സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ എസ് യു

kanam

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളില്‍ സിപിഎം സിപിഐ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ എസ് യു. നെയ്യാറില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെയാണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നതായി കെ എസ് യു നിലപാടെടുത്തത്.

കേരളത്തിന്റെ സമകാലീന രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ശരിയുടെ ചുവപ്പായി സിപിഐ മാറുന്നു. എംഎന്‍ വിജയന്റെ വാക്കുകളിലെന്ന പോലെ കാക്കക്കാലിന്റെ പോലും തണലില്ലാത്ത രക്ത ഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണതയുടെ അഴുകിയ വസ്ത്രം അഴിച്ചുവച്ചു സിപിഐ വരണമെന്നാണ് കെ എസ് യു തങ്ങളുടെ രാഷ്ട്രീയ പ്രമേയത്തിലൂടെ വ്യക്തമാക്കുന്നത്. എംവിആറിനെ സ്വീകരിച്ച ജനാധിപത്യ മനസ്സിന് അച്യൂതമേനോന്റെ പാര്‍ട്ടിയെയും സ്വീകരിക്കാന്‍ കഴിയുമെന്നും പ്രമേയത്തില്‍ പറയുന്നു.

എന്നാല്‍ യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസിനെ തിരികെ എടുക്കരുതെന്നും അതിനാണ് നേതാക്കന്‍മാര്‍ ശ്രമിക്കുന്നതെങ്കില്‍ അവരെ തെരുവില്‍ കയ്യേറ്റം ചെയ്താലും ചരിത്രം കുറ്റക്കാരെന്ന് വിശേഷിപ്പിക്കില്ലെന്നും രേഖ പറയുന്നു.
കെ എസ് യു ജനറല്‍ സെക്രട്ടറി നബീല്‍ കല്ലമ്പലം അവതരിപ്പിച്ച പ്രമേയത്തില്‍ പ്രതിപക്ഷം എന്ന നിലക്ക് കോണ്‍ഗ്രസ് പരാജയപ്പെടുകയാണ് എന്നതുള്‍പ്പെടെ കോണ്‍ഗ്രസിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

You must be logged in to post a comment Login