സിറിയന്‍ സൈന്യം 11000 തടവുകാരെ ക്രൂരപീഡനത്തിനു ശേഷം കൊന്നതായി വെളിപ്പെടുത്തല്‍

സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ സൈന്യം 11,000 പൗരന്മാരെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് മുന്‍ അന്താരാഷ്ട്ര അഭിഭാഷകര്‍ സിറിയന്‍ സൈന്യത്തിലെ മുന്‍ ഫോട്ടോഗ്രാഫറെ ഉദ്ധരിച്ചു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍. സൈന്യമറിയാതെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ആയിരത്തോളം ചിത്രങ്ങളെയും വെളിപ്പെടുത്തലുകളെയും ആധാരമാക്കിയാണ് റിപ്പോര്‍ട്ട്.

ശാരീരിക പീഡനവും പട്ടിണിയും ശ്വസം മുട്ടിച്ചുള്ള പീഡനങ്ങളും വ്യക്തമാക്കുന്ന 55,000 ചിത്രങ്ങളാണ് ഇവര്‍ പുറത്തുവിട്ടത്. രണ്ടര വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെ ജയിലിലാക്കപ്പെട്ടവരെയാണ് ക്രൂരമായി സൈന്യം പീഡിപ്പിച്ചത്.തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തും. കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹങ്ങള്‍. ഷോക്കേല്‍പ്പിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകള്‍ മൃതശരീരങ്ങളില്‍ കാണാം. ശുഷ്‌കിച്ചും വിളര്‍ച്ച ബാധിച്ചും മുറിവുകളുമായി നരകിക്കുന്ന സിറിയന്‍ പൗരന്മാരുടെ നേര്‍ക്കാഴ്ചയാണ് ചിത്രങ്ങള്‍.
syria-massive-hollocaust
വധശിക്ഷ നടപ്പാക്കിയതിന് തെളിവു നല്‍കുന്നതിനായാണ് ദമാസ്‌കസിലെ സൈനിക ആശുപത്രിയില്‍ വച്ച് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ദിവസം 50 മൃതദേഹങ്ങള്‍ തന്റെ മുന്‍പിലെത്തിച്ചിരുന്നെന്നും മുറിവുകള്‍ സാധാരണമായിരുന്നെന്നും ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തുന്നുണ്ട്. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവര്‍.  പീഡനങ്ങള്‍ തന്റെ കണ്‍മുമ്പില്‍ നിന്നല്ലെന്നും എന്നാല്‍ മുന്നിലെത്തിയ മൃതദേഹങ്ങളില്‍ നിന്നാണ് കൊടുംക്രൂരതകള്‍ മനസ്സിലാക്കിയതെന്നുമാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. എന്നാല്‍, സ്ത്രീകളുടെ മൃതദേഹങ്ങള്‍ ചിത്രത്തിലില്ല.

സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ സമാധാനസമ്മേളനം ചേരാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സിറിയ നിഷേധിച്ചിരിക്കുകയാണ്.

You must be logged in to post a comment Login