സിറിയയ്‌ക്കെതിരേ നിയന്ത്രിത സൈനിക നടപടി വേണം: ഒബാമ

വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. കരയുദ്ധത്തിന് പകരം വ്യോമാക്രമണമാണ് പരിഗണിക്കുകയെന്ന് ഒബാമ പറഞ്ഞു. സിറിയക്കെതിരായ സൈനിക നടപടിക്ക് ജനപിന്തുണ തേടി ടെലിവിഷനിലൂടെ രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സൈനിക നടപടി സംബന്ധിച്ച വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒബായ യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. രാസായുധങ്ങള്‍ രാജ്യാന്തര നിയന്ത്രണത്തിലാക്കണമെന്ന റഷ്യയുടെ നിര്‍ദേശം സിറിയ സ്വാഗതം ചെയ്ത പശ്ചാത്തലത്തിലാണ് ഒബാമയുടെ നടപടി.
അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള യുദ്ധതന്ത്രമായിരിക്കും അമേരിക്ക പരീക്ഷിക്കുകയെന്ന് ചൊവ്വാഴ്ച രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒബാമ പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും ഒബാമ അറിയിച്ചു.

 

സിറിയയിലെ അസദ് ഭരണകൂടം നടത്തിയ രാസായുധപ്രയോഗത്തിനെതിരെ കണ്ണടയ്ക്കാനാവില്ല. രാസായുധം പ്രയോഗിച്ചതിലൂടെ സിറിയ രാജ്യാന്തരനിയമം ലംഘിച്ചു. രാജ്യാന്തരസമൂഹത്തിന് മാത്രമല്ല അമേരിക്കയ്ക്കും സിറിയയുടെ രാസായുധപ്രയോഗം ഭീഷണിയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. അമേരിക്ക ലോക പൊലീസ് അല്ലെന്നും എന്നാല്‍, സിറിയന്‍ കുഞ്ഞുങ്ങളെ വിഷവാതക മരണത്തില്‍നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഒബാമ പറഞ്ഞു.
ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളെ തുടര്‍ന്ന് യുദ്ധങ്ങളെക്കുറിച്ച് അമേരിക്കന്‍ ജനതയ്ക്ക് മടുപ്പുണ്ടെന്ന് തനിക്കറിയാം. രാജ്യത്തെ മറ്റൊരു കടുത്ത യുദ്ധത്തിന്റെ ബാദ്ധ്യതകളിലേക്ക് എടുത്തെറിയാത്ത വിധത്തിലുള്ള യുദ്ധത്തിനാണ് അമേരിക്ക താല്‍പ്പര്യപ്പെടുന്നത്. റഷ്യയുമായി ചര്‍ച്ചകള്‍ തുടരും. രാസായുധം ഉപേക്ഷിക്കാന്‍ അസദിനെ നിര്‍ബന്ധിതമാക്കുന്നവിധത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പമേയം കൊണ്ടു വരുന്ന കാര്യത്തില്‍ ഫ്രഞ്ച്, ബ്രിട്ടീഷ് സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

You must be logged in to post a comment Login