സഹാറ കോഴ വിവാദം: മോദിക്കെതിരെ തെളിവില്ലെന്ന് ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും സഹാറ ഗ്രൂപ്പ് പണം നല്‍കിയതായി തെളിവില്ലെന്ന് എടി സെറ്റില്‍മെന്റ് കമ്മിഷന്റെ നിഗമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ച് ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്റെ തീരുമാനം പുറത്തുവന്നതോടെ ഇനി സുപ്രീം കോടതി ഈ മാസം 11നു കൈക്കൊള്ളുന്ന തീരുമാനമേ അറിയാനുള്ളൂ.

പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാക്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഈ കേസില്‍ കൂടുതല്‍ വാദത്തിനോ നിരീക്ഷണത്തിനോ തയാറാകുമോ എന്നതാണ് ഇനി അവശേഷിക്കുന്ന ചോദ്യം. സഹാറ ഗ്രൂപ്പിനെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാനോ പിഴ ഈടാക്കാനോ തെളിവില്ല എന്നാണു കമ്മിഷന്‍ പറയുന്നത്. ആദായനികുതി റെയ്ഡിനിടയില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണു നേതാക്കള്‍ക്കു പണം നല്‍കിയതായി കണ്ടെത്തിയത്.

ഇക്കൂട്ടത്തില്‍ അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. ഇതോടൊപ്പം ബിര്‍ള ഗ്രൂപ്പില്‍ നിന്നും മോദി പണം കൈപ്പറ്റിയിരുന്നു എന്നാണ് ആരോപണം. 14 രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട നൂറോളം നേതാക്കള്‍ക്കു പണം നല്‍കിയതിന്റെ വിവരങ്ങളാണു സഹാറയില്‍ നിന്നു പിടിച്ചെടുത്തത്. എന്നാല്‍ സഹാറ നല്‍കിയ വിശദീകരണം ഇത് ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു ഉദ്യോഗസ്ഥനെ കുരുക്കാനായി എഴുതിയുണ്ടാക്കിയ രേഖയാണെന്നായിരുന്നു.

കമ്മിഷന്‍ ഈ വിശദീകരണം അംഗീകരിച്ചു എന്നാണ് ഉത്തരവില്‍ നിന്നു വ്യക്തമാകുന്നത്. കമ്മിഷന്‍ സാധാരണ ഇത്തരം ഒരന്വേഷണം പൂര്‍ത്തിയാക്കാന്‍ 10 മുതല്‍ 12 മാസം വരെ സമയമെടുക്കുമെന്നു രാഹുല്‍ ഗാന്ധി ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സഹാറയുടെ കാര്യത്തില്‍ അവര്‍ തിരക്കിട്ടു തീരുമാനമെടുത്തിരിക്കുകയാണ്. എന്തിനാണു തിടുക്കമെന്ന് രാഹുല്‍ ചോദിക്കുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിന് ഉത്തരവിടാന്‍ വേണ്ട എല്ലാ രേഖകളും സമര്‍പ്പിച്ചുവെന്നാണു സുപ്രീം കോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചത്.

You must be logged in to post a comment Login