സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരു സഞ്ചാരം

 


ഗണേഷ് പുത്തൂര്‍

‘കൊന്നതെന്തിനാണെന്ന് കൊന്നവനറിയില്ല, ചത്തതെന്തിനാണെന്നും ചത്തവനും അറിയില്ല. ആര്‍ക്കോ വേണ്ടി ആരൊക്കെയോ ആരെയോ കൊല്ലുന്നു.’

ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക മേഖലകളില്‍ കുതിച്ചു ചാട്ടം നടത്തുമ്പോഴുംമനുഷ്യര്‍ തങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ലോകത്തിന്റെ പല കോണുകൡലായി ശക്തിയാര്‍ജ്ജിക്കുന്ന വലതുപക്ഷവും മുതലാളിത്ത കമ്പോളവ്യവസ്ഥയും ഞാന്‍ ,ഞങ്ങള്‍ എന്ന മൂടുപടത്തിലേക്ക് ഏവരെയും തളച്ചിടാന്‍ ശ്രമിക്കുന്നു. തികച്ചും വ്യക്തിപരമായി കാണേണ്ട മതത്തെ വെറുപ്പ് മാത്രം കൈമുതലായ ഒരു ചെറിയ കൂട്ടം മനുഷ്യര്‍ അവരുടെ കുത്തകയായി കരുതുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളിലൂടെ വേണം സലിംകുമാര്‍ രചന, സംവിധാനം, നിര്‍മ്മാണം നിര്‍വ്വഹിച്ചു കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന കറുത്ത ജൂതന്‍ എന്ന ചലച്ചിത്രത്തെ നോക്കിക്കാണാന്‍.

മികച്ച ഒരു സിനിമ. അടുക്കും ചിട്ടയും ഉള്ള സംവിധാനം, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന അഭിനേയതാക്കളുടെ പ്രകടനങ്ങള്‍, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം. എടുത്തുപറയാന്‍ അങ്ങനെ ഒരുപാട് മേന്മ കറുത്ത ജൂതനുണ്ട്. 2016 ലെ കേരള സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിന്റെ കഥയ്ക്ക് സലീം കുമാറിന് ലഭിച്ചിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ച ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തോട് കിടപിടിക്കുന്നതാണ് കറുത്ത ജൂതനിലെ അദ്ദേഹത്തിന്റെ പ്രകടനം. രാഷ്ട്രീയ സാമൂഹിക സൂക്ഷ്മ നിരീക്ഷണത്തിലൂടെയാണ് ഈ സിനിമ കടന്നുപോകുന്നത്. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ഭാരതത്തിലേക്ക് എത്തുന്ന ജൂതര്‍ രാഷ്ട്രത്തിന്റെ ബഹുസ്വരതയുടെ പ്രതീകമാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു വിധേയരായ ജൂതജനതയെ ഇവിടുത്തുകാര്‍ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. 1950 കളില്‍ സ്വതന്ത്ര ഇസ്രയേലിന്റെ പിറവിക്കുശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ജൂതന്മാര്‍ അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് തിരികെപ്പോയി. അക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ജൂതന്മാരും ഉണ്ടായിരുന്നു. അവര്‍ ഇവിടെ അവശേഷിപ്പിച്ചു പോയ സ്വത്തുക്കള്‍, സ്മാരകങ്ങള്‍ എല്ലാം വലിയ തോതിലുള്ള കയ്യേറ്റങ്ങള്‍ക്ക് വിധേയമായി. ജൂത സെമിത്തേരികള്‍,സിനഗോകുകള്‍ എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആ ജനത കേരള സംസ്‌കാരത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കപ്പെടണമെന്നും ചലച്ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. മതത്തിനും ജാതീയതയ്ക്കും അതീതമാണ് മാനവികത എന്ന് സിനിമ പറയുന്നു.രാഷ്ട്രീയത്തില്‍ സംഭവിച്ചു കഴിഞ്ഞ മൂല്യച്യൂതിയെയും സിനിമ വിമര്‍ശിക്കുന്നുണ്ട്.

