സിനിമയിലെ ലെനിനിസം

  • ബി. ജോസുകുട്ടി

വ്‌ലാദിമിര്‍ ഇല്യാന്യോവിച്ച് ലെനിന്‍. സര്‍വ്വ രാജ്യങ്ങളിലുമുണ്ടായ തൊഴിലാളി വര്‍ഗമുന്നേറ്റങ്ങള്‍ക്കും ജനകീയ വിപ്ലവങ്ങള്‍ക്കും കരുത്തു പകര്‍ന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ നേതാവ്. ജനങ്ങളുടെ ഐക്യമുണ്ടാക്കി വിപ്ലവങ്ങളിലൂടെ തൊഴിലാളി കേന്ദ്രീകൃതമായ ഒരു രാജ്യം ഉണ്ടാകണമെന്നുള്ള ആശയം മുന്നോട്ടുവെച്ച ബോള്‍ ഷെവിക് വിപ്ലവകാരി. എക്കാലവും ലെനിന്‍ ഒരു വിഗ്രഹമായിരുന്നു. 1924 ജനുവരി 21- നു അമ്പത്തിനാലാം വയസ്സില്‍ ഹൃദ്രോഗ ബാധിതനായി ലെനിന്‍ അന്തരിക്കുമ്പോള്‍,ലോകരാഷ്ട്രീയ രംഗത്ത് എന്നതിനൊപ്പം ചലച്ചിത്രലോകത്തും അതിന്റെ പല തലങ്ങളിലുള്ള പ്രതിധ്വനികളുണ്ടായി.

മഹാനായ ലെനിന്റെ ജീവിതം ചലച്ചിത്രമാക്കുക എന്നത് പ്രശസ്തരായ സോവിയറ്റ് സംവിധായകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒന്നായിരുന്നു. എന്നാല്‍ പലരും ഒന്നു ശങ്കിച്ചിരുന്നു. കാരണം ലെനിനെക്കുറിച്ചാണ് സിനിമയെടുക്കുന്നത്. അതീവ സൂക്ഷ്മതയോടെ അതു ചെയ്തില്ലെങ്കില്‍ അപകടമാകും. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇക്കാര്യത്തില്‍ പതിയും. മഹാനായ ലെനിന്‍ സൃഷ്ടിച്ച ഇമേജ് ,അതിന് അല്പം പോലും പാളിച്ച സംഭവിച്ചാല്‍ അത് ചരിത്രത്തോടുള്ള അനീതിയാകും. സോവിയറ്റ് ജനതയുടെ ആരാധാനപാത്രം, ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രിയ സഖാവ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ലെനിനെക്കുറിച്ച് സിനിമയുണ്ടാകണം. നിര്‍മ്മാണത്തിന്റെ ചെറിയ അംശങ്ങളില്‍ പോലും സവിശേഷ ശ്രദ്ധ ആവശ്യമാണ്. സോവിയറ്റ് നിര്‍മ്മാതാക്കളും സംവിധായകരും പല തവണ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടും ലെനിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചും ന്യൂസ് റീലുകള്‍ കണ്ടും പുസ്തകങ്ങള്‍ നിരന്തരമായി പലയാവര്‍ത്തി വായിക്കുകയും ചെയ്തതിനുശേഷമാണ് ചിത്രമെടുക്കാനുള്ള തീരുമാനം ഉറപ്പിക്കുന്നത്.

