സിലിയുടെ രക്തത്തിൽ വിഷാംശമുള്ളതായി ചികിത്സാ രേഖ; സിലി വധക്കേസിൽ സുപ്രധാന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ സുപ്രധാന തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. സിലിയുടെ രക്തത്തിൽ വിഷാംശം ഉള്ളതായി പറയുന്ന ചികിത്സ രേഖ പൊലീസ് ശേഖരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് 2014 ലെ ചികിത്സാ രേഖകൾ ശേഖരിച്ചത്. 2014 സിലിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ജോളി മൊഴി നൽകിയിരുന്നു. അതേസമയം, പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പ് അവസാനിച്ചു. മഞ്ചാടിയിൽ മാത്യൂവിന്റെ വീട്ടിൽ തെളിവെടുക്കുന്നുണ്ട്. വ്യാജ ഒസ്യത്ത് കേസിൽ ഇമ്പിച്ചിമോയി, ഇസ്മായിൽ എന്നിവരെ അന്വേഷമ സംഘം ഇന്ന് ചോദ്യം ചെയ്യും.

ഒക്ടോബർ 27നാണ് സിലി വധക്കേസിൽ ജോളിയുടേയും രണ്ടാം പ്രതി മാത്യുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിലിയെ കൊലപ്പെടുത്താൻ സയനൈഡ് വാങ്ങി നൽകിയത് മാത്യുവാണെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിലി വധക്കേസിൽ മാത്യുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയിരുന്നു.

ജോളിയുടെ മുൻ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.

You must be logged in to post a comment Login