സിപിഐ മന്ത്രിമാര്‍ പരാജയമെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം; പാര്‍ട്ടി സ്‌നേഹത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണം

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നും ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ലെന്നുമടക്കമുള്ള വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.

മന്ത്രിമാര്‍ കുറച്ചുകൂടി കാര്യഗൗരവത്തോടെ ഇടപെടാന്‍ പ്രാപ്തി നേടണമെന്ന് യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സ്‌നേഹത്തില്‍ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്നും മുഖ്യമന്ത്രിയുടെ അത്രയും വന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തു നില്‍ക്കുന്ന പ്രകടനമെങ്കിലും നടത്തണമെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു.

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയമാണ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നു. പാര്‍ട്ടിയിലെ പ്രത്യേക വിഭാഗത്തിന് മാത്രം സ്ഥാനങ്ങള്‍ ലഭിക്കുന്നു.

സി.എന്‍ ചന്ദ്രനെ കാറും ഓഫീസുമില്ലാത്ത ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചു. സ്ഥാനം കൊടുക്കാതിരിക്കാം കൊടുത്ത് അവഹേളിക്കരുത് തുടങ്ങി നേതൃത്വത്തിനെ ശക്തമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. വി.പി. ഉണ്ണികൃഷ്ണന്‍, ടി. വി. ബാലന്‍, കെ.എസ്. അരുണ്‍ തുടങ്ങിയവരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

You must be logged in to post a comment Login