സിദാനുള്ള റയല്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌നം; റയലിലേക്കെന്ന അഭ്യൂഹം ശക്തമാക്കി പോഗ്ബയുടെ വാക്കുകള്‍

ഓള്‍ഡ് ട്രഫോര്‍ഡ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ. സിനദിന്‍ സിദാന് കീഴിലെ റയല്‍ മാഡ്രിഡിലേക്ക് പോവുക എന്നത് സ്വപ്‌നമാണ് എന്നായിരുന്നു പോഗ്ബയുടെ വാക്കുകള്‍.

മൗറിഞ്ഞോ പരിശീലകനായിരിക്കുന്ന സമയത്ത് പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. ഗ്രൗണ്ടില്‍ പലവട്ടം ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായപ്പോള്‍, സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ നിന്ന് പലവട്ടം പോഗ്ബയെ മൗറിഞ്ഞോ മാറ്റി നിര്‍ത്തിയിരുന്നു.

എന്നാല്‍, മൗറിഞ്ഞോ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതിന് പിന്നാലെ തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു പോഗ്ബ. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേര്‍ന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് റയലിനോടുള്ള ഇഷ്ടം പോഗ്ബ വീണ്ടും തുറന്നു പറഞ്ഞത്.

ഞാന്‍ എപ്പോഴും പറയുന്നത് പോലെ, റയല്‍ എന്നത് ആര്‍ക്കും ഒരു സ്വപ്‌നമാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളില്‍ ഒന്നാണ് അത്. അവിടെ പരിശീലകനായി സിനദിന്‍ സിദാനുമുണ്ട്. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും അതൊരു സ്വപ്‌നമാണ്. ഞാന്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍റിലാണ്. എന്താണ് ഭാവി നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നറിയില്ല. ഞാന്‍ ഇവിടെ സന്തുഷ്ടനാണെന്നും പോഗ്ബ പറയുന്നു.

You must be logged in to post a comment Login