സിഗററ്റിന് മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?

 

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇതറിഞ്ഞും പുകവലി ശീലമാക്കിയവരാണ് ഭൂരിഭാഗവും. ക്യാന്‍സറിന് കാരണമാകുന്ന പുകവലി ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ താറുമാറാക്കും. പക്ഷേ ചിലര്‍ക്കെങ്കിലും ഒഴിവാക്കാന്‍ പറ്റാത്തതായി മാറിയിരിക്കുന്നു സിഗറിറ്റിന്റേയും പുകയില ഉല്‍പന്നങ്ങളുടേയും ഉപഭോഗം. സിഗററ്റും വൈനും ഒന്നിച്ച് ശീലമാക്കിയവര്‍ ഇതും അറിഞ്ഞിരിക്കുക.

സിഗററ്റില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഒട്ടൊരു ആശ്വാസമാണ് പുതിയ പഠനം. സിഗററ്റ് വലിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത് ശരീരത്തില്‍ പുകവലിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. 20 പേരില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം.

പകുതി പേരെ വൈന്‍ നല്‍കി ഒരു മണിക്കൂറിന് ശേഷമാണ് പുകവലിക്കാന്‍ അനുവദിച്ചത്. രക്തത്തില്‍ 0.75% ആല്‍ക്കഹോളിന്റെ അളവ് ഉണ്ടാകാന്‍ പാകത്തിലാണ് വൈന്‍ നല്‍കിയത്. പുകവലിയെ തുടര്‍ന്ന് രക്തധമിനികളുടെ ഭിത്തിയില്‍ നിന്നും പ്ലേറ്റ്‌ലെറ്റുകളില്‍ നിന്നും ശ്വേത രക്താണുക്കളില്‍ നിന്നും വിട്ടുവരുന്ന മൗലിക കണങ്ങളെ തടയാന്‍ വൈന്‍ കുടിച്ചവര്‍ക്ക് സാധിക്കുന്നതായി കണ്ടെത്തി. പുകവലിയുടെ ആഘാതവും നശീകരണവും സൂചിപ്പിക്കപ്പെടുന്നത് ഈ കണങ്ങളുടെ പിന്‍മാറ്റമാണ്.

പുകവലിക്ക് ശേഷം ത്വരിതപ്പെടുന്ന പ്രായം കൂട്ടാന്‍ ഇടയാക്കുന്ന ടെലോമെറസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം പതുക്കെയാക്കാനും വൈനിന്റെ ഉപഭോഗത്തിലൂടെ സാധിച്ചതായി കണ്ടെത്തി. ജര്‍മ്മനിയിലെ സാര്‍ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ വിക്ടോറിയ ഷ്വാര്‍സാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ധമിനികളില്‍ പുകവലിയും റെഡ് വൈനും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് നിരീക്ഷിച്ചതെന്നും പുകവലിയുടെ ദോഷഫലങ്ങള്‍ ആരും മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അമിതമായ പുകവലിയുടെ ദോഷങ്ങള്‍ തടയാന്‍ റെഡ് വൈനെന്നല്ല ഒന്നിനും കഴിയില്ലെന്നും ഷ്വാര്‍സ് ഓര്‍മ്മപ്പെടുത്തി.

You must be logged in to post a comment Login