെ ചേച്ചി എന്നു വിളിച്ചിരുന്ന നരേന്ദ്രന്‍. നിഷ്‌കളങ്ക സ്‌നേഹം പ്രണയത്തിനു വഴിമാറുന്നതോടെ സംഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്.
? താങ്കളുടേതായി പ്രസിദ്ധീകൃതമാകുന്ന ആദ്യ പുസ്തകം തമസിന്റെ കണ്ണുകളാണ്. അതിന്റെ പ്രസിദ്ധീകരണ പശ്ചാത്തലമെന്തായിരുന്നു.
മുതിര്‍ന്നപ്പോള്‍ ബാലപംക്തിയില്‍ നിന്നും മുതിര്‍ന്നവരുടെ എഴുത്തിലേക്കു മാറി. വലിയ പ്രതീക്ഷയോടെ എഴുതുകയും അവ ആനുകാലികങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഭൂരിപക്ഷവും ചവറ്റുകുട്ടയില്‍ പോവുകയായിരുന്നു പതിവ്. എങ്കിലും നിരാശപ്പെടാതെ എഴുതിക്കൊണ്ടിരുന്നു. അപൂര്‍വ്വമായി ചിലത് പ്രസിദ്ധീകരിച്ചു വന്നിരുന്നു. അവ പക്ഷേ ഭൂരിപക്ഷം ആളുകളും തിരിച്ചറിഞ്ഞിട്ടില്ലാത്തവ ആയിരുന്നു. ബി എ അവസാന വര്‍ഷത്തിനു പഠിക്കുമ്പോള്‍ ഒരു കൊച്ചു മാസിക സ്വന്തമായി നടത്തി. നിര്‍ഭാഗ്യവശാല്‍ രണ്ടു ലക്കങ്ങള്‍ മാത്രമേ അവ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളൂ. അക്കാലയളവിലാണ് സ്വന്തമായി ഒരു പുസ്തകം ഇറക്കണമെന്ന ആഗ്രഹം അതിതീവ്രമായി പിടികൂടുന്നത്. എഴുതിക്കൂട്ടിവെച്ചിരുന്നവ പരിശോധിച്ച് അവയില്‍ നിന്നും നല്ലതെന്നു തോന്നിയ ഒരെണ്ണം തിരഞ്ഞെടുത്തു. തമസ്സിന്റെ കണ്ണുകള്‍ എന്നായിരുന്നു നോവലിന്റെ പേര്. അത് പ്രസിദ്ധീകരിക്കുന്നതിനായി എന്‍ ബി എസിലേക്ക് അയച്ചു കൊടുത്തു. കുറച്ചു നാളുകള്‍ക്കുശേഷം എന്‍ ബി എസില്‍നിന്നും പുസ്തകം വിതരണ വ്യവസ്ഥയില്‍ തിരഞ്ഞെടുത്തുവെന്ന കത്തു ലഭിച്ചു വിതരണ വ്യവസ്ഥയാകുമ്പോള്‍ നമ്മള്‍ തന്നെ സ്വന്തമായി പണം മുടക്കി അച്ചടിപ്പിക്കണം അല്ലെങ്കില്‍ അച്ചടിക്കൂലി എന്‍ ബി എസിനു നല്കണം. പൈസ കണ്ടെത്താന്‍ വഴിയില്ലാത്ത ഞാന്‍ അമ്മയെ ആശ്രയിച്ചു. വിദ്യാര്‍ത്ഥി ജീവിതത്തിനിടെ എനിക്കൊരു സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത് അതേപടി അമ്മയെ ഏല്പിച്ചിരുന്നു. എന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ അമ്മ എനിക്കു അഞ്ഞൂറു രൂപ നല്കി സഹായിച്ചു. അതിന്റെ ബലത്തിലാണ് തമസ്സിന്റെ കണ്ണുകള്‍ അച്ചടിക്കുന്നത്. സംവിധായകന്‍ കെ പി കുമാരന്റെ സഹായത്താല്‍ രാജശേഖരന്‍ നായരുടെ അക്ഷരാ പ്രിന്റേഴ്‌സിലെത്തി നോവല്‍ അച്ചടിക്കാന്‍ ഏല്പിച്ചു. അതു പഴയൊരു ലെറ്റര്‍ പ്രസ് ആയിരുന്നു. എട്ടു പേജിന്റെ ഫോറങ്ങളാണ് അടിക്കുന്നത് അവിടുത്തെ വര്‍ക്കുകളുടെ ഇടയില്‍ ഇതും അടിക്കുന്നുവെന്നു മാത്രം.
