സിംഗപ്പൂരില്‍ ഓട്ടം തുടങ്ങി ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി

CAR
സിംഗപ്പൂര്‍: ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി സിംഗപ്പൂര്‍ നഗരത്തിലെ റോഡില്‍ പരീക്ഷണ ഓട്ടം നടത്തി. 2018 ല്‍ ഔദ്യോഗികമായ സര്‍വീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷണ ഓട്ടം നടത്തിയ ന്യൂട്ടോണമി കമ്പനി. ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനി തിരഞ്ഞെടുത്ത കുറച്ചുപേരോട് അവരുടെ മൊബൈലില്‍ കമ്പനിയുടെ ആപ് ഡൗണ്‍ലോഡ് ചെയ്യാനും ‘റോബോ-ടാക്‌സിയില്‍’ സൗജന്യ യാത്ര നടത്താനും ക്ഷണിച്ചു.

മിത്‌സുബിഷിയുടെ ഇലക്ട്രിക് വാഹനത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സംവിധാനം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിയന്ത്രിക്കാനുമായി ഒരു എന്‍ജിനീയര്‍ സ്റ്റിയറിങ്ങിനു പിന്നില്‍ ഇരുന്നു.പദ്ധതിക്കായി സിംഗപ്പൂര്‍ സര്‍ക്കാരുമായി പങ്കാളിത്തമുണ്ടാക്കിയതായി ന്യൂട്ടോണമി എക്‌സിക്യൂട്ടീവ് ഡഫ് പാര്‍ക്കര്‍ പറയുന്നു. 2018 ആകുമ്പോഴേക്ക് 100 ടാക്‌സികള്‍ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങളിറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പല കമ്പനികളിലൊന്നാണ് ന്യൂട്ടോണമി. ഡ്രൈവറില്ലാ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് വോള്‍വോ കമ്പനി യൂബറുമായി കഴിഞ്ഞയാഴ്ച 30 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഡ്രൈവിങ് അസിസ്റ്റന്റ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി മൊബീലൈ അവരുടെ വാഹനം 2019ല്‍ ഉല്‍പാദനം തുടങ്ങുമെന്നു പറയുന്നു. ഫോര്‍ഡ് ഡ്രൈവര്‍ലെസ് കാര്‍ 2021 ല്‍ പുറത്തിറക്കും.

You must be logged in to post a comment Login