സുനന്ദ നിലപാട് മാറ്റി;തരൂരുമായി യാതൊരു പ്രശ്‌നവുമില്ല, ഞങ്ങള്‍ സന്തുഷ്ടരാണ്

കേന്ദ്രമന്ത്രി ശശി തരൂരിനോട് വിവാഹമോചനം ആവശ്യപ്പെടാന്‍ പോകുന്നുവെന്ന ഭാര്യ സുനന്ദ പുഷ്‌കറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം സുനന്ദ നിലപാട് മാറ്റി. ട്വിറ്ററിലൂടെയാണ് സുനന്ദ ഇക്കാര്യം നിഷേധിച്ചത്. ശശി തരൂരുമായി യാതൊരു പ്രശനവുമില്ലെന്നും, തങ്ങള്‍ സന്തുഷ്ട ജീവിതമാണ് നയിക്കുന്നതെന്നും സുനന്ദ പുതിയ ട്വീറ്റില്‍ വ്യക്തമാക്കി.


പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയുമായി ശശി തരൂരിന് അവിഹിതബന്ധമുണ്ടെന്നും സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താന്‍ തകര്‍ന്നുവെന്നും സുനന്ദ പുഷ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. ശശി തരൂരില്‍ നിന്ന് വിവാഹമോചനം തേടുമെന്നും സുനന്ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ മാധ്യമപ്രവര്‍ത്തക പാകിസ്ഥാന്‍ ചാരയാണെന്നും, ഇവര്‍ തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞിരുന്നു.

നേരത്തെ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ ട്വീറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ചയായിരുന്നു.തന്റെ ഭര്‍ത്താവിനെ ശല്യപ്പെടുത്തുന്ന മെഹറിന്റെ മെസേജുകള്‍ താന്‍ പരസ്യപ്പെടുത്താന്‍ പോകുകയാണെന്നും ട്വീറ്റില്‍ സുനന്ദ സൂചിപ്പിച്ചിരുന്നു. പാകിസ്ഥാനിലെ ഡെയ്‌ലി ടൈംസ് ഓപ് എഡ് എഡിറ്ററാണ് മെഹര്‍ തരാര്‍.

You must be logged in to post a comment Login