സഹോദരന് ഒപ്പമെത്താന്‍ ഇനിയെത്ര ശതാബ്ദികള്‍?

  • എന്‍.കെ. ബിജു

article

സാഹോദര്യം എന്ന ആശയം സമൂഹത്തില്‍ വലിയ കുറ്റമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്താണ് സഹോദരന്‍ എന്ന നാമം നാടിനെയാകെ ഇളക്കിമറിച്ച ഒരു പ്രസ്ഥാനത്തെയും അതിന്റെ നായകനെയും പ്രതിനിധാനം ചെയ്തുകൊണ്ട് ജനമനസ്സുകളില്‍ വളര്‍ന്നത്.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”

മനുഷ്യ സാഹോദര്യത്തിന്റെ പ്രാധാന്യം വിളംബരം ചെയ്തുകൊണ്ട് അരുവിപ്പുറം ക്ഷേത്ര സമീപത്ത് ശ്രീനാരായണഗുരു എഴുതിവെച്ച ഈ വിഖ്യാത വചനം കേരളനവോത്ഥാനത്തിന്റെ അടിസ്ഥാന ആദര്‍ശമായി വര്‍ത്തിച്ചപ്പോള്‍, അതിന്റെ ഏറ്റവും നല്ല പ്രയോക്താവായി ഉയരാന്‍ കഴിഞ്ഞത് ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യന്‍മാരില്‍ ഏറ്റവും വാത്സല്യഭാജനമായിരുന്ന സഹോദരന്‍ അയ്യപ്പനാണ്.
”ജാതിക്കെതിരെ പ്രസംഗിച്ചാല്‍ മാത്രം മതിയോ, ജാതിയില്ലാതാക്കാന്‍ എന്തെങ്കിലും ചെയ്യണ്ടയോ ? ജാതി നശിക്കണം… അയ്യപ്പാ ജാതി നശിക്കണം..”

1917ല്‍ ബിഎ പരീക്ഷയ്ക്കു ശേഷം ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച അയ്യപ്പനോട് ഗുരു പറഞ്ഞതാണിത്. 1916ല്‍ പ്രൂബുദ്ധകേരളം പത്രത്തില്‍ പരസ്യത്തിലൂടെ ”നമുക്ക് ജാതിയും മതവുമില്ല” എന്ന വിളംബരം നടത്തി ജാതി-മതങ്ങള്‍ സംബന്ധിച്ച് തന്റെ നിലപാട് അസന്നിഗ്ദ്ധമായി ഗുരു വ്യക്തമാക്കുകയും എസ്എന്‍ഡിപി യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് യോഗത്തോട് വിടവാങ്ങല്‍ പ്രഖ്യാപിക്കുകയും ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞാണിത് എന്ന് പ്രത്യേകം ഓര്‍ക്കണം.

