സാഹിത്യലോകത്തെ ഒറ്റനക്ഷത്രം കെ. സരസ്വതിയമ്മയുടെ ജന്മശതാബ്ദി

ഡോ. രശ്മി ജി, അനില്‍കുമാര്‍ കെ എസ്

മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരി കെ സരസ്വതിയമ്മയുടെ നൂറാം ജന്മവര്‍ഷമാണ് 2019. സാഹിത്യ
സാംസ്‌കാരിക ആധ്യാത്മിക മണ്ഡലങ്ങളില്‍ വ്യക്തികളുടെ ജന്മശതാബ്ദി ആഘോഷിക്കപ്പെടുന്നത് ഒട്ടും പുതുമയില്ലാത്ത ആവര്‍ത്തന വിരസമായ കാഴ്ചകളിലൊന്നാണ്. എന്നാല്‍ കെ സരസ്വതിയമ്മയുടെ നൂറാം ജന്മവാര്‍ഷികത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഫ്യൂഡല്‍ അധികാരഘടനകളും ആണ്‍കോയ്മാ സംവിധാനങ്ങളും അരങ്ങു വാണിരുന്ന കേരളീയ സമൂഹത്തിലെ അതിയാഥാസ്ഥിതികമായ സാഹിത്യലോകത്ത് എഴുത്തുകൊണ്ടും ജീവിതംകൊണ്ടും
തന്റേതായ ഇടം നേടിയെടുത്ത എഴുത്തുകാരിയാണ് കെ സരസ്വതിയമ്മ. സ്ത്രീ അവകാശവും നവോത്ഥാനവും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ സരസ്വതിയമ്മയെ വീണ്ടും വായിക്കപ്പെടേണ്ടതാണ്.

 

തിരുവനന്തപുരം ജില്ലയിലെ കുന്നപ്പുഴയിലാണ് കെ സരസ്വതിയമ്മയുടെ ജനനം. 1919 ഏപ്രില്‍ 4 നു പത്‌നാഭപിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മൂന്നു പെണ്‍മക്കളില്‍ ഇളയവളായിട്ടാണ് സരസ്വതിയമ്മ ജനിച്ചത്. അക്കാലയളവിലെ പല നായര്‍ കുടുംബങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭൂമി പ്രശ്‌നങ്ങളും സരസ്വതിയമ്മയുടെ കുടുംബത്തിലുമുണ്ടായിരുന്നു. കുന്നപ്പുഴയില്‍ നിന്നും പാല്‍ക്കുളങ്ങരയെന്ന സ്ഥലത്തേയ്ക്കു കുടുംബം മാറിത്താമസിക്കുന്നുണ്ട്. അങ്ങിനെയാണ് സരസ്വതിയമ്മയുടെ പേരിനൊപ്പം പാല്‍ക്കുളങ്ങര കടന്നു കൂടുന്നത്.
സ്‌കൂള്‍ പഠനത്തിന്റെ ആരംഭം പാല്‍ക്കുളങ്ങരയിലെ എന്‍ എസ് എസ് സ്‌കൂളില്‍ നിന്നായിരുന്നു. മെട്രിക്കുലേഷന്‍ പാളയം ഇംഗ്ലീഷ് സ്‌കൂളില്‍നിന്നും പാസായി. ഇന്റര്‍ മീഡിയറ്റിന് വിമന്‍സ് കോളേജില്‍ ചേര്‍ന്നു. ഇന്റര്‍മീഡിയറ്റിന് പഠിക്കുന്ന കാലയളവില്‍ അച്ഛന്റെ മരണം സംഭവിക്കുന്നത്. അതോടുകൂടി സാമ്പത്തികപ്രശ്‌നങ്ങള്‍ കുടുംബത്തിനുള്ളില്‍ ഉടലെടുക്കുന്നു. പഠനത്തെ ബാധിക്കുന്നു. അമ്മയുടെയും സഹോദരിമാരുടെയും പഠനത്തോടുള്ള എതിര്‍പ്പുകള്‍ പഠനമെന്ന ആഗ്രഹത്തെ പൂര്‍ത്തിയാക്കാനായില്ല.