എട്ടു ഫോറങ്ങള്‍ വീതം അടിച്ചടിച്ച് ആറുമാസങ്ങള്‍കൊണ്ടാണ് നോവല്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കിയത്. അത് എന്‍ ബി എസിലേക്ക് അയച്ചപ്പോള്‍ നോവലിന്റെ കവറിന്റെ കാര്യത്തിലുള്ള അന്വേഷണം വന്നു. കവര്‍ രൂപകല്പന ചെയ്യുന്നതിനായി അതിഥിയുടെ കലാസംവിധായകനും ചിത്രകാരനുമായ കെ ദേവദത്തനെ സമീപിച്ചു. അദ്ദേഹത്തിന്റെ തിരക്കുകള്‍മൂലം കുറച്ചു കാത്തിരിപ്പുകള്‍ക്കു ശേഷമാണ് കവര്‍ ലഭിക്കുന്നത്. അങ്ങനെ കാത്തിരിപ്പിന്റെ കടമ്പകള്‍ കടന്ന് 1974 ല്‍ തമസ്സിന്റെ കണ്ണുകള്‍ പുറത്തുവന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അതിനെക്കുറിച്ച് നല്ല റിവ്യൂ വന്നു. ഡോ. കെ എം തരകന്‍ മലയാളം ലിറ്റററി സര്‍വ്വേയില്‍ തമസ്സിന്റെ കണ്ണുകളുടെ കര്‍ത്താവ് നോവല്‍ സാഹിത്യത്തിന് ഒരു വാഗ്ദാനമാണെന്നു പ്രവചിച്ചു. നോവല്‍ പുറത്തിറങ്ങി ആറു മാസത്തിനുശേഷം എന്‍ ബി എസില്‍ നിന്നു കണക്കുകളും ചെക്കുകളും ലഭിച്ചു. സ്വന്തമായി കാശുമുടക്കി അച്ചടിച്ചു എങ്കിലും അതു നഷ്ടമായിരുന്നില്ല. പൈസ തിരിച്ചുവരാന്‍ സമയമെടുത്തു എന്നു മാത്രം.
? അടുത്ത ഒരു ഘട്ടത്തിലേയ്ക്കു കടക്കുമ്പോള്‍ താങ്കളുടേതായി രണ്ടു ചലച്ചിത്ര പഠന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. 1981 ല്‍ സത്യജിത് റായ്‌യുടെ ലോകവും 1982 ല്‍ ചലച്ചിത്ര സമീക്ഷയും പുറത്തു വന്നു. സാഹിത്യത്തിനു സ്വീകാര്യത ലഭിക്കാതെ പോയതാണോ ചലച്ചിത്ര നിരൂപണ രംഗത്തേക്കു തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് കോളേജില്‍ എത്തിയതോടുകൂടിയാണ് സിനിമയുടെ ആകര്‍ഷണ വലയത്തിലേക്ക് എത്തുന്നത്. അതിഥിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വര്‍ഷം ഒരു നോവലും ഒരു സിനിമയും എന്നതായിരുന്നു സ്വപ്‌നം അതു നടന്നില്ല. ഫിലിം സൊസൈറ്റികളുടെ ഭാഗമായതോടുകൂടി ചലച്ചിത്രത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നു. നമ്മുടെ ചലച്ചിത്രങ്ങള്‍ക്ക് ചലച്ചിത്ര ഭാഷയേ ഇല്ല എന്നു വ്യക്തമായി. അക്കാലയളവില്‍ ഞാന്‍ എഴുതിയ ചലച്ചിത്ര പഠനങ്ങള്‍ നല്ല രീതിയില്‍ പ്രസിദ്ധീകരിച്ചുവരാന്‍ തുടങ്ങി. കൂടുതല്‍ മാധ്യമങ്ങളില്‍ എഴുതാനുള്ള അവസരങ്ങള്‍ ലഭിച്ചു. ചലച്ചിത്ര നിരൂപണത്തിന് 1983 ലെ ചലച്ചിത്ര സമീക്ഷയിലൂടെ ദേശീയ അവാര്‍ഡ് ആദ്യമായി എനിക്കു ലഭിച്ചു. അങ്ങനെ ചലച്ചിത്ര നിരൂപണത്തില്‍ സ്വീകാര്യത ലഭിച്ചപ്പോള്‍ സ്വാഭാവികമായും സര്‍ഗ്ഗാത്മക സാഹിത്യ രചന കുറഞ്ഞുവന്നു.
