സഹീര്‍ഖാന്‍ ഇത്തവണ ഐപിഎല്‍ കളിക്കാനില്ല, ഏറ്റെടുക്കുന്നത് പുതിയ ദൗത്യം

 

ഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ സഹീര്‍ ഖാന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകനായിരുന്ന താരം ഇപ്രാവശ്യവും ഐപിഎല്ലിനുണ്ടാവും. പക്ഷേ, കളികാരനായല്ലെന്ന് മാത്രം.

കമന്ററി ബോക്‌സിലാകും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സഹീര്‍ ഖാനെ കാണാന്‍ കഴിയുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചില ടീമുകളില്‍ നിന്ന് പരിശീലകനാകാന്‍ ഓഫറുകളുണ്ടായിരുന്നെങ്കിലും അവയെ മറികടന്ന് കമന്റേറ്ററാവാന്‍ സഹീര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമല്ല ഈ മുപ്പത്തിയൊന്‍പതുകാരന്‍ കമന്റേറ്ററാവാന്‍ ഒരുങ്ങുന്നത്. 2017 ല്‍ ഇന്ത്യന്‍ ടീമിന്റെ നാട്ടിലെ പരമ്പരകള്‍ക്ക് കളി പറയാനുണ്ടായിരുന്ന സഹീര്‍, ടീമിന്റെ വെസ്റ്റിന്‍ഡീസ്, ശ്രീലങ്കന്‍ പര്യടനങ്ങളിലും കമന്റേറ്ററായുണ്ടായിരുന്നു

ഐപിഎല്ലില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത സഹീര്‍, ഈ വര്‍ഷവും ടൂര്‍ണമെന്റിനുണ്ടാവുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും മറിച്ച് സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയുടെ നായകനും ബൗളിംഗ് കോച്ചുമായിരുന്ന സഹീര്‍ ഖാന്‍ 2014 ലാണ് അവസാനമായി ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചത്.

You must be logged in to post a comment Login