സാമ്പത്തിക പ്രതിസന്ധികള്‍ക്കൊരു പരിഹാരമായി തൊഴില്‍ അന്വേഷണം നടത്തിയപ്പോള്‍ തുണയായത് നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. കുടുംബത്തിലെ പ്രതിസന്ധികള്‍ വിവരിച്ചുകൊണ്ടും ഒരു ജോലി ആവശ്യപ്പെട്ടുകൊണ്ടും സരസ്വതിയമ്മ എഴുതിയ കത്തിനു ഫലമുണ്ടായി. 1942 ജൂണ്‍ 22 നു പെരുന്ന എന്‍ എസ് എസ് ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചു. അതോടുകൂടി സാമ്പത്തിക പ്രതിസന്ധിക്ക് അറുതിവന്നു. അധ്യാപകജോലിയില്‍ നിന്നും രാജിവെച്ച് കോര്‍പ്പറേഷനിലും തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റിലും ജോലി ചെയ്യുന്നു. കുടുംബ – ദാമ്പത്യബന്ധങ്ങളോടു താല്പര്യമില്ലാത്തതിനാല്‍ അവിവാഹിതയായി കഴിഞ്ഞു. 1975 ഡിസംബര്‍ 26 നു സരസ്വതിയമ്മ അന്തരിച്ചു. സാഹിത്യരംഗത്തു തന്റെ വ്യക്തിമുദ്രകള്‍ അവശേഷിപ്പിച്ചുകൊണ്ട് അവര്‍ കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞു.
സ്‌ത്രൈണതയുടെ തന്റേടങ്ങളും
തന്റെ ഇടങ്ങളും
സ്വകാര്യ/പൊതുജീവിതത്തില്‍, സാഹിത്യരംഗത്തില്‍ തന്റേടത്തോടുകൂടി തന്റെ ഇടങ്ങള്‍ നേടിയെടുത്ത വ്യക്തിയാണ് കെ സരസ്വതിയമ്മ. ആണ്‍ അധികാരങ്ങളുടെയും ആണ്‍ഭാവനകളുടെയും സ്ഥലരാശികളില്‍ കരുത്തുറ്റ പെണ്‍ബോധത്തോടു കൂടി കടന്നു കയറി വ്യക്തിത്വം പ്രകടിപ്പിച്ച വ്യക്തിയാണ് സരസ്വതിയമ്മ. ധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും അവ പ്രകടിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരി ഒരു ‘റിബല്‍’ എന്ന നിലയിലാണ് അവരോധിക്കപ്പെട്ടത്. ഇത്തരം ആഘോഷങ്ങളും പൊതുബോധങ്ങളും സരസ്വതിയമ്മയുടെ സര്‍ഗ്ഗാത്മകലോകത്തേയും വ്യക്തിജീവിതത്തെയും മുന്‍വിധികളോടെ തെറ്റായി വായിക്കുവാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിച്ചു എന്നതാണ് വാസ്തവം.
