സാമൂഹ്യനന്‍മയുടെ സന്ദേശവുമായി യുവമാന്ത്രികന്‍

ഡോ. അമാനുല്ല വടക്കാങ്ങര


കലയുടെ സാമൂഹിക ധര്‍മം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളിലൂടെ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മാന്ത്രികനാണ് ശ്രീജിത്ത് വിയ്യൂര്‍. ഒരു അധ്യാപകന്‍ എന്ന നിലക്കും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന രീതിയിലുമൊക്കെ മാന്ത്രിക വിദ്യയെ കേവലം വിനോദമെന്നതിലുപരി വിജ്ഞാനവും നന്‍മകളും കോര്‍ത്തിണക്കി പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയാക്കുന്നതിനള്ള പ്രായോഗിക പരീക്ഷണങ്ങളാണ് യുവമാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂരിനെ ശ്രദ്ധേയനാക്കുന്നത്. നീണ്ട പരിശ്രമങ്ങളിലൂടെ മായാജാലങ്ങള്‍ ആവിഷ്‌ക്കരിച്ച് ഏവരേയും വിസ്മയിപ്പിക്കുന്നതോടൊപ്പം വൈകാരികമായും ചിന്താപരമായും ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാന്‍ ഈ കലാരൂപത്തിന് കഴിയുമെന്ന തിരിച്ചറിവാണ് ശ്രീജിത്തിനെ കലയുടെ വിശാലമായ പരിസരങ്ങള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കുന്നത്. ശ്രീജിത്തിന്റെ ഓരോ ഇന്ദ്രജാലപ്രകടനവും സന്ദേശപ്രധാനവും ചിന്തയെതൊട്ടുണര്‍ത്തുന്നതുമാണ്. മായാജാല രംഗത്ത് വ്യതിരിക്തമായ പാതയിലൂടെ മുന്നേറുന്ന അദ്ദേഹം സാമൂഹ്യ പരിവര്‍ത്തനത്തിന് ഈ കലയും സംവിധാനവും കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്ന് പ്രായോഗികമായി തെളിയിക്കുകയാണ്. നിരന്തരമായ പരിശീലനവും ശ്രദ്ധയുമുള്ള ആര്‍ക്കും പഠിക്കാവുന്ന ഒരു കലയാണ് മാജിക്ക് എന്നാണ് ശ്രീജിത്ത് വിലയിരുത്തുന്നത്. ഇതിനെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രീയാടിത്തറയുള്ള ഒരു കലാരൂപമായി പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് താന്‍ ഏറ്റെടുത്തിരിക്കുന്നത്.
വാഴക്കുന്നന്‍ നമ്പൂതിരിയുടെ ശിഷ്യനായ ശ്രീധരന്‍ വിയ്യൂരിന്റെ മകനായതിനാല്‍ താന്‍ മാന്ത്രികലോകത്ത് ജനിച്ച് വീഴുകയായിരുന്നുവെന്നും ഇന്നും പുതിയ നമ്പറുകളെക്കുറിച്ചും കൂടുതല്‍ ജനങ്ങളെ വിസ്മയിപ്പിക്കുന്നതിനെകുറിച്ചുമാണ് താന്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്ത്രികന്റെ കിനാവും ഭാവനയുമാണ് മാജിക്. അതിന്റെ ചക്രവാളങ്ങള്‍ അനുദിനം വികസിച്ച് കൊണ്ടേയിരിക്കും. പക്ഷേ ആത്യന്തികമായി ഈ കലാരൂപത്തെ ജനോപകാരപ്രദമായ നിലയില്‍ എങ്ങനെ വിനിയോഗിക്കാം എന്നതാണ് അടിസ്ഥാന പ്രശ്നം. കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ ഇന്ദജാലത്തിന്റെ പ്രസക്തി പ്രായോഗികമായി തെളിയിച്ച ശ്രീജിത്തിന്റെ മാന്ത്രിക പാത ഏറെ പ്രതീക്ഷ പകരുന്നതാണ്.

