സിപിഐഎം സംസ്ഥാന സെക്രട്ടറി താത്ക്കാലിക ചുമതല നല്‍കില്ല; എംവി ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം താത്ക്കാലിക ചുമതല നല്‍കില്ലെന്ന് എംവി ഗോവിന്ദന്‍. സംസ്ഥാന സെക്രട്ടറിയുടെ ചുമതലകള്‍ സംസ്ഥാന സെന്റര്‍ നിര്‍വ്വഹിക്കുമെന്നും എംവി ഗോവിന്ദന്‍ സ്ഥിരീകരിച്ചു.

ഈ മാസം 30-ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എംവി ഗോവിന്ദന് കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം വന്നിരിക്കുന്നത്.

അവധിയുടെ സാഹചര്യം വിശദീകരിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചികിത്സയുടെ ഭാഗമായി ആറുമാസത്തെ അവധി കോടിയേരി ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിക്കുമെന്നും താത്കാലിക സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു വിവരം.

പാര്‍ട്ടിക്ക് താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് എംവി ഗോവിന്ദന്‍ താത്കാലിക ചുമതല നല്‍കില്ലെന്ന സ്ഥിരീകരിച്ചത്.

You must be logged in to post a comment Login