നവോത്ഥാനകാല എഴുത്തുകാര്‍ക്കൊപ്പം എഴുത്തിന്റെ മണ്ഡലത്തിലെത്തിയ സരസ്വതിയമ്മയെ ചിലര്‍ ബ്രാന്‍ഡിംഗിനു വിധേയമാക്കി അവരുടെ വ്യക്തിജീവിതത്തെയും സര്‍ഗ്ഗാത്മക രചനകളേയും കൂട്ടിക്കുഴച്ചു കൊണ്ടായിരുന്നു ഇത്തരമൊരു പൊതുബോധം ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെട്ടത്. അവിവാഹിതയായിക്കഴിഞ്ഞാല്‍ പുരുഷ വിദ്വേഷമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചാല്‍ അമിത സ്വാതന്ത്ര്യവാദക്കാരിയാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സര്‍ഗ്ഗഭാവനകളുടെ വൈവിദ്ധ്യങ്ങള്‍
റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ ആഘോഷിക്കുന്ന കൃതികളുടെ ഉടമയാണ് കെ സരസ്വതിയമ്മ. ഇന്റര്‍മീഡിയറ്റിന് വിമന്‍സ് കോളേജില്‍ പഠിക്കുന്ന കാലയളവിലാണ് ആദ്യകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. 1938 മാര്‍ച്ച് 27 നു സീതാഭവനം എന്ന കഥ മാതൃഭൂമി വാരികയില്‍ അച്ചടിക്കപ്പെട്ടത്. സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നവോത്ഥാനത്തിന്റെ ഉണര്‍വ്വുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലയളവായിരുന്നു അത്. പാര്‍ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സംഘര്‍ഷണങ്ങള്‍ സാഹിത്യലോകത്തു നിറഞ്ഞതിന്റെ തുടര്‍ച്ചയാണ് സരസ്വതിയമ്മയുടെ കൃതികളിലൂടെ സാധ്യമായത്. ഫ്യൂഡല്‍ ആണധികാര വ്യവസ്ഥിതികളെ നിരാകരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് സരസ്വതിയമ്മ ആവിഷ്‌ക്കരിച്ചത്.
പെണ്‍ബുദ്ധി, സ്ത്രീജന്മം, വിവാഹസമ്മാനം, പ്രേമപരീക്ഷണം, പൊന്നുംകുടം, ചോലമരങ്ങള്‍, കീഴ്ജീവനക്കാരി, കലാമന്ദിരം, കനത്തമതില്‍, എല്ലാം തികഞ്ഞ ഭാര്യ, ഇടിവെട്ടുതൈലം എന്നിവ സരസ്വതിയമ്മയുടെ കഥാസമാഹാരങ്ങളാണ്. 1944 ല്‍ പ്രേമഭാജനം എന്ന നോവല്‍, 1945 ല്‍ ദേവഭൂതിയെന്ന നാടകം 1958 ല്‍ പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. എഴുത്തിനെ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ ഏറെ നിറഞ്ഞു നിന്നിരുന്ന കാലയളവില്‍ ഇത്രയധികം രചനകള്‍ നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞുവെന്നത് അത്ര ചെറിയ കാര്യമല്ല. തൊട്ടാല്‍ പൊള്ളുന്ന സദാചാര വ്യവസ്ഥിതികളെ മറികടന്നു കൊണ്ടാണ് സരസ്വതിയമ്മ തന്റെ പെണ്‍ കഥാപാത്രങ്ങളെ വാര്‍ത്തെടുത്തത്. പ്രണയത്തിന്റെ കാല്പനിക ലോകത്തെയല്ല, മറിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപിത ഇടങ്ങളെയാണ് സരസ്വതിയമ്മ ആവിഷ്‌കരിച്ചത്.
സ്ത്രീ കഥാപാത്രങ്ങളെ മുന്‍നിറുത്തി നാല്പതുകളിലേയും അമ്പതുകളിലേയും കേരളീയ സാമൂഹ്യാവസ്ഥകളെ വിമര്‍ശന വിധേയമാക്കുന്നവയായിരുന്നു സരസ്വതിയമ്മയുടെ രചനകള്‍. അതിസൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകള്‍ സരസ്വതിയമ്മയുടെ രചനകളില്‍ പ്രതിഫലിച്ചിരുന്നു.