യൗവനാരംഭത്തിലേ പിതാവിന്റെ പിമ്പലത്തോടെ മായാജാലത്തിന്റെ മാസ്മരിക ലോകത്തേക്ക് കടന്നുവന്ന ശ്രീജിത്തിന്റെ ഓരോ മായാജാല പ്രകടനവും സാമൂഹ്യ നന്‍മയും പുരോഗതിയും ലക്ഷ്യംവെച്ചുള്ളതായിരുന്നു എന്നത് പ്രത്യേകം ഏടുത്ത് പറയേണ്ടതാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ തന്റെ കലാപരമായ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തിയ അദ്ദേഹം ലോകസമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും പരിശ്രമിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെന്നല്ല എല്ലാ സാമൂഹ്യ തിന്‍മകള്‍ക്കെതിലും തന്റെ കലാവൈഭവം ഉപയോഗപ്പെടുത്തി മനുഷ്യ സ്നേഹത്തിന്റേയും മത മൈത്രിയുടെയും സന്ദേശമുയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ ഓരോ പരിപാടിയും കലയുടെ സാമൂഹ്യ ധര്‍മത്തിന്റെയും കലാകാരന്റെ അര്‍പ്പണബോധത്തിന്റേയും നിദര്‍ശകങ്ങളാകാം. സമകാലികലോകത്ത് കലയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മുതിയ മാനങ്ങളാണ് ഈ ചെറുപ്പക്കാരന്‍ അടയാളപ്പെടുത്തുന്നത്.

മാജിക് ഒരു ശാസ്ത്രീയാടിത്തറയുള്ള കലയാണെന്ന് ബോധ്യപ്പെടുത്തുകയും കൂടുതല്‍ പേരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൊയിലാണ്ടിയില്‍ മാജിക് അക്കാദമി തുടങ്ങി പരിശീലനം തുടങ്ങിയത്. മാന്ത്രികന്‍ എന്നതിനപ്പുറം സാമൂഹ്യ പ്രതിജ്ഞാബദ്ധതയുള്ള മനുഷ്യ സ്നേഹിയായ കലാകാരന്‍ എന്നതാണ് ശ്രീജിത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ദ്രജാലം എന്ന കലാരൂപത്തെ മാനവരാശിയുടെ നന്‍മക്കായി പ്രയോജനപ്പെടുത്താവുന്ന ഒരു രംഗവും ശ്രീജിത്ത് ബാക്കിവെക്കാറില്ല. മദ്യപാനം, പുകവലി, അഴിമതി, വര്‍ഗീയത, ഭീകരവാദം, എയിഡ്സ് ബോധവല്‍ക്കരണം, സാക്ഷരതാ യജ്ഞം, പരിസ്ഥിതി സംരക്ഷണം, കംപ്യൂട്ടര്‍ സാക്ഷരത, മനോരോഗികള്‍ക്കായുള്ള പ്രത്യേക പരിപാടി തുടങ്ങി വ്യതിരിക്തമായ വഴികളിലൂടൊണ് ഈ യുവ അധ്യാപകന്‍ സഞ്ചരിക്കുന്നത്. ഇംഗ്ളീഷ് അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീജിത്ത് അധ്യാപകര്‍ക്കായി ആവിഷ്‌ക്കരിച്ച പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

അറബി നാടുകള്‍ക്ക് അത്ഭുതങ്ങളുടെ കലവറ തന്നെ തുറന്ന് വെക്കാനുണ്ടന്നും മാന്ത്രികനെ സംബന്ധിച്ചിടത്തോളം നിരവധി വിദ്യകള്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുഗുണമായ സ്ഥലമാണ് ഗള്‍ഫ് നാടുകളെന്നും തന്റെ കന്നി സന്ദര്‍ശനത്തില്‍ തന്നെ ശ്രീജിത്ത് പറയുമ്പോള്‍ ഈ മാന്ത്രികന്റെ വിസമയങ്ങളുടെ കലവറയില്‍ ഇനിയും എത്രയോ വിദ്യകളുണ്ടെന്ന് നാം തിരിച്ചറിയുന്നു. അറേബ്യന്‍ നൈറ്റ്സും അലാവുദ്ദീന്റെ അത്ഭുത വിളക്കുമൊക്കെ ഇന്ദ്രജാലത്തിന്റെ മാസ്മരിക പ്രഭാവങ്ങളുള്‍കൊള്ളുന്നവയാണെന്നും ശരിയായ രീതിയില്‍ ആവിഷ്‌ക്കരിച്ചാല്‍ ഏവരേയും വിസ്മയിപ്പിക്കാന്‍ പോന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