എനിക്കു വലിയ പഠനങ്ങളോ നിരൂപകണങ്ങളോ ഉണ്ടായിട്ടില്ല. തിരസ്‌കാരങ്ങളേ ഉണ്ടായിട്ടുള്ളൂ. ചലച്ചിത്ര നിരൂപകനായ വിജയകൃഷ്ണന്‍ എഴുതുന്ന കഥ/നോവലുകള്‍ വായിക്കുവാന്‍ പലരും താല്പര്യം കാട്ടിയിട്ടില്ല. ഇയാള്‍ ഒരു നേരമ്പോക്കുപോലെ എന്തോ എഴുതുന്നു എന്നാണ് പലരും ധരിച്ചിരിക്കുന്നത്. കഥാ നിരൂപകരോ നോവല്‍ നിരൂപകരോ എന്റെ കൃതികള്‍ പരിഗണിച്ചിട്ടേയില്ല. എന്റെ കൃതികള്‍ കണ്ടിട്ടുള്ളവര്‍ വായിക്കുകയും നല്ല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. വിനു എബ്രഹാം, ജോസ് വെമ്മേലി, ജി എന്‍ പണിക്കര്‍ എന്നിങ്ങനെ ചിലരില്‍ മാത്രമായി അഭിപ്രായങ്ങള്‍ ഒതുങ്ങുന്നു.
? പ്രത്യക്ഷത്തില്‍ യാദൃശ്ചികമെന്നോ വിചിത്രമെന്നോ പറയാവുന്ന തരത്തിലാണ് താങ്കളുടെ എഴുത്തുജീവിതവും പ്രസിദ്ധീകരണ അനുഭവങ്ങളും താങ്കളുടെ ജീവിതത്തില്‍ പ്രസിദ്ധീകരണ രംഗവുമായി ബന്ധപ്പെട്ട അവിസ്മരണീയ സംഭവം ഏതെങ്കിലുമുണ്ടോ.
അത്തരമൊരു സംഭവം നടത്തുകയുണ്ടായിട്ടുണ്ട്. സ്വാര്‍ത്ഥവാഹക സംഘത്തിനുമുമ്പ് അനുയായി എന്ന ഒരു നോവല്‍ ഞാന്‍ എഴുതി അതു ഭാഷാപോഷിണിക്ക് അയച്ചു കൊടുത്തു. കുറേ നാളുകളായി ഒരു വിവരവും ലഭിക്കാതായപ്പോള്‍ ഒരു ദിവസം കോട്ടയം ഡി സി ബുക്‌സില്‍ പോയ സമയത്ത് ഭാഷാപോഷിണിയുടെ ഓഫീസിലും കയറി. അന്നു കെ എം തരകനായിരുന്നു എഡിറ്റര്‍. ഞാന്‍ കാര്യം പറഞ്ഞയുടനെ അദ്ദേഹം അസിസ്റ്റന്റ് എഡിറ്ററായ സാഹിത്യകാരന്‍ കൊടുപ്പുന്ന ഗോവിന്ദ ഗണകനെ വിളിച്ചു നോവലിന്റെ കാര്യം അന്വേഷിച്ചു. കൊടുപ്പുന്ന ആകെ പരിഭ്രമിച്ചു. അപ്പോള്‍ അയാളാണ് നോവലിനെ ചവിട്ടിത്താഴ്ത്തിയതെന്നു എനിക്കു മനസ്സിലായി. ഓഫീസില്‍നിന്നും ഒരു സഹായിയെ വിളിച്ച് ആ മാറ്റര്‍ തപ്പിയെടുക്കാന്‍ പറഞ്ഞു. മഞ്ഞപേപ്പറില്‍ എഴുതിയ ആ നോവല്‍ അയാള്‍ എളുപ്പത്തില്‍ തപ്പിയെടുത്തു. നോവല്‍ ലഭിച്ചയുടനെ കെ എം തരകന്‍ സര്‍ രണ്ടായിരം രൂപ എടുത്ത് കൈയില്‍ തന്നു. പല എഴുത്തുകാരും ആഴ്ചപതിപ്പുകളുടെയും വാരികകളുടെയും ഓഫീസില്‍ പോയി എഴുതിക്കൊടുത്ത് പണം വാങ്ങിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരമൊരനുഭവം ആദ്യമായി എനിക്കുണ്ടായി. അനുയായി രണ്ടു ലക്കങ്ങളിലായി ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു.
