സിഎസ്‌ഐ വൈദികനെതിരായ ലൈംഗികാരോപണത്തില്‍ പരാതി കിട്ടി 10 ദിവസങ്ങള്‍ക്ക് ശേഷം കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഎസ്‌ഐ വൈദികനെതിരെ യുവതി നടത്തിയ ലൈംഗികാരോപണത്തില്‍ പരാതി കിട്ടി 10 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് കേസെടുത്തു. സഭയുമായി ചേര്‍ന്ന് പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന ആരോപണമുയരുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്.

സിഎസ്‌ഐ സഭയ്ക്കു കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. ജനുവരി 29നാണ് വൈദികനെതിരെ ജീവനക്കാരി പരാതി നല്‍കിയത്. പരാതി സ്വീകരിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടി ഉണ്ടായില്ല. പൊലീസിന് സഭാ നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ഇതിനിടെ ഉണ്ടായി.

മണിക്കൂറുകളോളം പരാതിക്കാരിയെ സ്റ്റേഷനില്‍ നിര്‍ത്തിയതും വിവാദമായിരുന്നു. സിഎസ്‌ഐ സഭയ്ക്കു കീഴിലെ സ്ഥാപനത്തിന്റെ ഡയറക്ടറായ ഫാ. നെല്‍സണ്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.

പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് ജീവനക്കാരി സഭയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി അന്വേഷിക്കുന്നതിന് പകരം ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു. വൈദികന്‍ നിരപരാധിയാണെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ഫാ നെല്‍സണ്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

ജീവനക്കാരി പണമിടപാടുമായി ബന്ധപ്പെട്ട് സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ പൊലീസ് കേസെടുത്തതോടെ ബോര്‍ഡ് യോഗത്തില്‍ സഭ പരാതി ചര്‍ച്ചചെയ്തു. നിയമനടപടിയോട് സഹകരിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ നിലപാട്. 13 വര്‍ഷമായി സിഎസ്‌ഐ സഭയ്കക്ക് കീഴിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിക്കാരി.

You must be logged in to post a comment Login