സി.പി.എം ഇടുക്കി സമ്മേളനത്തില്‍ വിഭാഗീയതയുടെ പൊട്ടിത്തെറി

കെ. ജെ മനോജ്


ഇടുക്കി: മൂന്നാറില്‍ നടക്കുന്ന സി. പി. എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനം വിഭാഗീയത പുത്തന്‍ കാഴ്ചകള്‍ക്ക് വേദിയായി. വി. എസ് അച്യുതാനന്ദന് മുദ്രവാക്യം വിളിച്ച് സമ്മേളന വേദിയില്‍ അനുയായികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും അവര്‍ക്ക് താക്കീത് നല്‍കിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പേരെടുത്തു പറഞ്ഞുള്ള ആരോപണങ്ങള്‍ പാടില്ലെന്നു വിലക്കിയതും സമ്മേളനത്തിലെ പ്രത്യേകതകളായി.
സ്ഥാനമൊഴിയുന്ന സെക്രട്ടറി എം. എം മണിക്കു പകരക്കാരനാകാന്‍ കുപ്പായം തയ്പിച്ചവരെ തള്ളി കെ. കെ ജയചന്ദ്രന്‍ എം. എല്‍. എയെ പുതിയ സെക്രട്ടറിയാക്കാമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം അറിയിച്ചപ്പോള്‍, തന്റെ പിന്‍ഗാമിയാകാന്‍ മൂന്നാറില്‍നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. വി ശശിയുടെ പേര് നിര്‍ദേശിച്ച് എം. എം മണി പ്രശ്‌നം സങ്കീര്‍ണമാക്കി.
ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ ഇതാദ്യമായി, ജോയ്‌സ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നിലെ രാഷ്ട്രീയ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യമല്ല, ഏകാധിപത്യമാണെന്ന ആരോപണവും ഉയര്‍ന്നു.
ഇന്നലെ പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചയ്ക്കിടെയാണ് ഔദ്യോഗിക-വി. എസ് പക്ഷങ്ങള്‍ അരയും തലയും മുറുക്കി ആരോപണപ്രത്യാരോപണങ്ങളുമായി വേദിയെ പ്രക്ഷുബ്ധമാക്കിയത്.

You must be logged in to post a comment Login