സരസ്വതിയമ്മയുടെ സ്ത്രീകള്‍
വ്യത്യസ്ത സ്വഭാവ വിശേഷങ്ങളുള്ള സ്ത്രീകളെ അവതരിപ്പിക്കുന്ന ഭൂരിപക്ഷം കഥകളിലും ഒരു ഭാഗത്ത് സ്ത്രീ പരമ്പരാഗത (പുരുഷന്മാര്‍ ക്രമപ്പെടുത്തിയ) സ്ത്രീരൂപവും മറുഭാഗത്ത് വിദ്യാഭ്യാസവും തിരിച്ചറിവും കരുത്തുമുള്ള സ്ത്രീയുമാണ്. കരുത്തുറ്റ ആ സ്ത്രീ കഥാപാത്രത്തിലൂടെയാണ് സാമൂഹ്യാവസ്ഥകളുടെ വിശകലനങങളും വിമര്‍ശനങ്ങളും സരസ്വതിയമ്മ നടത്തുന്നത്. നാല്പതുകളിലെ കേരളീയ സ്ത്രീ പുരുഷ ബന്ധത്തിന്റെ കാഴ്ചകളെ, പൊതുസമൂഹം അത്തരം ബന്ധങ്ങളെ തുറിച്ചുനോക്കുന്നത്; സ്വതന്ത്രയായി നില്ക്കുന്ന സ്ത്രീയെ ഒരുപോലെ സ്ത്രീകളും പുരുഷന്മാരും കുറ്റപ്പെടുത്തുന്നതുമെല്ലാം സരസ്വതിയമ്മയുടെ കഥകളിലെ പതിവുകാഴ്ചകളാണ്. തന്റേടിയായ സ്ത്രീ പലപ്പോഴും സരസ്വതിയമ്മയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.
അകത്തളങ്ങളിലേയ്ക്ക് ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീജനങ്ങളെ അവതരിപ്പിച്ച കഥകളില്‍ നിന്നുമാറി പൊതുസ്ഥലത്തു തുറന്ന സംഭാഷണങ്ങളുമായി നില്ക്കുന്ന ഒരുകൂട്ടം സ്ത്രീകളെയാണു സരസ്വതിയമ്മ അവതരിപ്പിച്ചത്. സമൂഹത്തിലായാലും സാഹിത്യത്തിലായാലും പാരമ്പര്യശീലങ്ങളെ പിന്തുടര്‍ന്നു പോന്നിരുന്നവര്‍ക്കു ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്കിയവരാണ് സരസ്വതിയമ്മയുടെ സ്ത്രീകള്‍, പുരുഷ സമൂഹത്തിന്റെ പൊതുബോധങ്ങളോടു കഥകളിലൂടെ കലഹിച്ച സരസ്വതിയമ്മയെ പുരുഷവിദ്വേഷത്തിന്റെ കഥാകാരിയെന്നു ബോധപൂര്‍വ്വം ചാപ്പകുത്തി മാറ്റിനിറുത്തിയതു കൊണ്ടുതന്നെ അര്‍ഹതപ്പെട്ട അംഗീകാരം എഴുത്തു ജീവിതത്തിന്റെ സമയത്തു സരസ്വതിയമ്മയ്ക്കു ലഭിക്കാതെപോയി. സ്ത്രീ വിരുദ്ധതകളും അശ്ലീലങ്ങളും ആവശ്യത്തില്‍ കൂടുതല്‍ ആസ്വദിച്ചവരാണ് സരസ്വതിയമ്മയെ പുരുഷ വിദ്വേഷത്തിന്റെ കഥാകാരിയെന്നു മുദ്രകുത്തിയത്. സരസ്വതിയമ്മയുടെ മുഴുവന്‍ രചനകളെ വായിക്കാത്തതിന്റെയും വസ്തുതകളെ വേണ്ടരീതിയില്‍ ഗ്രഹിക്കാതെപോയ തിന്റെ അല്പത്തരങ്ങളും മേല്‍പറഞ്ഞവരിലുണ്ടായിരുന്നു.
വിദ്യാഭ്യാസത്തിലൂടെയും ഉദ്യോഗങ്ങളിലൂടെയും സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തപ്പെട്ട ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന സരസ്വതിയമ്മയുടെ കഥകള്‍ സ്ത്രീകള്‍ നേരിടുന്ന സാമൂഹിക വിവേചനങ്ങളെ പ്രത്യക്ഷതലത്തില്‍ വിമര്‍ശിക്കുന്നു. സമൂഹത്തിലെ സര്‍വ്വാധികാര്യക്കാരന്‍ എന്നു വീമ്പുനടിക്കുന്ന പുരുഷനു സര്‍വ്വവിധ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചു ആഘോഷമായി നടക്കാമെങ്കില്‍ സ്ത്രീകള്‍ക്കും അതേ സ്വാതന്ത്ര്യങ്ങള്‍ ആഘോഷിക്കാമെന്ന സരസ്വതിയമ്മയുടെ നിലപാട് കഥകളിലെ സ്ത്രീകളില്‍ കാണാവുന്നതാണ്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നു സ്ഥാപിച്ചെടുത്ത പുരുഷബോധത്തെ പരിഹസിക്കുവാനുള്ള അവസരങ്ങളും സരസ്വതിയമ്മ പാഴാക്കിയിട്ടില്ല.
