സി.പി.ഐ മുന്നണിമര്യാദ പാലിച്ചില്ല; സി.പി.എം പി.ബിയില്‍ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ വിട്ടുനിന്നതിനെ വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. സി.പി.ഐയുടേയത് അസാധാരണ നടപടിയാണെന്ന് അവയ്‌ലബിള്‍ പി.ബി വിലയിരുത്തി.

സി.പി.എം മുന്നണിമര്യാദ പാലിച്ചില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐയെ അറിയിക്കും.

ഇതൊരു അസാധാരണ നടപടിയാണെന്ന് വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടിക്കതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സി.പി.എം -സി.പി.ഐ ഭിന്നതയുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകളിലൂടെ അത് പരിഹരിക്കാന്‍ മുന്നണി നേതൃത്വത്തിനായിരുന്നു. എന്നാല്‍ മന്ത്രിസഭാ ബഹിഷ്‌കരണത്തിലൂടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി എന്‍.സി.പിയുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കാനായി സാവകാശം ചോദിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും സി.പി.ഐ ഇത്തരമൊരു നടപടിയെടുത്തതിന്റെ നീരസം മുഖ്യമന്ത്രിയ്ക്കുണ്ട്.

സി.പി.എമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് സി.പി.ഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്‍ ജനയുഗത്തിന്റെ ഒന്നാം പേജില്‍ മുഖപ്രസംഗത്തിലൂടെ മറുപടി നല്‍കിയിരുന്നു. അസാധാരണമായ സാഹചര്യമാണ്, അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന് പാര്‍ട്ടി മുഖപത്രത്തിലൂടെ കാനം വിശദീകരിക്കുന്നു.

You must be logged in to post a comment Login