സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന് എം.എം.മണി; തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്‌കരിച്ചത് ശുദ്ധ മര്യാദകേട്

 

മലപ്പുറം: സിപിഐയ്ക്ക് മുന്നണി മര്യാദയില്ലെന്ന് മന്ത്രി എം.എം.മണി. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ല. തോമസ് ചാണ്ടി പ്രശ്നത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണിമര്യാദ കാട്ടാൻ സിപിഐ തയാറാകണം. മൂന്നാർ വിഷയങ്ങളിലുൾ‌പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സിപിഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ വണ്ടൂരിൽ സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിവാണ് മണിയുടെ വിവാദ പ്രസ്താവന.

സിപിഐഎം-സിപിഐ ബന്ധത്തിലുണ്ടായ ഭിന്നത ഇരുപാർട്ടികളും ഉഭയകക്ഷി ചർച്ചകൾ നടത്താനിരിക്കുമ്പോഴാണ് മന്ത്രി മണിയുടെ വിവാദ പ്രസ്താവന. കൂടുതൽ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് നേതാക്കൾക്ക് ഇരുപാർട്ടികളും നിർദേശം നൽകിയിരുന്നതാണ്. ബുധനാഴ്ച ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിന് മുമ്പ് സിപിഐഎമ്മുമായി ചർച്ച നടത്താനാണ് സിപിഐ നീക്കം.

സിപിഐഎമ്മിന്റെ ഏരിയാ സമ്മേളനങ്ങളും സിപിഐയുടെ മണ്ഡലം സമ്മേളനങ്ങളും പുരോഗമിക്കുന്നതിനിടെ ഭിന്നത മൂർച്ഛിക്കുന്നത് ഗുണകരമാകില്ലെന്നതാണ് പൊതുവിലയിരുത്തൽ. തോമസ് ചാണ്ടി പങ്കെടുത്താൽ തങ്ങളുടെ പ്രതിനിധികൾ മന്ത്രിസഭാ യോഗത്തിലുണ്ടാകില്ലെന്ന വിവരം സിപിഐഎമ്മിനെ അറിയിച്ചിരുന്നുവെന്നാണ് സിപിഐ വാദം. എന്നിട്ടും ചാണ്ടി പങ്കെടുക്കുന്ന സാഹചര്യമുണ്ടായപ്പോൾ തീരുമാനം നടപ്പിലാക്കുകയായിരുന്നു. ഇതിൽ അസ്വഭാവികതയില്ലെന്നും സിപിഐ വാദിക്കുന്നു.

You must be logged in to post a comment Login