1918 – ലെ മെയ്ദിനം മുതല്‍ 1924 ല്‍ ലെനിന്‍ മരിക്കുന്നതുവരെയുള്ള കാലയളവില്‍ എടുത്തിട്ടുള്ള ന്യൂസ് റീലുകള്‍ ലെനിന്‍ ചിത്ര നിര്‍മ്മാണങ്ങളില്‍ അവലംബിച്ചിട്ടുണ്ട്. ലെനിന്റെ വ്യക്തിത്വം, സ്വഭാവ വൈശിഷ്ട്യങ്ങള്‍, പെരുമാറ്റ രീതി എന്നിവകളിലെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തി. ലെനിന്റെ വേഷമിടുന്ന നടനെ ഒരു യഥാര്‍ത്ഥ ലെനിന്‍ ആയി തന്നെ രൂപാന്തരപ്പെടുത്താന്‍ കഠിന പ്രയത്‌നം വേണ്ടി വന്നു. ന്യൂസ് റീലുകളെ ആധാരമാക്കി 1925- ല്‍ ‘ലെനിനിസ്റ്റ് കിനോ പ്രാവ്ദ ‘എന്ന ഡോക്യുമെന്‍ട്രി ചിത്രം നിര്‍മ്മിക്കപ്പെട്ടു. 1934 -ല്‍ ‘ത്രീ സോംഗ്‌സ് ഓഫ് ലെനിന്‍’ എന്ന മറ്റൊരു ഡോക്യുമെന്ററി സിനിമയും പുറത്തുവന്നു.

ലെനിന്‍ ചലച്ചിത്ര മാധ്യമത്തെക്കുറിച്ച്:
ചുവപ്പു സേനയുടെ സ്ഥാപക നേതാവായിരുന്ന ലിയോണ്‍ ട്രോസ്‌കിയോട് സിനിമയെക്കുറിച്ച് ലെനിന്‍ ഇങ്ങനെ പറഞ്ഞു. ‘എല്ലാ കലകളിലും വെച്ച് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ചലച്ചിത്ര കല’ ഒക്‌ടോബര്‍ വിപ്ലവത്തിനും വളരെ മുമ്പേ തന്നെ ലെനിന്‍ സിനിമയുമായി വളരെ അടുത്തിരുന്നു. 1907 -ല്‍ തന്നെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പുതിയ സാമൂഹ്യക്രമത്തിന്റെ തുടക്കത്തോടുകൂടി സിനിമയ്ക്കുണ്ടാകാനിരിക്കുന്ന വലിയ ഭാവിയെക്കുറിച്ച് ലെനിന്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വാണിജ്യതാത്പര്യങ്ങളാണ് സിനിമയില്‍ കടന്നു കൂടുന്നതെങ്കില്‍ അതു ഗുണത്തേക്കാളധികം ദോഷമായിരിക്കും ഉളവാക്കുക എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇത്തരം സംഗതികള്‍ ജനങ്ങളെ ദുഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ കൈകളില്‍ സിനിമ വന്നുപെടുമ്പോള്‍ കാര്യങ്ങളൊക്കെ മാറുമെന്നും സാമാന്യ ജനങ്ങളുടെ മാനസിക സംസ്‌കാരത്തിനു ചലച്ചിത്രം ഏറ്റവും ശക്തമായ ഉപാധിയായി മാറുമെന്നും അദ്ദേഹം വിശ്വസിച്ചു.

