സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് സുപ്രീംകോടതി

subrata-royന്യൂഡല്‍ഹി: സഹാറ കമ്പനിയുടെ വസ്തുവകകള്‍ വിറ്റഴിച്ച് നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സുപ്രീംകോടതിയുടെ നിര്‍ദേശം. സഹാറയുടെ രണ്ടു കമ്പനികള്‍ നിക്ഷേപകരില്‍ നിന്നു വാങ്ങിയ പണം പലിശസഹിതം തിരിച്ചുകൊടുക്കണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

റോഷന്‍ ലാല്‍ എന്ന സാധാരണ നിക്ഷേപകന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) നല്‍കിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകള്‍ പുറത്തു വരാന്‍ വഴിതുറന്നത്. പിന്നീട് സെബി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തി. മൂന്നു കോടി നിക്ഷേപകരില്‍ നിന്നു സമാഹരിച്ചത് 20,000 കോടി രൂപ.

വസ്തുവകകള്‍ വില്‍ക്കാനായി ഒരു ഏജന്‍സിയെ സെബി നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 40,000 കോടി രൂപയുടെ അടുത്തുവരുന്ന വസ്തുവകകളാണ് വില്‍ക്കുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജിയായിരുന്ന ബി.എന്‍. അഗര്‍വാലയുടെ മേല്‍നോട്ടത്തില്‍ വേണം മുഴുവന്‍ പ്രക്രിയയും നടത്താന്‍. മാത്രമല്ല വസ്തുവകകള്‍ വില്‍ക്കുന്നതിനെക്കുറിച്ച് സഹാറയെ കൃത്യമായി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സെബിയുടെ അനുവാദം വാങ്ങാതെ, ലക്ഷക്കണക്കിനു നിക്ഷേപകരില്‍നിന്ന് ഓഹരിയായി മാറ്റാവുന്ന കടപ്പത്രം (ഒഎഫ്‌സിഡി) വിറ്റു പണം സമാഹരിച്ചെന്നു കണ്ടതോടെയാണു സെബി ഡയറക്ടറായിരിക്കെ മലയാളിയായ ഡോ. കെ.എം. ഏബ്രഹാം 2009ല്‍ അന്വേഷണം തുടങ്ങുന്നത്. നിക്ഷേപകര്‍ ഭൂരിപക്ഷവും വ്യാജമാണെന്നും കള്ളപ്പണം പല പേരുകളില്‍ കടപ്പത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നെന്നും കണ്ടെത്തി. അവസാന തീയതി ഒരിക്കലും പ്രഖ്യാപിക്കാതെ പത്തു വര്‍ഷമായി നടന്നിരുന്ന അനധികൃത കടപ്പത്രം വില്‍പനയിലൂടെ സമാഹരിച്ചത് 24,000 കോടി രൂപയാണ്.

You must be logged in to post a comment Login