അയ്യപ്പനുമായി ഗുരു നടത്തിയ ചര്‍ച്ചകളിലൊക്കെ ഗുരു പറയാറുള്ള കാര്യമായിരുന്നു അത്. പ്രവര്‍ത്തിയിലില്ലാത്ത ആദര്‍ശങ്ങളില്‍ കാര്യമില്ല എന്ന് മനസ്സിലാക്കിയ 28കാരനായ അയ്യപ്പന്‍ എന്ന യുവാവ്, ജാതിക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഒരു പുതിയ സമരമുഖം സൃഷ്ടിക്കാന്‍ തീരുമാനമെടുത്തു. കടുത്ത ഇച്ഛാശക്തിയോടെയുള്ള ആ തീരുമാനത്തിന്റെ ഫലമായിരുന്നു കേരളക്കരയെ കിടിലം കൊള്ളിച്ച മിശ്രഭോജനം. 1917 മെയ് 29ന് ചെറായിയിലെ ഒരു വീടിന്റെ വരാന്തയില്‍ കൂടിയ ഒരു യോഗത്തില്‍ പത്തു ചെറുപ്പക്കാര്‍ ഒരു സത്യപ്രതിജ്ഞ എഴുതി ഒപ്പിട്ടു. ”ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവുമാണെന്ന് എനിക്ക് ദൃഢബോധം വന്നിരിക്കുന്നതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരുദ്ധമല്ലാത്ത വിധം എന്നെക്കൊണ്ട് കഴിയുന്നതൊക്കെ മനപ്പൂര്‍വ്വം പ്രവര്‍ത്തിക്കാമെന്ന് ഞാന്‍ പൂര്‍ണ മനസാലെ സത്യം ചെയ്തുകൊള്ളുന്നു.” എന്നായിരുന്നു പ്രതിജ്ഞ. യോഗത്തിനുശേഷം ഒരു മിശ്രഭോജനം നടക്കുന്നതാണെന്നും പൂര്‍ണ്ണമനസുള്ളവര്‍ക്ക് പങ്കെടുക്കാമെന്നും അയ്യപ്പന്‍ പറഞ്ഞു. മൂന്നു മണിക്ക് ആരംഭിച്ച് ആറുമണിക്ക് യോഗം പിരിഞ്ഞു. പള്ളിപ്പുറത്തുകാരന്‍ അയ്യര് എന്നുപേരുള്ള ഒരു പുലയക്കുട്ടിയെക്കൊണ്ട് കുറച്ചു പായസം ഇലയില്‍ വിളമ്പി പത്തു പേര്‍ കഴിച്ചു. ഇതാണ് പത്തു വര്‍ഷക്കാലത്തോളം ആ ചെറുപ്പക്കാരെ പേപ്പട്ടിയെപ്പോലെ വേട്ടയാടാന്‍ ഇടയാക്കിയ ‘ഭീകര’ സംഭവം.

ചെറായിയിലെ ഈഴവരുടെ സംഘടനയായിരുന്ന ‘വിജ്ഞാന വര്‍ദ്ധിനി സഭ’ മിശ്രഭോജനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും അവരുമായി ബന്ധം പുലര്‍ത്തിയവരെയും ഭ്രഷ്ട് കല്‍പ്പിച്ച് ഒറ്റപ്പെടുത്തി, ചിലര്‍ ചാണകം വിഴുങ്ങിയും, പഞ്ചഗവ്യം (പശുവിന്‍പാല്‍, പശുവിന്‍ മൂത്രം, ചാണകം, തൈര്, നെയ്) സേവിച്ചും സ്വയം ‘ശുദ്ധീകരിച്ചു’. സമുദായഭ്രഷ്ട് ഇന്ന് സങ്കല്പിക്കാനാവാത്ത വിധം ആളുകളെ ഒറ്റപ്പെടുത്തി. അവര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതി സൃഷ്ടിക്കുന്ന ഏര്‍പ്പാടായിരുന്നു അത്. ഭ്രഷ്ട് കല്‍പിക്കപ്പെടുന്നവരുടെ വീട്ടുകാരോട് ആരും സഹകരിക്കുകയില്ല. കുടിവെള്ളം, തീയ് എന്നിവ വിലക്കപ്പെടും. മണ്ണാത്തി മാറ്റ് കൊടുക്കില്ല, വീട് ഓല മേയാന്‍ സഹകരിക്കില്ല, ക്ഷുരകവൃത്തിയും പൗരോഹിത്യവും അവര്‍ക്ക് ലഭിക്കില്ല. എല്ലാറ്റിനുമുപരി ആ വീടുകളിലുള്ളവര്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റില്ല. ഭ്രഷ്ടായ വീടുകളില്‍ നിന്നും വിവാഹം ചെയ്തയച്ച സ്ത്രീകളെ തിരിച്ചയച്ചു. വിവാഹം ചെയ്തുകൊണ്ടുവന്ന സ്ത്രീകളെ തിരിച്ചുകൊണ്ടുപോയി. ഭ്രഷ്ടിന്റെ പേരില്‍ കുടുംബങ്ങള്‍ തകര്‍ന്നു. ഭാര്യാഭര്‍തൃബന്ധങ്ങള്‍ തകര്‍ന്നു. അങ്ങനെ വിവരണാതീതമായ പ്രശ്‌നങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു.

