സിറ്റി ഓട്ടോകള്‍ക്ക് ജൂലൈ ഒന്നുമുതല്‍ മഞ്ഞനിറം

auto-taxiതിരുവനന്തപുരം: സിറ്റി പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് മഞ്ഞനിറം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. പുതിയ സിറ്റി പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ മേയ് രണ്ടുമുതല്‍ സ്വീകരിക്കാനും റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു.

തിരുവനന്തപുരം നഗരപരിധിയിലെ വിലാസത്തില്‍ 2015 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളെയാണ് പെര്‍മിറ്റിന് പരിഗണിക്കുക. പെര്‍മിറ്റ് വേരിയേഷന്‍ അപേക്ഷയും ഫീസും വാഹനരേഖകളുമായി ആര്‍.ടി ഓഫിസിലാണ് അപേക്ഷിക്കേണ്ടത്. 2000 ഡിസംബര്‍ 31നുമുമ്പ് രജിസ്റ്റര്‍ ചെയ്ത ഓട്ടോകള്‍ക്ക് പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ മേയ് രണ്ടുമുതല്‍ 20 വരെ അപേക്ഷിക്കാം. 2001 ജനുവരി ഒന്നുമുതല്‍ 2005 ഡിസംബര്‍ 31വരെ രജിസ്റ്റര്‍ ചെയ്തവര്‍ മേയ് 21 മുതല്‍ 30 വരെയുള്ള തീയതികളില്‍ അപേക്ഷിക്കണം. 2006 ജനുവരി ഒന്നുമുതല്‍ 2010 ഡിസംബര്‍ 31വരെ രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ ഒന്നിനും 10നുമിടക്ക് അപേക്ഷിക്കണം.

2011 ജനുവരി ഒന്നുമുതല്‍ 2015 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത ഓട്ടോകള്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത് ജൂണ്‍ 11നും 20നും ഇടക്കാണ്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ ആര്‍.ടി ഓഫിസില്‍ ഇതിനുള്ള കൗണ്ടര്‍ പ്രവര്‍ത്തിക്കും. നിലവില്‍ 4550 ഓട്ടോകള്‍ക്കാണ് സിറ്റി പെര്‍മിറ്റുള്ളത്. ഇത് 30000 ആക്കാന്‍ ആര്‍.ടി.എ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. സിറ്റി ഓട്ടോകള്‍ക്ക് മുന്‍വശത്തെ ഷീല്‍ഡിനുതാഴെയുള്ള ഭാഗം മഞ്ഞനിറമാക്കാനാണ് തീരുമാനം. ഇതിനിടക്ക് കറുത്ത നിറത്തിലുള്ള സ്ട്രിപ്പുമുണ്ടാകും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ക്കുപുറമെ, സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എന്‍.കെ. രവീന്ദ്രനാഥന്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍. തുളസീധരന്‍പിള്ള, കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

You must be logged in to post a comment Login