ഇന്ത്യയിലെ സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ മൂന്നു സുപ്രധാന മാറ്റം വരുത്താന്‍ സ്വീഡിഷ് ആഡംബര കാര്‍ ബ്രാന്‍ഡായ വോള്‍വോ കാഴ്സ് തീരുമാനിച്ചു. നളിന്‍ ജയിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായും(സി എഫ് ഒ) ജ്യോതി മല്‍ഹോത്രയെ ഡയറക്ടര്‍(സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് പി ആര്) ആയും നിയമിച്ചു. രാജീവ് ചൗഹാനാണു പുതിയ നെറ്റ്വര്‍ക്ക് ഡയറക്ടര്‍. വോള്‍വോ ഓട്ടോ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയേകുന്ന വര്‍ഷമാണിതെന്നു കമ്പനി മാനേജിങ് ഡയറക്ടര്‍ ടോം വോണ്‍ ബോണ്‍സ്ഡ്രോഫ് അഭിപ്രായപ്പെട്ടു. ആക്രമണോത്സുക വിപണന തന്ത്രങ്ങളും പുത്തന്‍ മോഡല്‍ അവതരണങ്ങളുമായി ഇക്കൊല്ലം ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനമാണു കമ്പനി ലക്ഷ്യമിടുന്നത്. വ്യവസായത്തിലും വിപണിയിലുമൊക്കെ മികച്ച പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തുമുള്ള പുതിയ സംഘാംഗങ്ങളുടെ വരവ് കമ്പനിയുടെ ഭാവി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇക്കൊല്ലത്തെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20% വളര്‍ച്ചയാണു വോള്‍വോ ഓട്ടോ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി വിപണന ശൃംഖല വിപുലീകരിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്; പുണെ, ലക്നൗ, ജയ്പൂര്‍ നഗരങ്ങളിലാണ് ഡിസംബറിനകം വോള്‍വോ ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങുക. 2020 ആകുമ്പോഴേക്ക് ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ 10% വിഹിതം സ്വന്തമാക്കാനാണു വോള്‍വോ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ബോണ്‍സ്ഡ്രോഫ് അറിയിച്ചു. ഇന്ത്യയില്‍ വിദേശത്തുമുള്ള വിവിധ പ്രമുഖ സ്ഥാപനങ്ങളില്‍ രണ്ടു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണു നളിന്‍ ജയിന് വോള്‍വോ ഓട്ടോയുടെ സി എഫ് ഒ സ്ഥാനത്തെത്തുന്നത്. 2015 മുതല്‍ ഫോക്സ്വാഗന് ഗ്രൂപ്പില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. 2010 2013 കാലഘട്ടത്തില്‍ ഫോക്സ്വാഗന്റെ കണ്‍ട്രോളിങ് മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍, വാണിജ്യ വാഹന വ്യവസായ മേഖലകളില്‍ 21 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണു ജ്യോതി മല്ഹോത്രയ്ക്കുള്ളത്. ഫിയറ്റ് ഇന്ത്യയിലും മാരുതി സുസുക്കി ഇന്ത്യയിലും ജോലി ചെയ്തിട്ടുള്ള മല്‍ഹോത്ര ഏറ്റവുമൊടുവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വൈസ് പ്രസിഡന്റ് (സെയില്‍സ്) ആയിരുന്നു. ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിലെ ഡീലര്‍ ഡവലപ്മെന്റ് ടീമിന്റെ നേതൃസ്ഥാനത്തു നിന്നാണു രാജീവ് ചൗഹാന് വോള്‍വോയുടെ നെറ്റ്വര്ക് ടീമിനെ നയിക്കാന്‍ എത്തുന്നത്. ദെയ്വൂയിലും ഹോണ്ടയിലുമായി രണ്ടു പതിറ്റാണ്ടോളം ഇന്ത്യയിലും മധ്യ പൂര്‍വ രാജ്യങ്ങളിലും വാഹന വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയമാണു ചൗഹാന്റെ കൈമുതല്‍.
You must be logged in to post a comment Login