സാന്റാ അന്നാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു.
ഭരണങ്ങാനത്തെ ക്ലാര മഠത്തില്‍ ആത്മീയ വിശുദ്ധിയുടെ അഗ്‌നിനാളമായി പ്രാര്‍ത്ഥനയോടെ ജീവിച്ച് തന്റെ നാഥന്റെ സാന്നിധ്യത്തിലേക്ക് മടങ്ങിയ അല്‍ഫോന്‍സാമ്മയെന്ന കന്യാരത്‌നത്തിന്റെ ജീവിതം നമുക്ക് മാതൃകയാകണമെന്നും, സഹന ജീവിതത്തിലൂടെ വിശുദ്ധിയുടെ കിരീടം ചൂടിയ വിശുദ്ധയുടെ പാത പിന്തുടരണമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ ഇമ്മാനുവേലച്ചന്‍ ഉത്‌ബോധിപ്പിച്ചു.

image.php

വി. കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞും തുടര്‍ന്ന് വിശുദ്ധയുടെ രൂപം വഹിച്ച് പൊന്നിന്‍ കുരിശും മുത്തുക്കുടകളുമായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം അത്യാകര്‍ഷകമായി.

ജോസ് ദേവസി നയിച്ച ഇടവക ഗായകസംഘാംഗങ്ങളുടെ ഭക്തിസാന്ദ്രമായ ഗാനങ്ങളും ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളങ്ങളും തിരുനാളിനു മോടി പകര്‍ന്നു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സാന്റാ അന്നാ ഇടവകയ്ക്ക് സമ്മാനിച്ച അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് തൊട്ടുവണങ്ങി നേര്‍ച്ചയപ്പം സ്വീകരിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ഗായകസംഘാംഗങ്ങള്‍ വിശുദ്ധയുടെ സ്തുതിഗീതങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നുമുണ്ടായിരുന്നു. ഇടവകാംഗങ്ങളായ നാല് കുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.

ജോവി തുണ്ടിയിലും അള്‍ത്താര ശുശ്രൂഷികളും ചേര്‍ന്ന് വിശുദ്ധയുടെ രൂപവും അള്‍ത്താരയും അലങ്കരിച്ചു. കൈക്കാരന്മാരായ ആനന്ദ് കുഴിമറ്റത്തില്‍, ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ എന്നിവരോടൊപ്പം ഇടവകാംഗങ്ങള്‍ ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

 

 

You must be logged in to post a comment Login