സ്വാതന്ത്ര്യബോധമുള്ള സ്ത്രീയുടെ പക്വതയാര്‍ന്ന ചിന്തകളും ധാരണകളുമൊക്കെ പങ്കുവയ്ക്കുന്നവരാണ് സരസ്വതിയമ്മയുടെ സ്ത്രീകള്‍.
പാശ്ചാത്യ രാജ്യങ്ങളില്‍ ഉത്ഭവിച്ച സ്ത്രീവാദ ആശയങ്ങള്‍ കേരളത്തില്‍ എത്തുന്നതിനും എത്രയോ മുന്‍പാണ് സരസ്വതിയമ്മയുടെ സ്ത്രീകള്‍ സ്ത്രീവാദ നിലപാടുകള്‍ പ്രകടമാക്കിയത്. കാലത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാര്‍ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് എഴുത്തുകാരി. സരസ്വതിയമ്മയുടെ സ്ത്രീകള്‍ പ്രകടിപ്പിച്ച സ്വാതന്ത്ര്യബോധവും പുരുഷാധിപത്യ മേല്‍ക്കോയ്മാ പ്രതിരോധ തന്ത്രങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. പ്രതിസന്ധികളെ അതിജീവിച്ചു കടന്നുവരുവാന്‍ പില്ക്കാല തലമുറകള്‍ക്കു വഴിയൊരുക്കിക്കൊടുത്തു എന്ന ചരിത്രദൗത്യം നിറവേറ്റിയവരാണ് സരസ്വതിയമ്മയും സരസ്വതിയമ്മയുടെ സ്ത്രീ കഥാപാത്രങ്ങളും.

സരസ്വതിയമ്മയുടെ രാഷ്ട്രീയബോധം
സാമൂഹ്യ – ഭരണ സംവിധാനങ്ങളെക്കുറിച്ചു വ്യക്തമായ ബോധവും തിരിച്ചറിവുമുണ്ടായിരുന്ന സരസ്വതിയമ്മയ്ക്കു പ്രകടമായ രാഷ്ട്രീയ വിശ്വാസങ്ങളുണ്ടായിരുന്നു. വൈസ്രോയി സന്ദര്‍ശനത്തിലെ രാഷ്ട്രീയം മാനുഷിക നന്മയുള്ള ഏതൊരു വ്യക്തിയുടേയും യുക്തിബോധത്തെ കുത്തി ഉണര്‍ത്തുന്നതാണ്. ആസാം പട്ടാളത്തില്‍ ചേര്‍ന്നു രോഗബാധിതനായി തിരിച്ചെത്തുന്ന ഭര്‍ത്താവ്, ജീവിക്കാന്‍ ഗതിയില്ലാതെ വരുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യയും മൂത്തകുട്ടിയും പിച്ചയെടുത്ത് കുടുംബം പുലര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് വൈസ്രോയി സന്ദര്‍ശനം പ്രമാണിച്ച് ഭരണാധികാരികള്‍ ദാരിദ്ര്യക്കുടിലുകള്‍ പൊളിച്ചുമാറ്റുന്നത്. ആകെയുള്ള കിടപ്പാടം നഷ്ടമാകുന്ന ആ ദരിദ്രരുടെ നിലവിളി ഭരണകൂടത്തിനെതിരെയുള്ളതായിരുന്നു. അധികാരവും