സിറിയയെ ആക്രമിക്കില്ലെന്ന് അമേരിക്ക

മധ്യേഷ്യയിലെ യുദ്ധകാര്‍മേഘങ്ങള്‍ നീങ്ങുന്നു. സിറിയയ്‌ക്കെതിരായ സൈനിക നീക്കം ഉപേക്ഷിക്കാമെന്ന് അമേരിക്ക. സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ജനീവയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ രൂപംകൊണ്ടത്. ഇതോടെ മധ്യേഷ്യയില്‍ ദിവസങ്ങളായി ഉരുണ്ടുകൂടിയ സംഘര്‍ഷത്തിന് അയവുവന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലെവ്‌റോവുമായിരുന്നു ചര്‍ച്ച നടത്തിയത്.

obamaputin-450x280

അമേരിക്കയും റഷ്യയും തമ്മിലുള്ള ധാരണ പ്രകാരം സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കും. ഇതിന് മുന്നോടിയായി യുഎന്‍ പരിശോധകരെ രാജ്യത്ത് പരിശോധന നടത്താന്‍ സിറിയയെ കൊണ്ട് സമ്മതിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ ഒരു ധാരണയില്‍ എത്തിയതോടെ സിറിയയ്ക്ക് മേല്‍ നിന്ന അമേരിക്കന്‍ ആക്രമണ ഭീതിക്ക് അയവ് വന്നു.ഇതോടെ സിറിയയ്‌ക്കെതിരേ ആക്രമണം നടത്താന്‍ യു എന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്നും അമേരിക്ക പിന്‍വാങ്ങും. മൂന്ന് ദിവസമായി ഇരു രാജ്യങ്ങളും സിറിയയിലെ രാസായുധം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

 

അതേസമയം സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെ കടുത്ത വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ രംഗത്തെത്തി. യുഎന്‍ റിപ്പോര്‍ട്ടനുസരിച്ച് സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയതായി നിഷേധിക്കാനാവാത്ത വിധം തെളിഞ്ഞിട്ടുണ്ട്. അസദിന്റെ നേതൃത്വത്തിലുള്ള സൈന്യം സിറിയയില്‍ നടത്തിയ രാസായുധപ്രയോഗം മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.ഇതിന് അസദിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്‍കി.

You must be logged in to post a comment Login