? ആധുനികതയുടെ അതികായന്മാര്‍ മലയാള സാഹിത്യത്തില്‍ പുതിയ പ്രവണതകള്‍ സൃഷ്ടിച്ചു. രചനാപരമായ ദുര്‍ഗ്രഹതകളും സങ്കീര്‍ണ്ണതകളും അവയിലുണ്ടായിരുന്നു. അതിനോടു വിയോജിച്ചു കൊണ്ടായിരുന്നു വിജയകൃഷ്ണന്റെ രചനകള്‍.
അത് എന്റെ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുമായി ബന്ധപ്പെട്ട ഒന്നാണ്. ഞാന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ സംഘടനയുടെയോ ആള്‍ അല്ല. കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആളുകള്‍ ബന്ധുക്കളും സുഹൃത്തുക്കളുമായുണ്ടായിരുന്നു. അതേസമയം, ജനസംഘത്തില്‍ പ്രവര്‍ത്തിച്ച കെ രാമന്‍പിള്ള ചിറ്റപ്പനായിരുന്നു. (ആദ്ധ്യാത്മിക ഗ്രന്ഥകാരനായ അച്ഛന്‍ സാധുശീലന്‍ പരമേശ്വരന്‍ പിള്ളയുടെ അനുജന്‍) ഇതിനപ്പുറത്ത് എണ്‍പതുകളില്‍ നക്‌സലൈറ്റുകളുമായി ഇടപഴകുന്നുണ്ട്. പക്ഷേ, നക്‌സല്‍ മൂവ്‌മെന്റിന്റെ ഭാഗമായി ഞാന്‍ മാറിയിട്ടില്ല. എന്റെ അടിത്തറ ഞാന്‍ തന്നെ തീരുമാനിക്കുന്നതായിരുന്നു. അതിനെ ക്രമപ്പെടുത്തിയിരുന്നത് ആത്മീയതയാണ്. ഇതുമായി ബന്ധപ്പെട്ട് പറയേണ്ടുന്ന ഒരു പേരാണ് സ്വാമി ജ്ഞാനാനന്ദ സരസ്വതി. അദ്ദേഹം എന്റെ ആത്മീയ ഗുരു ആയിരുന്നു. എനിക്കു തോന്നുന്നത് അക്കാലത്ത് തീവ്രമായ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ബഹുഭൂരിപക്ഷം പേരും എഴുതിയിരുന്നത്. എന്റേത് അത്തരം ശൈലി ആയിരുന്നില്ല. അതിന്റെ കൂടി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.
? ഷേക്‌സ്പിയറും മീന്‍കാരിയും എന്ന കഥാസമാഹാരത്തില്‍ ഞാന്‍ കുറച്ചുകൂടി പരിഗണന അര്‍ഹിക്കുന്നു എന്നു താങ്കള്‍ പറയുന്നുണ്ട്. അതിനു പിന്നില്‍ ഒരു എഴുത്തുകാരന്റെ വേദനകള്‍ കാണാവുന്നതാണ്.
