സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചെന്ന് നരേന്ദ്ര മോദി

അഹമ്മദാബാദ്: സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മറ്റൊരു പദ്ധതിയും പൂര്‍ത്തിയാക്കുന്നതിന് ഇത്രയധികം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകില്ലെന്ന് അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

അണക്കെട്ടിനെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി തടസപ്പെടുത്താന്‍ ശ്രമം നടന്നു. പദ്ധതി തടസപ്പെടുത്താന്‍ ശ്രമിച്ചവര്‍ എല്ലാവരെയും തനിക്ക് അറിയാമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ആരുടെയും പേര് താന്‍ പറയുന്നില്ല.

പദ്ധതിക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടാന്‍ വ്യാപക നീക്കം നടന്നു. പദ്ധതിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ലോകബാങ്ക് പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍നിന്ന് പിന്മാറി. ലോകബാങ്കിന്റെ സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും വമ്പന്‍ പദ്ധതി സ്വന്തം നിലയില്‍ പൂര്‍ത്തിയാക്കാനായി. എന്‍ജിനിയറിങ് അത്ഭുതമാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടെന്നും എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ഇതേക്കുറിച്ച് പഠിക്കണമെന്നും മോദി പറഞ്ഞു.

ജലദൗര്‍ലഭ്യമാണ് വികസനം തടസപ്പെടുത്തുന്ന പ്രധാന ഘടകം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് അണക്കെട്ടിന്റെ പ്രയോജനം ലഭിക്കും. ഗുജറാത്തില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള ബി.എസ്.എഫ് ജവാന്മാരുടെ ആവശ്യങ്ങള്‍ക്കുവരെ അണക്കെട്ടിലെ വെള്ളം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമായി അണക്കെട്ട് മാറുമെന്ന് നേരത്തെ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയെ എന്‍ജിനിയറിങ് മഹാത്ഭുതമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി അണക്കെട്ട് പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

You must be logged in to post a comment Login