പദവിയും സ്ഥാനങ്ങളുമൊക്കെ സമ്പത്തുള്ളവനെ ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ദരിദ്രരെ ചട്ടിവിട്ടിത്തേയ്ക്കുവാനാണ് ഭരണകൂടത്തിനും ഉദ്യോഗവൃന്ദങ്ങള്‍ക്കും താല്പര്യം. തന്റെ എഴുത്തു കാലഘട്ടത്തിലെ സാമൂഹ്യ – രാഷ്ട്രീയാവസ്ഥകളെ വിമര്‍ശിക്കുന്ന സരസ്വതിയമ്മ പെണ്‍ ഭാഷ്യങ്ങളിലൂടെ അവയെ കണക്കിനു പരിഹസിക്കുന്നുണ്ട്. കലാലയങ്ങളുടെ കമ്പോളവല്ക്കരണത്തെയും അശാസ്ത്രീയമായ യൂണിവേഴ്‌സിറ്റി പരീക്ഷാ സമ്പ്രദായങ്ങളേയും വിമര്‍ശിക്കുന്ന (കഥ – ഡബിള്‍ ആക്ട്) സരസ്വതിയമ്മ സര്‍ക്കാരിന്റെ റേഷന്‍ സമ്പ്രദായത്തിന്റെ കെടുകാര്യസ്ഥതയെ പുച്ഛിക്കുന്നുണ്ട്. ”അടുത്തുള്ള ഒരു കെട്ടിടത്തില്‍ സര്‍ക്കാരില്‍നിന്നും ചെള്ളു ശേഖരിക്കുകയാണ്. അരിയിടുന്ന ഗോഗൗണാണെന്ന് അവര്‍ പറയുന്നു. പക്ഷേ, ചെള്ളുവളര്‍ത്തല്‍ സ്ഥലമാണെന്ന് അനുഭവിച്ചറിയുന്നു (കഥ – ഒരുക്കത്തിന്റെ ഒടുവില്‍) എത്ര കൃത്യമായ നിരീക്ഷണമാണ് സരസ്വതിയമ്മ തന്റെ കഥകളിലൂടെ പങ്കുവെച്ചത്. സരസ്വതിയമ്മ സ്മൃതി പഥത്തില്‍ മറഞ്ഞിട്ട് എത്രയോ വര്‍ഷങ്ങളായി. അവര്‍ പറഞ്ഞ പലകാര്യങ്ങളും വര്‍ത്തമാനകാല സമൂഹത്തിനു ചേര്‍ന്നവയാണ്. റേഷന്‍ ഗോഡൗണുകളിലെ വൃത്തികേടുകളെക്കുറിച്ച് എത്രയോ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും വന്നിരിക്കുന്നു. സരസ്വതിയമ്മ തന്റെ കാലഘട്ടത്തിലെ രാഷ്ട്രീയാവസ്ഥകളെ അതിസൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നതിന്റെ തെറ്റുകളാണ് മേല്‍പറഞ്ഞ കറുത്ത ഹാസ്യത്തിന്റെ നീക്കുപോക്കുകള്‍. സ്ത്രീ എഴുത്തുകാരികളുടെ കഥകള്‍ക്കു കാമ്പും കരുത്തും കുറവാണെന്നു പറയുന്നവര്‍ ലളിതാംബികയുടെയും സരസ്വതിയമ്മയുടെയും രാഷ്ട്രീയ പ്രമേയങ്ങളോ അവയുയര്‍ത്തുന്ന പ്രതിഷേധങ്ങളെയോ കാര്യഗൗരവത്തോടെ കണ്ടിരുന്നില്ലായെന്നതാണ് വാസ്തവം.