ആരോണ്‍ എന്ന ജൂത കഥാപാത്രത്തെയാണ് സലിംകുമാര്‍ അവതരിപ്പിക്കുന്നത്. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിക്കുന്നു.മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ചു ജൂത ചരിത്രം ശേഖരിക്കാന്‍ ആരോണ്‍ തീരുമാനിക്കുന്നു. അമ്മയോട് ഒരു വര്‍ഷത്തിനുശേഷം മടങ്ങിയെത്താം എന്ന് വാക്ക് നല്‍കി അദ്ദേഹം യാത്ര പറയുന്നു. മടക്കയാത്രയില്‍ അദ്ദേഹത്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നു. ആരോണ്‍ മരിച്ചു എന്ന വാര്‍ത്തയാണ് നാട്ടിലറിഞ്ഞത്. ഇസ്രയേലിന്റെ പിറവിയുടെ നാളുകളായിരുന്നു അത്. വീടും സ്ഥലവും പഞ്ചായത്തിനെഏല്‍പ്പിച്ചു അദ്ദേഹത്തിന്റെ അമ്മയും അനിയത്തിയും ഇസ്രയേലിലേക്ക് പോവുന്നു. ആരോണ്‍ എന്നെങ്കിലും തിരിച്ചുവന്നാല്‍ എല്ലാം അദ്ദേഹത്തിന് തിരിച്ചു നല്‍കണമെന്നായിരുന്നു വ്യവസ്ഥ. വര്‍ഷങ്ങള്‍ക്കു ശേഷം ആരോണ്‍ തിരിച്ചുവരുമ്പോള്‍ പക്ഷേ എല്ലാവരും അയാളെ കയ്യൊഴിയുന്നു. നാട്ടിലെയും വീട്ടിലേയും ഓര്‍മ്മകളിലൂടെ അയാള്‍ സഞ്ചരിക്കുന്നു.

തന്റെ സ്വത്തുക്കള്‍ തിരിച്ചു ലഭിക്കാനുള്ള ആരോണിന്റെ ശ്രമങ്ങള്‍ എല്ലാം വ്യഥാവിലാകുന്നു.മുഹമ്മദീയന്‍ ആയ ബീരാന്‍ കുഞ്ഞു മാത്രമാണ് ജൂതന്റെ സഹായത്തിനായ് അവസാനം വരെ ഉണ്ടാവുന്നത്. മറ്റുള്ളവര്‍ എല്ലാവരും അയാളെ ആട്ടിപ്പായിക്കുന്നു. ഒടുവില്‍ 15 വെട്ടിന് ഒരു കൂട്ടം മതമൗലീക വാദികള്‍ആരോണിനെ കൊല്ലുന്നു, എന്നിട്ട് അയാളുടെ കുടിലിന്റെ ഭിത്തിയില്‍ ഇപ്രകാരം എഴുതുന്നു’ ഇസ്രയേല്‍ തുലയട്ടെ പാലസ്തീന്‍ സിന്ദാബാദ് ‘മാളയിലെ സെമിത്തേരിയില്‍ അവസാനത്തെ ജൂതനെ അടക്കുന്നിടത്തു സിനിമ അവസാനിക്കുന്നു. ചുറ്റും പറക്കുന്ന കാക്കകള്‍ മാത്രം.

