സാംസങിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനത്ത് റെയ്ഡ്

samsung

സിയൂള്‍: സ്മാര്‍ട്‌ഫോണുകളുടെയും,ടിവികളുടെയും,മെമ്മറി ചിപ്പുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളിലൊരാളായ സാംസംങിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനത്ത് റെയ്ഡ്.ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുങ്ഹീയുടെ വിശ്വസ്തയായ ചോയി സൂണ്‍സിലുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് നടത്തിയത്.റെയ്ഡ് നടന്ന വിവരം കമ്പനി സ്ഥിരീകരിച്ചു.

ചോയിയുടെ ഉടമസ്ഥതയിലുള്ള ജര്‍മനിയിലെ കമ്പനിയിലേക്ക് അനധികൃതമായി 31ലക്ഷം ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണു കേസ്. അതേസമയം ഗാലക്‌സി നോട്ട് 7 സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സാംസംങിന് ഈ റെയ്ഡ് തിരിച്ചടിയായി.

ഭരണത്തില്‍ ചോയി അനധികൃതമായി ഇടപെടുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്‌തെന്നാണ് ആരോപണം. അഴിമതിക്കേസില്‍ ചോയിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തിവരികയാണ്.ഭരണകാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേ ചോയി സംഭവം പാര്‍ക്കിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം തുടങ്ങി. പുതിയ പ്രധാനമന്ത്രിയെ നിയമിച്ച്് മന്ത്രിസഭ പാര്‍ക്ക് അഴിച്ചുപണിതെങ്കിലും പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താനായില്ല.

You must be logged in to post a comment Login