‘സഹോദരന്‍’ യോഗേന്ദ്ര യാദവിന്റെ അറസ്റ്റ് സ്വേച്ഛാധിപത്യപരമെന്ന് കമല്‍ഹാസന്‍

ചെന്നൈ: എഎപി മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ തമിഴ്‌നാട്ടില്‍ തടങ്കലില്‍ വച്ച നടപടിയെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ രംഗത്ത്. യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടി സ്വേച്ഛാധിപത്യപരമാണെന്നും അതു വിമര്‍ശിക്കപ്പെടുകയും അപലപിക്കേണ്ടതുമാണെന്നും കമല്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നതില്‍ നിന്ന് തടയുന്ന നടപടിയാണിത്. ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും കമല്‍ഹാസന് വാര്‍ത്താകുറിപ്പില്‍ കമല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യോഗേന്ദ്ര യാദവിനെ ‘സഹോദരന്‍’ എന്നാണ് കമല്‍ വിശേഷിപ്പിച്ചത്. നമ്മുടെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാനാണ് ‘മറ്റൊരു സംസ്ഥാനത്തുനിന്നുള്ള രാഷ്ട്രീയക്കാരന്‍’ എത്തിയതെന്നും പറഞ്ഞു.

സമരക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് എത്തിയ തന്നെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ഫോണ്‍ പിടിച്ചെടുത്തെന്നുമാണു യോഗേന്ദ്ര യാദവ് അറിയിച്ചത്. സേലം – ചെന്നൈ എട്ടുവരി അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും ദിവസങ്ങളായി സമരം ചെയ്തുവരികയാണ്. കമല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ സമരക്കാര്‍ക്കു പിന്തുണ അറിയിച്ചിരുന്നു.

You must be logged in to post a comment Login