ഈ ചിത്രത്തില്‍ ഉടനീളം കാക്കള്‍ കടന്നു വരുന്നുണ്ട്. ചെറുപ്പത്തില്‍ ആരോണ്‍ കാലൊടിഞ്ഞ ഒരു കാക്കയെ വീട്ടിലേക്ക് കൊണ്ടുപോയി ശുശ്രൂഷിക്കുന്നുണ്ട്. അതിനുശേഷം കാക്കകള്‍ ആരോണിനെ ആക്രമിക്കുന്നു. അതില്‍ നിന്ന് രക്ഷനേടാനായി അമ്മ ഒരു കമ്പിന്റെ അറ്റത്ത് കാക്കത്തൂവല്‍ കെട്ടി ആ കുട്ടിക്ക് നല്‍കുന്നു. കാലങ്ങള്‍ക്കു ശേഷം ആരോണ്‍ തിരിച്ചുവരുമ്പോള്‍ കാക്കകള്‍ മാത്രമാണ് അയാളെ തിരിച്ചറിയുന്നതും. അയാളുടെ വിദ്യാര്‍ത്ഥികളും പണ്ടുകാലത്തെ സ്‌നേഹിതരും തിരിച്ചറിയാതെ പോവുന്ന അല്ലെങ്കില്‍ തിരിച്ചറിഞ്ഞില്ല എന്ന് നടിക്കുന്ന സമയത്താണ് കാക്കകള്‍ അയാള്‍ക്ക് ചുറ്റും പറക്കുന്നത്. ആരോണിന് ഒരു കുട്ടി പേപ്പറില്‍ പൊതിഞ്ഞു കൊണ്ട് കൊടുക്കുന്ന ഓണസദ്യ കുറച്ചു കഴിച്ചതിനുശേഷം അയാള്‍ കാക്കകള്‍ക്ക് കൊടുക്കുന്നുമുണ്ട്.

ടി .എന്‍ പ്രതാപന്‍ എം എല്‍എ ചിത്രത്തില്‍ പ്രകാശന്‍ എന്ന രാഷ്ട്രീയക്കാരനായി വേഷം ചെയ്യുന്നുമുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ ആരോണ്‍ രചിച്ച ജൂതപഥം എന്ന പുസ്തകത്തിന്റെ 50-ാം പതിപ്പ് പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹം കടന്നു വരുന്നത്. ആരോണിന്റെ കാരുണ്യം കൊണ്ട് പഠനം പൂര്‍ത്തിയാക്കിയ പ്രകാശന്‍ പിന്നീട് കോടതിയില്‍ ഗുരുവായ ആരോണിനെ തള്ളിപ്പറയുന്നു. പഞ്ചായത്തു പ്രസിഡന്റ് ജൂതന്റെ ചെമ്മീന്‍കൊട്ട് തട്ടിയെടുത്തതല്ലേ എന്ന് വള്ളക്കാരന്‍ ജൂതനോട് ചോദിക്കുമ്പോള്‍ അയാളുടെ മുഖത്ത് നിസ്സഹായാവസ്ഥ നിഴലിക്കുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട ജനാധിപത്യം വരേണ്യവര്‍ഗ്ഗത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഒരു ഉപാധിയായി അധഃപതിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

എങ്ങോ നടക്കുന്ന യുദ്ധത്തിന്റെ പേരിലാണ് ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന ആരോണ്‍ കൊലചെയ്യപ്പെടുന്നത്. ലോകത്തു വേരുറപ്പിക്കുന്ന മതഭ്രാന്തിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് കറുത്ത ജൂതന്‍. നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ല എന്ന് പരിതപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ചലച്ചിത്രം. പക്ഷെ ചിത്രം റിലീസായ ദിവസം ആദ്യഷോ കാണാന്‍ ഞാന്‍ ഉള്‍പ്പെടെ 7 പേര്‍ മാത്രമേ തീയേറ്ററില്‍ ഉണ്ടായിരുന്നുള്ളൂ. കലാമൂല്യം ഉള്ള സിനിമകളുടെ പൊതുവെയുള്ള അവസ്ഥയായി ഇതിപ്പോള്‍ മാറിയിരിക്കുന്നു എന്നത് വേദനയുളവാക്കുന്നുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമയുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ കറുത്ത ജൂതന്‍ ഉണ്ടാവും. കച്ചവട സിനിമയ്ക്ക് വേണ്ട ചേരുവകളോ നീണ്ട താരനിരയോ സിനിമയില്‍ ഇല്ല. കാഴ്ചക്കാരന്റെ ചിന്തകളെ ഉണര്‍ത്താന്‍ പക്ഷെ കറുത്ത ജൂതന് കഴിയും. അതിനാല്‍ത്തന്നെ ഈ മികച്ച സിനിമയെ വിജയിപ്പിക്കുക എന്നത് നല്ല സിനിമകളെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും ഉത്തരവാദിത്വം കൂടിയാണ്.

You must be logged in to post a comment Login