1908 – ല്‍ ലെനിന്‍ കാഫ്രിയില്‍, മാക്‌സിം ഗോര്‍ക്കിയുടെ ആതിഥ്യത്തില്‍ താമസിക്കുമ്പോള്‍ അവിടെ വെച്ച് ചില ഹ്രസ്വ സിനിമകള്‍ കണ്ടിരുന്നു. പ്രശസ്ത ഫ്രഞ്ച് നടനായ ലാരിയര്‍ പ്രിന്‍സ് അഭിനയിച്ച ദ് വെര്‍ച്വസ് തീഫ് എന്ന സിനിമയും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ബുര്‍ഷ്വാസിയുടെ ഭൂതദയയെക്കുറിച്ചുള്ള സമര്‍ത്ഥമായ ഒരു ലഘുലേഖയാണ് അതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയത്തിനു ശേഷം സോവിയറ്റ് അധികാരത്തിന്റെ ഏറ്റവും വൈഷമ്യമേറിയ ദിവസങ്ങളില്‍ പോലും ലെനിന്‍ സിനിമയോടുള്ള താത്പര്യം ഉപേക്ഷിച്ചില്ല. ചലച്ചിത്ര വ്യവസായത്തിലെ തൊഴിലാളികളുടെ രക്ഷകനെന്ന നിലയ്ക്കും പ്രചാരണാവശ്യങ്ങള്‍ക്കു വേണ്ടി സിനിമയെ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം വളരെ പ്രവര്‍ത്തിച്ചു. 1919 ല്‍ ആഗസ്റ്റില്‍ ലെനിന്‍ ഒപ്പുവെച്ച കരാറിലെ തീരുമാനം സിനിമ ദേശസാല്‍ക്കരിക്കുന്നതിന് സവിശേഷ സ്ഥാനം നല്‍കിയിരുന്നു, സോവിയറ്റ് സിനിമയുടെ യഥാര്‍ത്ഥ പിറവിക്കു നിമിത്തമായത് ആ തീരുമാനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ദേശീയ സിനിമകളുടെ പുരോഗതിക്കുവേണ്ടി ഒരു വലിയ പങ്കാണ് ലെനിന്‍ വഹിച്ചത്. മുതലാളിത്ത രാജ്യങ്ങളിലേതുള്‍പ്പെടെ പുരോഗമന വാദികളായ ചലച്ചിത്രകാരന്‍മാരുമായി സാംസ്‌കാരികവും വ്യാവസായികവുമായ ബന്ധങ്ങള്‍ സ്ഥാപിച്ചതിലൂടെയാണ് അത് സാധ്യമാക്കിയത്. ആദ്യകാലത്ത് സോവിയറ്റ് സിനിമകള്‍ വിദേശങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനു ലെനിന്‍ വ്യക്തിപരമായി താല്പര്യം പ്രകടിപ്പിച്ചിരുന്നു. സിനിമാ നിര്‍മ്മാണത്തിനാവശ്യമായ ഫിലിമും മറ്റ് സാങ്കേതികോപകരണങ്ങളും വാങ്ങാനായി വിദേശങ്ങളില്‍ പ്രത്യേകം ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്നതിനും അദ്ദേഹം ശുപാര്‍ശ ചെയ്തു. അതിന്റെ ഫലമായി സോവിയറ്റ് ട്രേഡ് ഡെലിഗേഷന്‍ ബെര്‍ലിനില്‍ ഒരു പ്രത്യേക സിനിമാ ഡിപ്പാര്‍ട്ടുമെന്റ് രൂപീകരിച്ചു. പ്രസിദ്ധ റഷ്യന്‍ അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന എം. എഫ്. ആന്‍ഡ്രിയോനായെ അതിന്റെ മേധാവിയായി നിയമിക്കുകയും ചെയ്തു. അങ്ങനെ സിനിമയുടെ പുരോഗതിക്കുവേണ്ടി ലെനിന്‍ പ്രവര്‍ത്തിച്ചതിനു നിരവധി ഉദാഹരണങ്ങളുണ്ട്. സിനിമ സാങ്കേതികതയുടെ കലയാണെങ്കിലും ഹൃദയസ്പര്‍ശിയായതും മാനവികതയ്ക്ക് ഊന്നല്‍ നല്‍കുന്നതുമായ കലാപൂര്‍ണതയെ അതിന്റെ ആവിഷ്‌കാരത്തിനു ഉപയോഗിക്കണമെന്നു ലെനിന്‍ ചലച്ചിത്രകാരന്‍മാരെ ഉദ്‌ബോധിപ്പിച്ചു.

ലെനിനെക്കുറിച്ചുള്ള സിനിമകള്‍:

