സീലിങ് തകര്‍ത്ത് ജിംനേഷ്യത്തിലെത്തിയ പെരുമ്പാമ്പ്

പണ്ട് നിലത്തു മാത്രം സൂക്ഷിച്ചു നോക്കി നടന്നാല്‍ മതിയായിരുന്നു. എന്നാല്‍ മുകളിലേക്ക് കൂടി കയറാന്‍ തുടങ്ങിയതോടെ സംഗതി മാറി. അങ്ങനെയുള്ള വാര്‍ത്തകളാണു പാമ്പുകളേക്കുറിച്ച് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ റോക്ക്ഹാംറ്റണിലുള്ള ജിംനേഷ്യത്തിനു മുകളില്‍ സീലിങ്ങില്‍ വലിയ ദ്വാരം കണ്ട് ഉടമയായ ഷാന്റല്‍ വോഗന്‍ ഒന്നു പേടിച്ചു. ഒപ്പോസം എന്ന ജീവിയായിരിക്കും അതിക്രമിച്ചു കയറിയതെന്നായിരുന്നു ഉടമയുടെ ധാരണ. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും ജിമ്മില്‍ പതിവുപോലെ കാര്യങ്ങള്‍ തുടര്‍ന്നു. എന്നാല്‍ മൂന്നാം ദിവസം ജിം വൃത്തിയാക്കാന്‍ വന്ന ജീവനക്കാരന്‍ കണ്ടത് വാതിലിനു പിറകിലായി പതുങ്ങിയിരിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിനെയാണ്. ഇര വിഴുങ്ങി അനങ്ങാനാവാത്ത നിലയിലായിരുന്നു പെരുമ്പാമ്പ്. അപ്പോഴാണ് സീലിങ്ങു തകര്‍ത്തയാള്‍ ഒപ്പോസമല്ല പെരുമ്പാമ്പാണെന്ന് ഉടമയ്ക്കു മനസിലായത്.

പിന്നീട് പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചതനുസരിച്ച് അവരെത്തി പെരുമ്പാമ്പിനെ പിടികൂടി. രണ്ടു ദിവസം പതുങ്ങിയിരുന്നിട്ടും പാമ്പ് അക്രമാസക്തനാകാതിരുന്നത് ഇരവിഴുങ്ങിയതിനാലാവണം എന്നാണ് വോഗന്റെ അഭിപ്രായം. എന്തായാലും പരിക്കുകളൊന്നും കൂടാതെ പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്കു തുറന്നുവിട്ടു.

You must be logged in to post a comment Login