മിശ്രഭോജനം നടത്തിയ അന്നു തന്നെ രാത്രി അയ്യപ്പന്‍ ആലുവയാലെത്തി ശ്രീനാരായണഗുരിവനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. എല്ലാം കേട്ടതിനുശേഷം ഗുരു പ്രതിവചിച്ചു: ”സംഘം വളരും. ക്രിസ്തുവിനെപ്പോലെ പെരുമാറണം” മിശ്രഭോജനം പുരോഗമന ചിന്താഗതിക്കാരില്‍ പോലും, വലിയ എടുത്തുചാട്ടവും സാഹസികവുമായിപ്പോയി എന്ന വിലയിരുത്തല്‍ ഉണ്ടാക്കി. ”ആദര്‍ശത്തിന്റെ കൊടുമുടിയില്‍ നിന്നും പ്രവര്‍ത്തി ലോകത്തിലേക്ക് കീഴ്ക്കാം തൂക്കായി ചാടുന്ന അയ്യപ്പനെപ്പോലുള്ളവരുടെ സാഹസികതയേയും അതിന്റെ പേരില്‍ പുരോഗമന ചിന്താഗതിക്കാരായ ഈ യുവാക്കളെ സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പിക്കുന്ന വിജ്ഞാന വര്‍ദ്ധിനി സഭക്കാരുടെ നടപടികളേയും എതിര്‍ക്കേണ്ടതാണ്” എന്നായിരുന്നു മഹാകവി കമാരനാശാന്റെ പ്രതികരണം.

എന്നാല്‍ മിതവാദി സി. കൃഷ്ണന്‍, എം. ഗോവിന്ദന്‍ ജഡ്ജി എന്നിവര്‍ പരസ്യമായി മിശ്രഭോജന പ്രസ്ഥാനത്തെ പിന്തുണച്ചപ്പോള്‍, ചെറായിയിലെ ഈഴവരില്‍ മിക്കവരും അയ്യപ്പനെതിരെ പ്രവര്‍ത്തിച്ചു. എല്ലാ ദ്രോഹങ്ങളും ചെയ്തു. വിവാദം ശക്തമായപ്പോള്‍ അയ്യപ്പന്‍ വീണ്ടും ഗുരുവിനെ സന്ദര്‍ശിച്ച് സ്വാമിയുടെ കൈപ്പടയില്‍ മിശ്രഭോജനത്തെ സംബന്ധിച്ച് ഒരു സന്ദേശം എഴുതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഗുരു ഒരു സന്ദേശം എഴുതി നല്‍കി.

”മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ യാതൊരു ദോഷവുമില്ല – നാരായണഗുരു” ആ മഹാസന്ദേശത്തിന്റെ മാസ്മരികതയില്‍ വിവാദം പുറമേക്ക് അല്പം തണുത്തുവെങ്കിലും ഭ്രഷ്ട് പിന്‍വലിക്കപ്പെട്ടില്ല. പത്ത് വര്‍ഷക്കാലം ഘോരമായ ഭ്രഷ്ടിനെ ആ വിപ്ലവകാരികള്‍ക്ക് നേരിടേണ്ടിവന്നു. വളരെ ക്ലേശകരമായ ഒരു സമരമാണ് സഹോദരസംഘം പ്രവര്‍ത്തകര്‍ നയിച്ചത്. ചന്തകളിലും കവലകളിലും ഒറ്റയ്ക്കും കൂട്ടമായും ചെന്ന് ഒരു വീഞ്ഞപ്പെട്ടിയുടെ മുകളില്‍ കയറി നിന്ന് സംഘത്തിന്റെ സന്ദേശം പ്രസംഗിക്കും. ആളുകള്‍ കൂവിവിളിക്കുകയും പരിഹസിക്കുകയും മറ്റും ചെയ്താലും പിന്‍മാറുകയില്ല. യോഗങ്ങള്‍ക്കുനേരെ കടുത്ത ആക്രമണങ്ങള്‍ ഉണ്ടായി. സഹോദരനയ്യപ്പനുനേരെ പലതവണ വധശ്രമവും ഉണ്ടായി.

യോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തലയില്‍ കശുവണ്ടിയുടെ കറ ഒഴിക്കുക, നായ്ക്കുരണപൊടി വിതറി വെള്ളം ഒഴിക്കുക, പുളിയുറുമ്പിന്റെ കൂട് തലയില്‍ കുടയുകയും കിരീടമുണ്ടാക്കി വയ്ക്കുക, ചൊറിയണം കൊണ്ടുള്ള മാല കഴുത്തില്‍ അണിയിക്കുക തുടങ്ങി എത്രയോ ദ്രോഹങ്ങളാണ് ചെറായിലെ ഈഴവര്‍ സ്വസമുദായത്തിലെ ആ മഹാത്മാവിനോട് അന്ന് ചെയ്തത്. അപാരമായ ക്ഷമയോടെയും ധീരതയോടെയും അദ്ദേഹം അതൊക്കെ നേരിട്ടു.

ഇന്ന് കേരള സമൂഹത്തില്‍ നടക്കുന്ന നവോത്ഥാന ചര്‍ച്ചകള്‍ പലതും കേവലം സവര്‍ണ്ണ വിരോധം വളര്‍ത്തുന്ന പ്രബോധനങ്ങള്‍ മാത്രമാണ്. ജാതി വ്യവസ്ഥയുടെ താഴെത്തട്ടുകളില്‍ അവര്‍ണ്ണര്‍ക്കിടിയില്‍ നിലനിന്നിരുന്ന മനുഷ്യത്വഹീനമായ അനാചാരങ്ങള്‍ ആരുംതന്നെ ഓര്‍മ്മിക്കാറില്ല. ഇവ ചര്‍ച്ച ചെയ്യപ്പെടാറുമില്ല. തീര്‍ച്ചയായും ബ്രാഹ്മണ മേധാവിത്തപരമായ ജാതി വ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. പക്ഷേ ആ വ്യവസ്ഥിതിയെ പരിപാലിച്ചു നിര്‍ത്തുന്നതില്‍ ജാതി വ്യവസ്ഥയിലെ എല്ലാതട്ടുകളും വലിയ പങ്ക് വഹിച്ചുട്ടുണ്ട്.

ജാതി ശ്രേണിയില്‍ ഓരോ വിഭാഗവും അവരുടെ താഴെ തട്ടിലുള്ള ജനവിഭാഗങ്ങളോടു അനുവര്‍ത്തിച്ചിരുന്ന മനോഭാവം, ബ്രാഹ്മണര്‍ മറ്റുള്ളവരോട് പുലര്‍ത്തിപ്പോന്ന അതേ മനോഭാവം തന്നെയായിരുന്നു. നിലനിന്നിരുന്ന ജാത്യാചാരങ്ങള്‍ എല്ലാ മനുഷ്യരേയും അപമാനിക്കുകയും ദ്രോഹിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്നുവെങ്കിലും അവ ജീവല്‍പ്രധാനമായി എല്ലാവരും പാലിക്കേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു.
ഓരോ ജന്‍മവും ദൈവനിശ്ചയമാണെന്നും ജനിച്ച ജാതി ഏതായാലും ആ ജാതിക്ക് നിശ്ചയിക്കപ്പെട്ട ആചാരങ്ങള്‍ പാലിക്കേണ്ടത് ദൈവഹിതമാണെന്നും പൂര്‍വ്വജന്‍മകര്‍മ്മങ്ങളുടെ ഫലമാണെന്നും ജാത്യാചാരങ്ങളെ ലംഘിക്കുന്നത് ദൈവനിഷേധമാണെന്നും ഏവരും വിശ്വസിച്ചിരുന്നു. ആ വിശ്വാസമായിരുന്നു ആ വ്യവസ്ഥിതിയെ ഉറപ്പിച്ചുനിര്‍ത്തിയിരുന്നത്.

അതുകൊണ്ട് മാറ്റത്തിന്റെ തിരിതെളിയിക്കുവാന്‍ ശ്രമിച്ച നവോത്ഥാന നായകന്‍മാരെല്ലാം അവരുടെ പ്രവര്‍ത്തനകാലത്ത് സ്വസമുദായങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകളെ നേരിട്ടു. ഉപരിവിഭാഗങ്ങള്‍ക്കെതിരെ നടത്തിയിരുന്നതിനുതുല്യമായ പ്രക്ഷോഭം അവരവരുടെ സമുദായങ്ങള്‍ക്കുള്ളിലും നടത്തിയിരുന്നതായി കാണാന്‍ കഴിയും. ആ കാലഘട്ടത്തില്‍ സഹോദരന്‍ അയ്യപ്പന്റെ സമരചരിത്രം അതില്‍ എടുത്തു പറയേണ്ട നല്ല ഉദാഹരണമാണ്.