ലെനിന്‍ സിനിമകളെ പ്രധാനമായും മൂന്നായി തരം തിരിക്കാവുന്നതാണ്. യുദ്ധത്തിനു മുമ്പുള്ള വിപ്ലവ കാലഘട്ടത്തെക്കുറിച്ചുള്ളതാണ്. ആ ചിത്രങ്ങളില്‍ സദാ പ്രവര്‍ത്തന നിരതനായ ലെനിനെയാണ് കാണാന്‍ കഴിയുന്നത്. പ്രശ്‌നങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും കൂലങ്കഷമായി അവയെക്കുറിച്ച് ചിന്തിക്കുകയും യുക്തിക്കനുസരണമായി തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുകയും അതിനനുസൃതമായി ഒരു കൊടുങ്കാറ്റുപോലെ ഇടപഴകുകയും ഇടപെടുകയും ചെയ്യുന്ന ലെനിനെയാണ് ഈ ആദ്യവിഭാഗത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ ലെനിന്റെ മാനുഷിക വശങ്ങളെ ചിത്രീകരിക്കുന്നു. ഏറ്റവും അടുത്തകാലത്ത് അതായത് മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ അമ്പതാം വാര്‍ഷികത്തോടും ലെനിന്റെ നൂറാമത് ജന്‍മദിനാഘോഷത്തോടനുബന്ധിച്ചും എടുത്തിട്ടുള്ളതാണ് മൂന്നാമത്തെ വിഭാഗത്തിലുളള സിനിമകള്‍.

ലെനിന്റെ റോളില്‍:

ആദ്യമായി ലെനിന്റെ വേഷം പകര്‍ന്നാടിയത് സ്വാവ് പാവ് ലോവ് എന്ന ഖനിത്തൊഴിലാളിയായിരുന്നു ലെനിനുമായുള്ള സാദൃശ്യവും ലെനിനോടുള്ള കടുത്ത ആരാധനയുമാണ് അഭിനയിക്കാന്‍ പാവ് ലോവിന് നിമിത്തമായത്. ഒരു പ്രൊഫഷനല്‍ നടനായിരുന്നില്ല അയാള്‍. അഭിനയിക്കുമ്പോഴുള്ള പരിചയക്കുറവ് ചില ക്ലോസ് ഷോട്ടുകളില്‍ പ്രകടമാകുകയും ചെയ്തു. 1930 -ല്‍ പുറത്തു വന്ന ‘ലെനിന്‍ ഇന്‍ ഒക്ടോബര്‍’, -‘ലെനിന്‍ ഇന്‍ 1918 ‘എന്നീ സിനിമകള്‍ ഏറെ ശ്രദ്ധയങ്ങളായി. പ്രശസ്ത നടന്‍ ബോറിസ് ഷുകിനായിരുന്നു ലെനിനെ അവതരിപ്പിച്ചത്. മഹാനായ ലെനിന്റെ മാനറിസങ്ങളെ തന്‍മയത്വമായി അവതരിപ്പിച്ച മറ്റൊരു പ്രഗത്ഭ നടനാണ് മാക്‌സിം ട്രാവൂക്ക്.ലെനിനുമായി അപാരമായ സാദൃശ്യമുളള ഈ നടന്‍ മാന്‍ വിത്ത് എ ഗണ്‍, ത്രീ സ്റ്റോറീസ് ഓഫ് ലെനിന്‍ ,ലെനിന്‍ ഇന്‍ പോളണ്ട് എന്നീ ബയോപിക്ചറുകൡ അസാമാന്യമായ അഭിനയം നടത്തി
ഔദ്യോഗിക തിരക്കുകളില്‍ നിന്നൊക്കെ അകന്നു വിശ്രമജീവിതം നയിക്കുന്ന ലെനിന്റെ ജീവിതമാണ് പ്രസ്തുത സിനിമകളില്‍ അവതരിപ്പിച്ചത്. സെര്‍ജിയത് കെവിച്ച് ആണ് അതു സംവിധാനം ചെയ്തത്. ഓഷ് വാന്‍ ഡേഷ് സംവിധാനം ചെയ്ത ‘ദ് സെയിം പ്ലാനറ്റ് ‘എന്ന ചിത്രത്തില്‍ ലെനിനായി പ്രത്യക്ഷപ്പെട്ടത് ഇന്നോ കെന്റക്കിഷ് നോവ് എന്ന ഹാസ്യനടനായിരുന്നു. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. യൂറിക യൂറോവ് എന്ന നടന്‍ ലെനിനായി അഭിനയിച്ച ‘ദി സിക്‌സ്ത്ത് ഓഫ് ജൂലൈ’ എന്ന ചിത്രം ബോള്‍ഷോവിക്കുകളും സോഷ്യലിസ്റ്റ് വിപ്ലവകാരികളും തമ്മിലുള്ള അതിരൂക്ഷമായ പ്രക്ഷോഭത്തെ ചിത്രീകരിക്കുന്നു. കരാസ്‌കി സംവിധാനം ചെയ്ത ലെനിന്‍ ഇന്‍ 1903 എന്ന ചിത്രത്തിലും യൂറിക യൂറോവ് ആണ് ലെനിലെ അവതരിപ്പിച്ചത്.