അറേബ്യന്‍ അക്ഷയ കഥകള്‍ എന്നും ആകര്‍ഷകമായ ഭൂമികയാണ് മാന്ത്രികന് സമ്മാനിക്കുന്നത്. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഏറെ ഇമ്പം പകരുന്ന മാന്ത്രിക ചെപ്പുകളും തേടിയാണ് താന്‍ ഗള്‍ഫിലെത്തിയത്. മായാജാലത്തിന്റെ വിസ്മയലോകത്ത് സ്വന്തമായ ഇടം അടയാളപ്പെടുത്തിയ മാജിഷ്യന് പ്രവാസികള്‍ക്ക് പലതും നല്‍കാനുണ്ട്. മനസിനെ സന്തോഷിപ്പിക്കുന്ന വിനോദ പരിപാടികളും തൊഴിലിടങ്ങളില്‍ സമാധാനമൊരുക്കുന്ന പരിശീലന പരിപാടികളുമൊക്കെ അതില്‍പ്പെടും. ആത്മവിശ്വാസം, ഇച്ഛാശക്തി, ഏകാഗ്രത, ഊര്‍ജസ്വലത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സവിശേഷമായ പരിപാടി പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് സ്‌ക്കൂള്‍ അധ്യാപകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊക്കെ വിവിധ മജിക്കല്‍ എഡ്യൂടെയി•െന്റ് പരിപാടികള്‍ അവതരിപ്പിച്ച് കയ്യടി വാങ്ങിയ ശ്രീജിത്ത് പറയുന്നു.

ഏറെ സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ് മനുഷ്യ മനസ്. നിമിഷാര്‍ദ്ധത്തില്‍ അതിലൂടെ മിന്നിമറയുന്ന ഭാവങ്ങള്‍ക്കോ ചിന്തക്കോ പകരം വെക്കാന്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഒരുപകരണവും മതിയാവുകയില്ല. അത്രക്ക് സങ്കീര്‍ണമായ വൈകാരികതയും അര്‍ഥതലങ്ങളുമാണ് മനസിനുള്ളത്. എന്നാല്‍ മനസിനെ വേണ്ട രൂപത്തില്‍ പരിശീലിപ്പിച്ചാല്‍ പഠനത്തിലും പ്രവര്‍ത്തിയിലും അതിശയകരമായ മാറ്റം സാധ്യമാണെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിയും സമാധാനവുമാണ് എല്ലാവരുടേയും സ്വപ്നം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ വളരെ പ്രധാനമാണിത്. സമ്മര്‍ദ്ധങ്ങള്‍ ഏത് ഭാഗത്തുനിന്നായാലും ക്രിയാത്മകതയുടെ സ്വതന്ത്ര സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കും. ലോകം അതിവേഗം പുരോഗമിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചാവികാസങ്ങള്‍ വിസ്മയകരമാണ്. പക്ഷേ പുരോഗതിയുടെ പിന്നാലെയുള്ള ഓട്ടത്തിനിടയില്‍ സാമൂഹ്യ ബോധവും പാരസ്പര്യവുമൊക്കെ ഉപചാരങ്ങളിലൊതുങ്ങുമാറ് സങ്കുചിതമായിരിക്കുന്നു. ആത്മാര്‍ഥമായ ബന്ധങ്ങളും സൗഹാര്‍ദ്ധങ്ങളും മെല്ലെ മെല്ലെ സമൂഹത്തിന് നഷ്ടമാകുന്നു. ഈ സാഹചര്യത്തില്‍ വികാരങ്ങളോ വിചാരങ്ങളോ ശരിയായ രീതിയില്‍ പങ്കുവെക്കപ്പെടുന്നില്ല. പങ്കുവെക്കപ്പെടുന്ന പ്രശ്നങ്ങള്‍ പകുതിയായി ചുരുങ്ങുമെന്നാണ് ഇംഗ്ളീഷുകാര്‍ പറയാറുള്ളത്.