കാലം മുന്നേറിയപ്പോള്‍ ”സഹോദരസംഘം” വളര്‍ന്നു. ”വിജ്ഞാനവര്‍ദ്ധിനി സഭ” തളര്‍ന്നു. സഹോദരന്‍ അയ്യപ്പന്‍ എന്ന നാമം കാലത്തെ അതിജീവിച്ച് ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് കൊച്ചി രാജാവിന്റെ വീരശൃഖലയും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെവക റാവു സാഹബ് ബഹുമതിയും ലഭിച്ചുകഴിഞ്ഞപ്പോള്‍, ഒരിക്കല്‍ ഏറ്റവും വെറുപ്പോടെ സമുദായ ഭ്രഷ്ട് കല്‍പ്പിച്ച വിജ്ഞാന വര്‍ദ്ധിനിസഭ സഹോദരന്‍ അയ്യപ്പന് ഒരു മംഗളപത്രം നല്‍കി ആദരിച്ചു. സാമാന്യം ദീര്‍ഘമായ ആ അനുമോദന കുറിപ്പ് ആരംഭിക്കുന്നത് ഇപ്രകാരമാണ്. ”ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, കേരളത്തിലെ മതപരവും സാമുദായികവുമായ അനീതികളുടെ നേര്‍ക്കുള്ള ഏറ്റവും ശക്തിയേറിയ സമരാഹ്വാനം ഞങ്ങളുടെ നാട്ടില്‍നിന്നാണ് ഉത്ഭവിച്ചതെന്ന്. ഞങ്ങള്‍ക്ക് അഭിമാനമുണ്ട് ഞങ്ങളോട് ഒന്നിച്ച് കളിച്ചും പഠിച്ചും വളര്‍ന്ന അങ്ങയില്‍നിന്നാണ് ഈ സമരകാഹളം മുഴങ്ങിയതെന്ന്…”

കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന മഹത്തുക്കള്‍ക്ക് പിന്നാലെ കാലവും ചരിത്രവും ഓടിയണയുമെന്നാണ് ഇത് തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പത്രമായിരുന്ന സഹോദരന്‍-ല്‍ അദ്ദേഹം എഴുതി: ”സഹോദരരേ, ഇന്ത്യയുടെ വിശേഷിച്ച് കേരളത്തിന്റെ അഭിവൃദ്ധിക്കെല്ലാം തടസ്സമായി നില്‍ക്കുന്ന ജാതി ഇല്ലാതാക്കുക. അതിന് നിങ്ങള്‍ നിങ്ങളുടെ മേലേയുള്ളവരെന്ന് പറയുന്നവരോട് ചേരാനല്ല, താഴെയുള്ളവരെന്ന് പറയുന്നവരെ നിങ്ങളോട് ചേര്‍ക്കാനാണ് പ്രധാനമായി നോക്കേണ്ടത്…’ നൂറു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാലം നമ്മോട് ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്.
ജാതി-മതം-ദേശം-വംശം ഇവയുടെ പേരിലൂള്ള ഭ്രാന്ത് മുന്‍പ് എന്നത്തേക്കാളും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഇന്ന് സഹോദരന്‍ അയ്യപ്പന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും അത്ഭുതകരമാം വിധം പ്രസക്തമായിരിക്കുന്നു.

അദ്ദേഹത്തിന്റെ സമരശൈലിയും പാഠങ്ങളും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് ഇന്നത്തെ പ്രതിസന്ധിയെ മറികടക്കാന്‍ ആവശ്യമാണ്. സഹോദരന്‍ പറഞ്ഞതും ശ്രീനാരായണഗുരു ആഹ്‌ളാദപൂര്‍വ്വം സ്വീകരിച്ചതുമായ ആ വാക്കുകള്‍ നാം വീണ്ടും വീണ്ടും സ്മരിക്കുക… ”ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന്. വേണം ധര്‍മ്മം, വേണം ധര്‍മ്മം, വേണം ധര്‍മ്മം യഥോചിതം.”

You must be logged in to post a comment Login