സംവാദങ്ങള്‍ – പരിഹാസങ്ങള്‍ പരിമിതികള്‍
സരസ്വതിയമ്മയുടെ രചനകളിലെ പരിഹാസത്തിന്റെ മൂര്‍ച്ച മറ്റുള്ള സ്ത്രീയെഴുത്തുകാരില്‍ കാണാന്‍ കഴിയില്ല. കേരളീയ സമൂഹം ഏറെ ആഘോഷിച്ച രമണന്‍ കാവ്യത്തിനു രമണിയെന്ന പ്രതിപാഠമൊരുക്കുവാന്‍ ഈ എഴുത്തുകാരി കാണിച്ച ചങ്കൂറ്റം മറ്റൊരു എഴുത്തുകാരിക്കുമുണ്ടായില്ല. സ്ത്രീകളെ എപ്പോഴും വഞ്ചിച്ചതിനെ അത്രയ്ക്കു വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന നിലപാടെടുക്കുന്ന സരസ്വതിയമ്മ പുരുഷ വിമര്‍ശനങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നുണ്ട്. നാല്പതുകളിലെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ വിമര്‍ശിക്കുന്ന സരസ്വതിയമ്മ സാഹിത്യത്തിലെ എടുപ്പു കുതിരകളെ പരിഹസിക്കുന്നുണ്ട്. നമ്മുടെ കഥയ്ക്കു പരിഷ്‌കാരം വേണോ? ഒരു ജയില്‍പ്പുള്ളി മതി നമുക്ക് സിങ്‌സിങ്ങിലെ ഒരു നിത്യതാമസക്കാരന്‍ സായിപ്പ്. ”തിരുവിതാംകൂറിലെ വലിയ കുബേരന്മാര്‍ വെളിയിലുള്ള ഭിക്ഷക്കാര്‍ക്കു തുല്യമാണ്. അതുകൊണ്ടെന്തായാലും മലയാളി വേണ്ട നാട്ടുക്കോട്ടച്ചെടിയോ സേട്ടോ മറവനോ ആരായാലും നല്ല ചക്രക്കാരന്‍ വേണം.” ”ജാതിക്കു കുറഞ്ഞവന്റെയൊക്കെ കാര്യം പറയാന്‍ നിങ്ങള്‍ക്കു നാണമില്ലല്ലോ? (കഥ – അവരുടെ കഥയെഴുത്ത്) മൂന്നു സ്ത്രീകള്‍ ചേര്‍ന്നെഴുതുന്ന കഥയില്‍ കഥാപാത്രങ്ങളെയും കഥാഘടനയെയും തീരുമാനിക്കുന്ന സന്ദര്‍ഭത്തിലാണ് മലയാള സാഹിത്യത്തിന്റെ അവസ്ഥകളെ സരസ്വതിയമ്മ പരിഹസിക്കുന്നത്. മിക്ക ചെറുകഥകളിലും പാശ്ചാത്യ സാഹിത്യത്തിലുള്ള തന്റെ അറിവ് ഏതെങ്കിലും സ്ത്രീ കഥാപാത്രങ്ങളിലൂടെ (ശാരദ ഒരുക്കത്തിന്റെ ഒടുവില്‍, ആനന്ദലക്ഷ്മി അവിവാഹിതന്റെ അശ്രുക്കള്‍) അവതരിപ്പിക്കാന്‍ സരസ്വതിയമ്മ ഉത്സാഹിച്ചിരുന്നു. പാരമ്പര്യമായ എഴുത്തുവഴികളെ നിരാകരിച്ച സരസ്വതിയമ്മ പുതുമയുള്ള കഥാപാത്രങ്ങളെ രചനയില്‍ നിറയ്ക്കുവാന്‍ ശ്രമിച്ചിരുന്നു. സംവാദരൂപത്തിലുള്ള കഥാരചനകളില്‍ സരസ്വതിയമ്മയുടെ വ്യക്തിത്വം തെളിഞ്ഞു നില്ക്കുന്നുണ്ട്.