കഥ/നോവലുകള്‍ എഴുതിയെങ്കിലും അവയ്ക്കു വേണ്ടത്ര സ്വീകാര്യതകള്‍ ലഭിക്കുകയുണ്ടായില്ല. വിജയകൃഷ്ണാ ഒരു കഥ/നോവല്‍ എഴുതിത്തരൂ എന്ന് ഏതെങ്കിലും പത്രാധിപരോ പ്രസിദ്ധീകരണശാലകളോ ആവശ്യപ്പെടുമ്പോഴാണ് എന്നിലെ എഴുത്തുകാരന്‍ സ്വീകരിക്കപ്പെടുന്നത്. ആദ്യകാലത്തെ പുസ്തകങ്ങള്‍ വിറ്റുപോയി എങ്കിലും അവയ്ക്ക് രണ്ടാമതൊരു പതിപ്പ് ആ കാലഘട്ടത്തില്‍ ഇറങ്ങിയില്ല. അങ്ങനെ ഇറക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല. നിരവധി പേര്‍ എന്നോടു ചലച്ചിത്ര ലേഖനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ കഥയോ നോവലോ വേണമെന്ന് ആരും പറയാറില്ല. എന്റെ പരിചയക്കാര്‍ക്കുപോലും ഞാന്‍ അവ എഴുതുമെന്ന് അറിയില്ല എന്നതാണ് വാസ്തവം. പല എഴുത്തുകാരും പുസ്തകത്തിന്റെ ആമുഖത്തില്‍ വായനക്കാരോട്, നിങ്ങള്‍ എന്റെ മുന്‍ പുസ്തകങ്ങള്‍ക്കു നല്കിയ സ്വീകരണം ഈ കൃതിക്കും നല്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് എഴുതാറുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെ എഴുതാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കു കിട്ടിയത് തിരസ്‌കാരങ്ങളാണ് അതുകൊണ്ടു തന്നെയാണ് ഞാന്‍ കുറച്ചുകൂടി പരിഗണന അര്‍ഹിക്കുന്നു എന്ന് എഴുതിയത്.
? അക്കാലത്തെ നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നവര്‍ മികച്ച എഴുത്തുകാരന്മാരാണെന്നു വായനക്കാര്‍ വിശ്വസിച്ചിരുന്നു. അത്തരത്തില്‍ പരിഗണനകള്‍ ലഭിക്കാത്തതായിരുന്നോ തിരസ്‌കാരങ്ങള്‍ക്കു പിന്നില്‍. നിരൂപകരുടെ പ്രതികരണങ്ങള്‍ നിരാശാജനകമായിരുന്നോ.
അക്കാലത്ത് നിരൂപണരംഗം ശക്തമായിരുന്നു എന്നത് വാസ്തവമായിരുന്നു. ഇപ്പോഴാകട്ടെ നിരൂപണശാഖ തീരെ ദുര്‍ബലമായി. ഏതെങ്കിലും ഒരു എഴുത്തുകാരന്‍ വരുന്നു. അയാളുടെ കുറെ വൈതാളികന്മാര്‍ കടന്നുവരുന്നു. പിന്നെ അവരുടെ വിളയാട്ടമാണ്. കൃത്യമായ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിരൂപണങ്ങള്‍ നടക്കുന്നത്. പണ്ട് അതല്ലായിരുന്നു സ്ഥിതി. വായനക്കാര്‍ക്ക് നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്ന എഴുത്തുകാരനെ വിശ്വാസമായിരുന്നു. ഇവിടുത്തെ നിരൂപകലോകം എന്നെ കാര്യമായി പരിഗണിക്കുകയുണ്ടായില്ല. പരിഗണിക്കേണ്ട ആള്‍ ആണെന്നു അവര്‍ക്കു തോന്നിക്കാണില്ല. ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതുന്ന ഒരു വ്യക്തി കഥകള്‍/നോവലുകള്‍ എഴുതുന്നത് അവര്‍ക്കു പിടിച്ചിട്ടുണ്ടാകില്ല. ഒരുപക്ഷേ. അതാകാം അവര്‍ പരിഗണിക്കാതെ പോയത്. എന്റെ ഗുരുനാഥനായിരുന്നു സാഹിത്യനിരൂപകന്‍ എം കൃഷ്ണന്‍ നായര്‍. അദ്ദേഹം എന്നെ ഒരു തലത്തില്‍ പരിഗണിച്ചിരുന്നു. അത് എന്റെ എഴുത്തു വളരെ മോശമാണ് എന്നു പറയുന്നതിനായിരുന്നു. കൃഷ്ണന്‍ നായര്‍ സാറുമായി ചില ഉരസലുകള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതികരണമായിരുന്നു അത്. നമ്മള്‍ ബര്‍ഗ്മാനെ ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍ എന്നു വിളിക്കുമ്പോള്‍ അദ്ദേഹം എഴുയിരുന്നത് ഇനിയേമാര്‍ ഏമാന്‍ എന്നായിരുന്നു. അതു തെറ്റാണെന്നു ഞാന്‍ പറഞ്ഞിട്ടും അദ്ദേഹം അതു സ്വീകരിച്ചില്ല. എന്റെ ഒരു കഥ അച്ചടിച്ചു വന്നപ്പോള്‍ അതിനെക്കുറിച്ചുള്ള നിരൂപണത്തിനായി ഒന്നര പേജ് അദ്ദേഹം മാറ്റിവെച്ചു. വളരെ മോശമായ വിശകലനവും അതിനേക്കാള്‍ മോശമായ ഭാഷയുമാണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിനുശേഷം ഒരിക്കല്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടു. എന്നെ കണ്ടതും കാണാത്ത ഭാവത്തില്‍ അദ്ദേഹം നടന്നു നീങ്ങി. പിറകേചെന്ന ഞാന്‍ അദ്ദേഹത്തോടു അങ്ങോട്ടു കയറി സംസാരിച്ചു. നിരൂപണത്തെക്കുറിച്ച് ചോദിച്ചു. അത് ഞാന്‍ മറ്റൊരു വിജയകൃഷ്ണനെക്കുറിച്ച് എഴുതിയതാ എന്നു പറഞ്ഞു. വേറെ വിജയകൃഷ്ണന്‍ ഇല്ല അതു ഞാന്‍ തന്നെയാണെന്നു എനിക്കു വ്യക്തമായിരുന്നു. അതു കഴിഞ്ഞതിനുശേഷം അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ അധികം ഉണ്ടായിട്ടില്ല.
? എം കൃഷ്ണന്‍നായരുമായി ബന്ധപ്പെട്ട് പലര്‍ക്കും പലതരം രസകരമായ അനുഭവങ്ങളാണ് പറയാനുള്ളത്.
ഞാന്‍ അദ്ദേഹത്തിന്റെ സമീപനത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. അത് അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല. പറയാനുള്ള രസകരമായ മറ്റൊരു കാര്യമുണ്ട്. സാഹിത്യവാരഫലം പോലെ സിനിമാ വാരഫലവും കൃഷ്ണന്‍നായര്‍ എഴുതിയിരുന്നു. ഐ വി ശശിയുടെയൊക്കെ ചിത്രങ്ങള്‍ എടുത്തിട്ട് ടോള്‍സ്റ്റോയിയുടെ രചനകളുമായി താരതമ്യപ്പെടുത്തുന്നതില്‍ വലിയ അനൗചിത്യമുണ്ട്. നടന്‍ ഉമ്മറിന്റെ പ്രതികരണത്തോടൂകൂടി അദ്ദേഹം സിനിമാവാരഫലം എഴുത്ത് നിര്‍ത്തി. ഉമ്മര്‍ പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു – സാഹിത്യ വാരഫലം എഴുതുന്ന കൃഷ്ണന്‍നായര്‍ ചലച്ചിത്ര വാരഫലം എഴുതുന്നതു കാണുമ്പോള്‍ മുതുകുളം രാഘവന്‍പിള്ള ബാത്തിംഗ് സ്യൂട്ട് ഇട്ടുനില്ക്കുന്നതു പോലെയാണ് തോന്നുന്നത്. ഉമ്മറിന്റെ മറുപടി ഏറ്റു. സിനിമാ വാരഫലം അതോടുകൂടി നിന്നു.
? സമീപകാലത്ത് നമ്മുടെ സാഹിത്യലോകത്ത് കണ്ടുവരുന്നത് വിവാദങ്ങള്‍ ഉണ്ടാക്കുന്ന കൃതികളും എഴുത്തുകാരും മാത്രം ശ്രദ്ധിക്കപ്പെടുന്നു. കാമ്പുള്ള രചനകള്‍ തിരസ്‌കരിക്കപ്പെടുന്നു.
