സികെ വിനീത് ഇനി ജംഷദ്പൂര്‍ എഫ് സിയില്‍

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ മലയാളി ഫുട്‌ബോളര്‍ സി കെ വിനീത് പുതിയ ക്ലബിനൊപ്പം ചേര്‍ന്നു. ആറാമത് സീസണിലേക്കായി ഐ എസ് എല്‍ ക്ലബായ ജംഷദ്പൂര്‍ എഫ് സിയാണ് സി കെ വിനീതിനെ സൈന്‍ ചെയ്തിരിക്കുന്നത്. ജംഷദ്പൂര്‍ എഫ് സിയുമായി ഒരു വര്‍ഷത്തെ കരാറിലാണ് സി കെ വിനീത് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സി കെ വിനീത് സീസണിന്റെ രണ്ടാം പകുതിയോടെ ചെന്നൈയിന്‍ എഫ് സിയിലേക്ക് മാറിയിരുന്നു.

ലോണ്‍ കരാറിലാണ് സി കെ വിനീതിനെ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ചെന്നൈയിന്‍ എഫ് സി കൊണ്ടുപോയത്. ലോണ്‍ കരാര്‍ അവസാനിച്ചതോടെ താരത്തെ ചെന്നൈയിന്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരികെ അയക്കുകയാണുണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജംഷദ്പൂര്‍ സി കെ വിനീതിനെ സ്വന്തമാക്കിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും സി കെ വിനീത് ഉള്ളത്.

ചെന്നൈയിന്‍ എഫ്‌സിയില്‍ വളരെ കുറച്ച് കാലം മാത്രമേ കളിക്കാന്‍ സാധിച്ചിട്ടുള്ളൂ എങ്കിലും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സി കെ വിനീതിന് കഴിഞ്ഞിരുന്നു. സ്റ്റീവ് കോപ്പലിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്‍ ഫൈനലില്‍ എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ താരം ആയിരുന്നു ഈ കണ്ണൂരുകാരന്‍. ആദ്യഘട്ടത്തില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ക്ലബ്ബിനെ ആദ്യ മത്സരത്തില്‍ തന്നെ മനോഹരമായ ഒരു ഗോളോട് കൂടി കൈപിടിച്ചുയര്‍ത്താന്‍ വിനീതിന് കഴിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് കോപ്പലിന് കീഴില്‍ വിനീത് ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച വെച്ചത്.

You must be logged in to post a comment Login