സുനന്ദ പുഷ്‌കറിന്റെ മരണം: കേസിന്റെ വിചാരണയ്ക്കായി ശശി തരൂര്‍ കോടതിയിലെത്തി

 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരായ കേസിന്റെ വിചാരണ അല്‍പസമയത്തിനകം ദില്ലി പട്യാല ഹൗസ് കോടതിയില്‍ തുടങ്ങും. വിചാരണക്കായി ശശി തരൂര്‍ കോടതിയിലെത്തി. പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഐപിസി 498എ, ഐപിസി 306 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹര്‍ജിയും കോടതി തള്ളി. സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പൊലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം നാലാം തീയതിയായിരുന്നു ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ പ്രശസ്തമായ ലീലാ പാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

You must be logged in to post a comment Login