സിഎജി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടെ ഡിജിപിക്ക് വിദേശ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി

സിഎജി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടെ ഡിജിപിക്ക് വിദേശ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി. മാര്‍ച്ച് മൂന്ന് മുതല്‍ 5 വരെ യുകെയില്‍ നടക്കുന്ന ഹോം ഓഫീസ് സെക്യൂരിറ്റീസ് ആന്റ് പൊലീസിംഗ് എക്‌സിബിഷനില്‍ പങ്കെടുക്കാനാണ് ബെഹ്‌റക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബെഹ്റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെയാണ് വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ നിന്ന് 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.

കേരളാ പൊലീസിനെതിരായ സിഎജിയുടെ റിപ്പോര്‍ട്ട് സിബഐ, എന്‍ഐഎ അന്വേഷിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതേസമയം, വിഷയത്തില്‍ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തന്റെ പിആര്‍ വിഭാഗം പ്രതികരണം അറിയിക്കുമെന്ന് ബെഹ്റ വ്യക്തമാക്കി.

ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവല്‍ പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു. വിവാദങ്ങള്‍ക്കിടയില്‍ വിദേശ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

You must be logged in to post a comment Login