അത് വളരെ തെറ്റായ ഒരു പ്രവണതയാണ്. പൊതുവില്‍ വായന കുറഞ്ഞ സമൂഹമാണ് നമ്മുടേത്. വിവാദങ്ങള്‍ക്കു പിന്നാലെ ആളുകള്‍ പോകുമ്പോള്‍ സ്വാഭാവികമായും വിവാദങ്ങളില്‍ പെടാത്ത നല്ല രചനകള്‍ തിരസ്‌കരിക്കപ്പെടുന്നു. നല്ല കൃതിയെ ചൂണ്ടിക്കാണിക്കുവാന്‍ നല്ല നിരൂപകരും ഇല്ല. മാധ്യമങ്ങളുടെ എഡിറ്റര്‍മാരും അവര്‍ക്കു വേണ്ടപ്പെട്ട എഴുത്തുകാരും ചേര്‍ന്ന് സാഹിത്യരംഗത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. മാതൃഭൂമിയില്‍ ഇപ്പോള്‍ നിരവധി ചെറുപ്പക്കാര്‍ക്ക് കഥകള്‍ എഴുതാനുള്ള അവസരങ്ങള്‍ ഉണ്ടാകുന്നു. പണ്ട് മാതൃഭൂമിയുടെ കവറില്‍ ഒരു പൊട്ട് ആയിട്ടെങ്കിലും പേര് അച്ചടിച്ചു കാണാന്‍ ആഗ്രഹിച്ചിട്ടുള്ള ഒരുപാടു പേരുണ്ട്. ഓരോ മാധ്യമങ്ങളുടെയും ലിസ്റ്റില്‍ പെടാത്ത നല്ല എഴുത്തുകാര്‍ ആരാലും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. കാമ്പുള്ള രചനകളേ കൂടുതല്‍ കാലം നിലനില്ക്കൂ. ഒരു നറുക്ക് ലഭിക്കുന്നതുപോലെ ഭാഗ്യം കിട്ടുന്ന ചില എഴുത്തുകാര്‍ പബ്ലിസിറ്റിയുടെ അങ്ങേ അറ്റത്തേയ്ക്കു എത്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.
? വര്‍ത്തമാനകാല സാഹിത്യരംഗത്ത് നിറഞ്ഞുനില്ക്കുന്ന നമ്മുടെ എഴുത്തുകാര്‍ അവര്‍ക്കു ലഭിച്ച സ്വീകാര്യതയില്‍ മതിമയങ്ങുന്ന അവസ്ഥയുണ്ട്. അവര്‍ അസഹിഷ്ണുക്കളായി പ്രതികരിക്കുന്നുമുണ്ട്.
ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് എഴുത്തുകാരെ മുന്‍നിറുത്തി ഇതിനുള്ള മറുപടി പറയാം. ഉണ്ണി ആര്‍ എന്ന ചെറുകഥാകൃത്ത് ആദ്യകാലങ്ങളില്‍ പോപ്പുലര്‍ അല്ലായിരുന്നു. പില്ക്കാലത്ത് മാതൃഭൂമിയില്‍ പണ്ട് ഞാന്‍ ആര്‍ എസ് എസ് കാരനായിരുന്നു എന്ന വെളിപ്പെടുത്തല്‍ വന്നതോടു കൂടി കൂടുതല്‍ സ്വീകാര്യനാകുന്നു. ആര്‍ എസ് എസ് വിട്ടുവന്ന ഒരാള്‍ എന്ന നിലയില്‍ ഒരു വീര പരിവേഷം ഉണ്ണിക്കു ലഭിക്കുകയും ചെയ്തു. സാഹിത്യരംഗത്തുനിന്ന് ഉണ്ണി പിന്നെ ചലച്ചിത്രരംഗത്തുമെത്തി. ഇത്തരത്തില്‍ കടന്നുവന്ന ഉണ്ണി കലാകൗമുദിയില്‍ എം രാജീവ്കുമാര്‍ ഒരു ലേഖനമെഴുതിയതിന്റെ പേരില്‍ രാജീവ് കുമാറിനെതിരെയും കലാകൗമുദിക്കെതിരെയും കേസു കൊടുക്കുന്നു. ഒടുവില്‍ കലാകൗമുദി വാരികയിലൂടെ പരസ്യമായി മാപ്പു പറയുന്നു. ഉണ്ണി എന്തിനാണ് ഇത്ര അസഹിഷ്ണുത കാട്ടുന്നത്? രാജീവ് കുമാര്‍ ഉയര്‍ത്തിയ ചില നിലപാടുകള്‍ വാസ്തവ വിരുദ്ധമാണെങ്കിലും ചില ആരോപണങ്ങള്‍ നിലനില്ക്കുന്നതാണ് അതെഴുതുവാനുള്ള സ്വാതന്ത്ര്യം രാജീവ് കുമാറിനുണ്ട്. ഇക്കണക്കിന് എം കൃഷ്ണന്‍ നായര്‍ ജീവിച്ചിരുന്നെങ്കില്‍ കോടതി കയറാനേ നേരമുണ്ടാകുമായിരുന്നുള്ളല്ലോ? എഴുത്തുകാര്‍ പൊതുവില്‍ അസഹിഷ്ണുക്കളാകാതിരിക്കേണ്ടതാണ്.
