സാലറി ചാലഞ്ചിനിടെ തോട്ടങ്ങള്‍ക്ക് കാര്‍ഷികദായ നികുതി ഒഴിവാക്കിയത് വിവാദമാകുന്നു

തിരുവനന്തപുരം: സാലറി ചാലഞ്ചിനിടെ വന്‍കിട തോട്ടങ്ങളുടെ കാര്‍ഷികാദായ നികുതി പൂര്‍ണമായും ഒഴിവാക്കിയ ഇന്നലത്തെ മന്ത്രിസഭായോഗ തീരുമാനം വിവാദമാകുന്നു.

ഹാരിസണ്‍ മലയാളം, ടാറ്റ, കണ്ണന്‍ ദേവന്‍, പോബ്‌സണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട തോട്ടം ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്ന കാര്‍ഷികാദായ നികുതി ഇനി ഒരിക്കലും ഈടാക്കാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണമായും ഒഴിവാക്കി കൊടുക്കാനാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണില്‍ മഴ തുടങ്ങും മുമ്പുതന്നെ തോട്ടങ്ങളില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.എന്നാല്‍, നികുതി പിരിക്കുന്നത് മരവിപ്പിക്കാനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് നിയമ ഉപദേശം ലഭിച്ചു.

ഇതേ തുടര്‍ന്നാണ് നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രധാനപ്പെട്ട ഒരു മേഖലയെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വന്‍കിട തോട്ടങ്ങളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന ബില്ലോ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
തോട്ടം ഉടമകള്‍ കാര്‍ഷികാദായ നികുതി അടക്കുന്നില്ലെന്നും ഇത് പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു എന്നും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വന്‍കിട തോട്ടങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാറിന്റെ പാട്ട ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്.ഇവര്‍ക്ക് നാമമാത്ര പാട്ടം മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ പാട്ടത്തുകയും സര്‍ക്കാര്‍ ഇവരില്‍ നിന്ന് പിരിച്ചെടുക്കുന്നില്ലെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നികുതി പൂര്‍ണമായും ഒഴിവാക്കി കൊടുക്കുന്ന വന്‍കിട തോട്ടങ്ങളില്‍ ഭൂരിഭാഗവും തേയില തോട്ടങ്ങളാണ്. തേയിലക്ക് വര്‍ഷങ്ങളായി വില വര്‍ധിച്ചു നില്‍ക്കുകയാണ്. ഇണ്ടനെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍ക്കാണ് ഇനി ഒരിക്കലും നികുതി നല്‍കേണ്ടന്ന ഇളവ് സര്‍ക്കാര്‍ നല്‍കുന്നത്.ഇടത്തരം ചെറുകിട കര്‍ഷകര്‍ നേരിടുന്ന വിളനാശത്തിനും വില പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
പല വന്‍കിട തോട്ടങ്ങളും ടൂറിസം മേഖലയിലേക്കു കൂടി പ്രവേശിച്ചിട്ടുണ്ട്. മൂന്നാറില്‍ ഉള്‍പ്പെടെ എസ്റ്റേറ്റ് ബംഗ്ലാവുകള്‍ ടൂറിസ്റ്റുകള്‍ക്ക് വാടകക്ക് നല്‍കുകയാണ്.റിസോര്‍ട്ടുകളില്‍ നിന്നും അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ നിന്നും നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രളയത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ 20000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ധനമന്ത്രി തന്നെ പറയുന്നത്. ഇതില്‍ തോട്ടം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും ഉള്‍പ്പെടും.തോട്ടങ്ങളില്‍ നിന്നും ടൂറിസത്തില്‍ നിന്നും ലാഭം കൊയ്യാന്‍ തോട്ടം ഉടമകളും ഇവര്‍ക്ക് വേണ്ട റോഡുളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കേണ്ടതിന് പണം നല്‍കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും ആണെന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വന്‍കിട തോട്ടങ്ങളെ എക്കാലത്തേക്കും കാര്‍ഷികാദായ നികുതിയില്‍ നിന്നൊഴിവാക്കിയ മന്ത്രിസഭാ യോഗ തീരുമാനം തെളിയിക്കുന്നത്.

You must be logged in to post a comment Login