എഴുത്തിലെ നിശബ്ദതകള്‍
സാഹിത്യരംഗത്ത് ഉജ്ജ്വല പ്രതിഭയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കാലയളവിലാണ് സരസ്വതിയമ്മ എഴുത്തിന്റെ ലോകത്തുനിന്നും അപ്രത്യക്ഷയാകുന്നത്. തനിച്ചു ജീവിക്കാന്‍ ധൈര്യം കാട്ടിയ സരസ്വതിയമ്മ സഹോദരങ്ങളെയും അവരുടെ മക്കളേയും അതിരറ്റു സ്‌നേഹിച്ചിരുന്നു. സഹോദരിയുടെ പുത്രന്‍ സുകുവിനെ വളര്‍ത്തിയതും പഠിപ്പിച്ചതും സരസ്വതിയമ്മയായിരുന്നു. ബി എ വരെ പഠിച്ച സുകുവിന് റിസര്‍ച്ച് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ചു. അമ്മയും മകനുമായി കഴിഞ്ഞിരുന്ന ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ വ്യാപകമായിരുന്നു. അത് അവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു. 1960 ഏപ്രില്‍ ഒമ്പതിനു സുകു മരണപ്പെട്ടു. ഇത്തരമൊരു മരണത്തോടുകൂടി മാനസികമായി തളര്‍ന്ന സരസ്വതിയമ്മയെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി. ശകാരങ്ങളും കുറ്റപ്പെടുത്തലുകളും പരിധി കടന്നപ്പോള്‍ സരസ്വതിയമ്മ വീടുപേക്ഷിച്ച് ഹോസ്റ്റലിലേയ്ക്കു മാറി. സഹോദിരയുടെ ആത്മഹത്യയും കടുത്ത മാനസിക സംഘര്‍ഷങ്ങളിലേയ്ക്കു നയിച്ചു. അതിനെത്തുടര്‍ന്ന് സര്‍ഗ്ഗാത്മക മേഖലയില്‍ എന്തെങ്കിലും ഇടപെടല്‍ നിര്‍വ്വഹിക്കുവാന്‍ സരസ്വതിയ്ക്കു കഴിയാതെ പോയി. എഴുത്തിനെ അത്രമേല്‍ പ്രണയിച്ചിരുന്ന സരസ്വതിയമ്മയുടെ പിന്‍വാങ്ങല്‍ സാഹിത്യ ലോകത്തിനൊരു വലിയ നഷ്ടമായിരുന്നു.
ആരുമറിയാതെ കാലയവനികയ്ക്കുള്ളിലേക്ക്
സാഹിത്യലോകത്തെ ധീരയായ എഴുത്തുകാരി അതിദാരുണമായാണ് മരണത്തിനു കീഴടങ്ങുന്നത്. ഷുഗറും കൊളസ്‌ട്രോളും ക്രമാതീതമായി വര്‍ദ്ധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് സരസ്വതിയമ്മ ഈ ലോകത്തുനിന്നും വിട പറയുന്നത്. വീട്ടുജോലിക്കാരി മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം മരണമടയുമ്പോള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളോ കുടുംബക്കാരോ ഉണ്ടായിരുന്നില്ല. നാട്ടുകാരാണ് ശവസംസ്‌കാരം നടത്തിയത്. അങ്ങിനെ മലയാളത്തിലെ മികച്ച എഴുത്തുകാരികളിലൊരാളായ സരസ്വതിയമ്മ ആരവങ്ങളും ബഹളങ്ങളുമില്ലാതെ കടന്നുപോയി.
ഇന്ന് സരസ്വതിയമ്മയുടേതായി ഒന്നും ഈ ഭൂമുഖത്ത് അവശേഷിക്കുന്നില്ല, അവരുടെ സാഹിത്യകൃതികള്‍ ഒഴികെ. സരസ്വതിയമ്മയുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ബന്ധുക്കള്‍ സ്വന്തമാക്കി. സരസ്വതിയമ്മയ്ക്കായി ഒരു സ്മാരകംപോലും തിരുവനന്തപുരത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒറ്റയ്ക്കു വഴി നടന്നവള്‍ എന്ന വിശേഷണമാണ് കെ സരസ്വതിയമ്മയ്ക്കു ചേരുക. ജീവിതത്തിലും സര്‍ഗ്ഗാത്മകത സാഹിത്യലോകത്തും തന്റേതായ രീതിശാസ്ത്രത്തിലൂടെ സഞ്ചരിച്ച സരസ്വതിയമ്മയെ പെണ്ണെഴുത്തിന്റെ പ്രയോക്താവായി സാഹിത്യലോകം അംഗീകരിക്കുന്നു.

You must be logged in to post a comment Login