സിനിമയല്ല ജീവിതം; ക്യാപറ്റന്‍ കൂള്‍ ബോളിവുഡ് താരം സുശാന്തിനോട് പൊട്ടിത്തെറിച്ചു

ms-dhoni-sushant
അന്തര്‍ദേശീയ ക്രിക്കറ്റിലെ എണ്ണമറ്റ മത്സരങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും തളരാതെ സമാധാനപൂര്‍വം ടീമിനെ നയിച്ച ധോണിക്ക് ലഭിച്ച വിളിപ്പേരാണ് ‘ക്യാപ്റ്റന്‍ കൂള്‍’. എന്നാല്‍ തന്നോട് അദ്ദേഹം ശാന്തസ്വഭാവം വെടിഞ്ഞെന്ന് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് വെളിപ്പെടുത്തി. ധോണിയുടെ ജീവിതത്തെ ആധാരമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ‘എംഎസ് ധോണി ദി അണ്‍ടോണ്‍ഡ് സ്‌റ്റോറി’ എന്ന ബയോപികില്‍ ധോണിയാവുന്നത് സുശാന്താണ്. അതിന്റെ ഭാഗമായി നടത്തിയ റിസര്‍ച്ചിന്റെ ഭാഗമായി ധോണിയുമായി നേരിട്ട് സംസാരിക്കുന്നിടയ്ക്ക് അദ്ദേഹം ദേഷ്യപ്പെട്ട് എണീറ്റ് പോയതായി സുശാന്ത് മുംബൈ മിററിനോട് പറഞ്ഞു.
എന്നാല്‍, അവനവനെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുക എന്നത് വിരസമായ ഒരു പരിപാടിയാണെന്നും സുശാന്ത് ഒരേ കാര്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ താന്‍ ദേഷ്യപ്പെട്ടു പോയതാണെന്നും ധോണി വ്യക്തമാക്കി.

സുശാന്തിന്റെ വാക്കുകള്‍: അദ്ദേഹം ശാന്തത നഷ്ടപ്പെട്ട് പെരുമാറുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയുടെ ആദ്യ രണ്ട് മൂന്ന് ദിവസങ്ങള്‍ എന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശാന്തനായി മറുപടി നല്‍കി. അടുത്ത ദിവസം അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഒരുപാട് ചോദ്യം ചോദിക്കുന്നുവെന്ന്. ഞാന്‍ ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും പലയാവര്‍ത്തി ചോദിച്ചപ്പോഴായിരുന്നു ഇത്.

ധോണിയുടെ വാക്കുകള്‍: അവനവനെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുക എന്നത് വിരസമായ ഒരു പരിപാടിയാണ്. 15 മിനിറ്റുകൊണ്ട് നമുക്ക് ബോറടിക്കുമത്. സുശാന്ത് ഒരേ കാര്യം തന്നെ പല തവണ ചോദിക്കുമായിരുന്നു. അതിനെല്ലാമുള്ള എന്റെ ഉത്തരങ്ങള്‍ സമാനമാണെങ്കില്‍ അദ്ദേഹത്തിന് വിശ്വാസമാകും, ഞാന്‍ പറയുന്നത് സത്യമാണെന്ന്. എന്നിട്ടദ്ദേഹം അടുത്ത ചോദ്യത്തിലേക്ക് കടക്കും. ഒരിക്കല്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു. എനിക്കൊരു ഇടവേള തരൂ എന്നും പറഞ്ഞ് ഞാന്‍ എണീറ്റുപോയി.

You must be logged in to post a comment Login