? സ്ത്രീ/ദളിത്/പരിസ്ഥിതി/ഗേ/ലെസ്ബിയന്‍/ട്രാന്‍സ്ജന്റര്‍ എന്നിങ്ങനെ കള്ളികള്‍ തിരിച്ചുള്ള എഴുത്തുകള്‍ സജീവമാണ്. മാര്‍ക്കറ്റ് നോക്കി എഴുതുക എന്ന ട്രെന്‍ഡും അതിനു പിന്നിലുണ്ട്. ഇതിനെക്കുറിച്ച് എന്തു പറയുന്നു.
മാര്‍ക്കറ്റിന് അനുസരിച്ച് എഴുതുക എന്നു പറയുമ്പോള്‍ അതിലൊരു പ്രായോഗികതയുണ്ട്. എഴുത്തുകാരന് അതിവേഗത്തില്‍ പ്രശസ്തി ലഭിക്കുന്നു. പക്ഷേ, ദീര്‍ഘ കാലയളവിലേക്ക് അത്തരം രചനകള്‍ നിലനില്ക്കണമെന്നില്ല. സ്ത്രീ/ദളിത്/പരിസ്ഥിതി/ട്രാന്‍സ് എന്നൊക്കെയുള്ള കള്ളിതിരിക്കലുകള്‍ പണ്ടു മുതലേ ഇവിടെയുണ്ട്. അത്തരം കള്ളിതിരിക്കലുകളോട് എനിക്ക് ആഭിമുഖ്യം തോന്നിയിട്ടില്ല. ഇന്നൊരു സ്ത്രീപക്ഷ കഥയെഴുതിക്കളയാം അല്ലെങ്കില്‍ ഒരു ദളിത് കഥ എഴുതിക്കളയാം എന്നു വിചാരിച്ചുകൊണ്ട് കഥയോ നോവലോ എഴുതുവാന്‍ കഴിയില്ല. നമ്മുടെ ഉള്ളിലുണ്ടാകുന്ന ആശയങ്ങളെ അതേപടി എഴുതുവാന്‍ ശ്രമിക്കുക കള്ളിയില്‍ പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ സ്വാഭാവികത നമുക്ക് നഷ്ടമാകുന്നു.
? തിരസ്‌കാരങ്ങള്‍ താങ്കളെ മാനസികമായി തളര്‍ത്തിയിരുന്നുവോ?
അത്തരത്തില്‍ തളര്‍ച്ചകള്‍ ഒന്നുമില്ല. ചെറിയ വേദനകള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ചിലപ്പോള്‍ എന്റെ ഭാഗത്തു നിന്നുള്ള തെറ്റുകള്‍ ഉണ്ടാകാം. ഞാന്‍ എഴുതിയവ ഒരുപക്ഷേ, മികച്ചവ ആയിരുന്നിരിക്കില്ല. കൃത്യമായ മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ നോക്കി ഞാന്‍ സഞ്ചരിച്ചിട്ടില്ല. അതുകൊണ്ടു കൂടിയാകാം ഞാന്‍ അവഗണിക്കപ്പെട്ടിട്ടുള്ളത്.

 

You must be logged in to post a comment Login