ആധുനിക സമൂഹത്തിന് കൈമോശം വന്നുപോകുന്ന പ്രധാനപ്പെട്ട ഒരു ഗുണമാണിത്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്നു. വികാരവായ്പുകളോ വിചാരങ്ങളോ എന്തിനേറെ സ്വന്തം നിലനില്‍പിനെ മഥിക്കുന്ന പ്രയാസങ്ങളോ പങ്കുവെക്കപ്പെടാന്‍ കഴിയാതെ മാനസിക സമ്മര്‍ദ്ധവും പിരിമുറുക്കവും സമൂഹത്തെ വരിഞ്ഞുമുറുക്കുന്നു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെ ദുര്‍ബലമാകുമ്പോള്‍ മനുഷ്യന്റെ മാനസിക നില തെറ്റിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. മായാജാലത്തിന് ഇവിടെ ഏറെ ചെയ്യാനാകുമെന്ന് ശ്രീജിത്ത് പറയുന്നു.

ജാലവിദ്യകളെ മാനവ സൗഹാര്‍ദ്ധത്തിനും സംസ്‌കരണത്തിനുമെന്നപോലെ രാജ്യ താല്‍പര്യത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്താമെന്ന് പ്രായോഗികമായി തെളിയിച്ച ശീജിത്തിന്റെ ജാലവിദ്യാ പരിപാടികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരം നേടുകയാണ്. തെരുവില്‍ കണ്‍കെട്ട് വിദ്യകള്‍ കാണിച്ച് നടന്നിരുന്ന ഒരു പറ്റം ഊരു തെണ്ടികള്‍ കൊണ്ട് നടന്നിരുന്ന മാജിക് ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട കലയായി മാറിയിരിക്കുന്നു. ശാസ്ത്രത്തിന്റെ പൂര്‍ണ പിന്തുണയുള്ള ഒരു കലയാണ് മാജിക്. അതുകൊണ്ട് തന്നെ ശാസ്ത്ര രംഗത്തുണ്ടാകുന്ന അഭൂതപൂര്‍വമായ വളര്‍ച്ചാവികാസം മായാജാലത്തിന്റെ അനന്തസാധ്യതകള്‍ നമുക്ക് മുമ്പില്‍ തുറക്കുകയാണ് ചെയ്യുന്നതെന്നാണ് ഈ യുവ മാന്ത്രികന്‍ കരുതുന്നത്.

പ്്ളസ് ടു അധ്യാപകനായ ശ്രീജിത്ത് മാന്ത്രിക വിദ്യ അവതരിപ്പിക്കുവാനുള്ള ഒരവസരവും പാഴാക്കാറില്ല. ഈയിടെ ഖത്തര്‍ യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ നടത്തിയ പരിപാടികള്‍ വളരെ പുതുമയുള്ളതായിരുന്നു. മാന്ത്രികന് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നുനല്‍കുന്നതോടൊപ്പം മായാജാല പ്രകടനങ്ങളുടെ പ്രസക്തിയും സാധ്യതയും കൂടുതല്‍ ബോധ്യപ്പെടുത്തുന്നതുമായിരുന്നു. പഠനവും പരീക്ഷണവും പരന്ന വായനയുമൊക്കെയായി കൂടുതല്‍ വിസ്മയങ്ങളൊരുക്കി സമൂഹത്തിന്റെ നന്‍മയിലേക്കുള്ള പ്രയാണത്തില്‍ തന്റെ നിയോഗം നിറവേറ്റാനാണ് ഈ കലാകാരന്‍ പരിശ്രമിക്കുന്നത്.

 

 

You must be logged in to post a comment Login