ലെനിന്റെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച രണ്ടു സിനിമകളായിരുന്നു വി ഓര്‍ഡിന്‍സ്‌കി സംവിധാനം ചെയ്ത ‘റെഡ് സ്വകയര്‍’, സോവിയറ്റ് സ്വീഡിഷ് സഹകരണ സിനിമയായ ‘എ തൗസന്റ് ലോക്കോമോട്ടീവ്‌സ് ഫോര്‍ ലെനിന്‍’ എന്നിവ. ലെനിനെക്കുറിച്ചുള്ള ഒട്ടുമിക്ക സിനിമകളും അവ ഫീച്ചര്‍ ഫിലിമുകളാണെന്ന അവകാശവാദത്തോടൊപ്പം തന്നെ മികച്ച ഡോക്ക്യുമെന്ററി സിനിമകളായിരുന്നുവെന്നു നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വസ്തുതകളെ അതുപോലെ ക്യാമറയിലൂടെ പകര്‍ത്തിവെക്കുകയായിരുന്നു ലെനിന്‍ സിനിമകളെന്നു അവര്‍ വിവക്ഷിക്കുന്നു.റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ കിരാത ഭരണവും വിപ്ലവപ്രസ്ഥാനങ്ങളുടെ ഉദയവും ഒന്നാം ലോകയുദ്ധത്തോടനുബന്ധിച്ചുള്ള ഫെബ്രുവരി, ഒക്‌ടോബര്‍ വിപ്ലവും പ്രതിവിപ്ലവും ചരിത്രത്തില്‍ ‘രക്തഞായര്‍’ എന്നറിയപ്പെട്ട ബ്ലഡി സണ്‍ഡേയും ലെനിന്‍ ബയോപിക്ചറുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. പലപ്പോഴും സ്‌ക്രിപ്റ്റില്ലാതെയാണ് പല സിനിമാ ചിത്രീകരണങ്ങളും മുന്നോട്ടു പോയത് എന്ന് പില്‍ക്കാലത്ത് സോവിയറ്റ് സിനിമയുടെ ചരിത്രമെഴുതിയ ട്രോമന്‍ അലക്‌സിനോവ് എന്ന വിപ്ലവ സിനിമകളുടെ നിരൂപകന്‍ രേഖപ്പെടുത്തുന്നു.

ലെനിനോട് വിട:

2003 ല്‍ ജര്‍മ്മന്‍ സംവിധായകനായ വോള്‍ഫ് ഗാംഗ് ബക്കര്‍ സംവിധാനം ചെയ്ത ‘ഗുഡ്‌ബൈ ലെനിന്‍’ എന്ന സിനിമ നാമാവശേഷമായ സോവിയറ്റ് യൂണിയന്റെയും ബര്‍ലിന്‍ മതില്‍ ഇടിച്ചു നിരത്തപ്പെട്ട സംഭവവികാസങ്ങളുടെയും രാഷ്ട്രീയം പറയുന്നു. ചരിത്രത്തെ വിഭജിച്ച ബര്‍ലിന്‍ മതില്‍ തകരുന്നതിനു മുമ്പും പിമ്പുമുള്ള സോവിയറ്റ് ജീവിതമാണ് ഈ ചലച്ചിത്രം ആവിഷ്‌ക്കരിക്കുന്നത്. 1989 ഒക്ടോബര്‍, കിഴക്കന്‍ ജര്‍മ്മനിയില്‍ എറിക് ഹൊനേക്കറുടെ ഭരണകാലം. റഷ്യയില്‍ മീഖായേല്‍ ഗോര്‍ബച്ചേവിന്റെ പരിഷ്‌കരണ വാദങ്ങളെ ഹൊനേക്കര്‍ ചെറുക്കുന്നു.ജനാധിപത്യവാദിയും മാധ്യമ സാതന്ത്ര്യവും കാംക്ഷിക്കുന്ന ആളുമായ അലക്‌സാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. ഹോനേക്കറുടെ പട്ടാളം ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് കണ്ട് കമ്മ്യൂണിസ്റ്റ് വിശ്വാസിയായ അലക്‌സിന്റെ അമ്മ ക്രിസ്റ്റീന ബോധരഹിതയായി കിടപ്പിലാകുന്നു. തുടര്‍ന്നു എട്ടുമാസത്തെ ദീര്‍ഘകാല കിടപ്പില്‍ നിന്നു ബോധം വീണ്ടെടുത്ത് ക്രിസ്റ്റീന ഉണരുന്നു. പക്ഷേ ആ എട്ടുമാസക്കാലത്ത് ജര്‍മ്മനിയുടെ ചരിത്രം തകിടം മറിഞ്ഞിരുന്നു. ഏകകക്ഷി കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചിരുന്നു. അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന അമ്മയെ വീണ്ടും മാനസികമായും ശാരീരികമായും തളര്‍ത്താന്‍ അലക്‌സ് ഒരുക്കമല്ലായിരുന്നു.ആ മാറ്റം അമ്മയെ അറിയിക്കാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. പക്ഷേ വീട്ടില്‍ ആളില്ലാതിരുന്ന നേരത്ത് ക്രിസ്റ്റീന തെരുവിലേക്കിറങ്ങുന്നു. കൊക്കകോളകളുടെ പരസ്യ ബോര്‍ഡുകള്‍ക്കിടയില്‍ ആകാശത്ത് ഒരു ദൃശ്യം അവര്‍ കണ്ടു. ഹെലികോപ്റ്ററിന്റെ ക്രയിനില്‍ തൂങ്ങിയാടിപ്പോകുന്ന തകര്‍ക്കപ്പെട്ട ലെനിന്‍ പ്രതിമ. താഴെ ഇരമ്പിയാര്‍ക്കുന്ന നഗരം. ലെനിന്‍ പ്രതിമയുടെ വിരിച്ചു പിടിച്ചിരിക്കുന്ന കൈകള്‍ യാചിക്കുന്നതു പോലെ അലക്‌സിന്റെ അമ്മയ്ക്കു തോന്നി. ഓരോ കമ്മ്യൂണിസ്റ്റ് കാരന്റേയും ഹൃദയത്തിലേക്ക് തറഞ്ഞിറങ്ങുന്ന ലെനിന്‍ പ്രതിമയുടെ ആ ദൃശ്യം കേവലമൊരു കാഴ്ചയായി സ്വീകരിക്കാനാവില്ല. ലെനിന്‍ എന്ന മഹാനായ നേതാവിനോട് ഇന്നും ആരാധന പുലര്‍ത്തുന്ന ജനത കേരളമുള്‍പ്പെടെ ലോകത്തിലെ പല ദേശങ്ങളിലുമുണ്ട്.

ലെനിന്‍ റീലോഡഡ്:

ലോകപ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീര്‍ബര്‍ഗ് ലെനിന്റെ ഐതിഹാസിക ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്. ‘ടൈറ്റാനിക് ‘എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഓസ്‌കാര്‍ ജേതാവ് സാക്ഷാല്‍ ലിയനാര്‍ഡോ ഡി കാപ്രിയോ ലെനിന്റെ വേഷമിടുന്നു.ലോകത്തിലുണ്ടായ ബയോപിക്ക് സിനിമകളില്‍ ഏറ്റവും ബൃഹത്തായത് എന്ന് സംവിധായകന്‍ തന്നെ പ്രസ്താവിക്കുന്നു. സിനിമയുടെ പേര് ‘ലെനിന്‍’ എന്നു തന്നെ.

 

You must be logged in to post a comment Login