സുന്ദര വില്ലന്മാര്‍

ലോക സിനിമയുടെ ചരിത്രമെടുത്താല്‍ നമുക്ക് ലഭിച്ചിരിക്കുന്ന നായക കഥാപാത്രങ്ങളൊക്കെ സുന്ദരന്‍മാരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളെടുത്താല്‍ സിനിമയിലെ സുന്ദരന്മാരായ നായക കഥാപാത്രങ്ങളെല്ലാം വെറും മിഥ്യയാണെന്ന് നമുക്ക് തോന്നി പോകും. വെളുത്തു തുടത്ത കവിളും അനന്ത സാഗരം അലയടിക്കുന്ന കണ്ണുകളും മനോഹരമായ മീശയുമൊക്കെയാണ്  നായകന്മാരുടെ സൗന്ദര്യം. വില്ലന്മാരാകട്ടെ മുഖം നിറയെ പുളളിക്കുത്തുകളും, കറുത്തിരുണ്ട നിറവുമൊക്കെയുളളവരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സുന്ദരന്മാരെല്ലാം വില്ലന്മാരാണ്. മനോഹരമായ അവരുടെ ചിരിക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നത് കാപട്യത്തിന്റെയും ക്രൂരതയുടേയും അഗ്നിസ്പുലിംഗങ്ങളാണ്.

കേരളത്തില്‍ സമീപകാലത്തായി നടന്ന വാര്‍ത്താപ്രാധാന്യം നേടിയ കുറ്റകൃത്യങ്ങള്‍ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അതിലെ
വില്ലന്മാരെല്ലാം സുന്ദരന്മാരായിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസ് പ്രതി ഓംപ്രകാശ്, സ്വദേശിയല്ലെങ്കിലും കേരളത്തിലെ മോഷണക്കേസില്‍ അറസ്റ്റിലായ ബണ്ടിച്ചോര്‍, സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍…ഇപ്പോഴിതാ  ഈ നിരയിലെ ഒടുവിലത്തെ കണ്ണിയാണ് നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഫയാസ്. അങ്ങനെ എത്രയെത്ര സുന്ദരവില്ലന്മാരെ കണ്ടു കേരളം.ഇനിയും പരിശോധിച്ചാല്‍ ഈ നിരയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാം. സൗമ്യ വധക്കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി സുന്ദരനായ വില്ലനായിരുന്നില്ല ആദ്യകാലത്തൊന്നും .

എന്നാല്‍ അയാളെ സുന്ദരനമാക്കിയത് കേരളത്തിലെ ജയിലുകളാണ്. നീണ്ട നാളുകള്‍ക്ക്  ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കറുത്തിരുണ്ട് കൊലുന്നെനേയുളള ഗോവിന്ദച്ചാമിയുടെ രൂപമേ മാറി
യിരുന്നു.ജയില്‍ ജീവിതം അയാളെ കൂടുതല്‍  സുന്ദരനും ഊര്‍ജ്ജസ്വലനുമാക്കി. പോള്‍ മുത്തൂറ്റ് വധക്കേസില്‍ അറസ്റ്റിലായ ഓംപ്രകാശിന്റെ സൗന്ദര്യം കണ്ട് പണ്ടേ കേരളത്തിലെ സ്ത്രീകള്‍ ഭ്രമിച്ചതും ഒരു ചരിത്രം. ഫയാസ് എന്ന മൊഞ്ചനിലേക്കെത്തുമ്പോഴും പുരുഷ സൗന്ദര്യത്തിനൊത്തിണങ്ങിയ രൂപമെന്നാണ് സ്ത്രീകളെ പോലെ പുരുഷന്മാരും വാഴ്ത്തിയത്. ഫയാസിന്റെ സൗന്ദര്യം കണ്ട് സ്ത്രീകള്‍ മോഹിച്ചതു പോലെ ഫയാസിന്റെ ഭ്രമമത്രയും പണത്തിലും ആഡംബരക്കാറുകളിലുമായിരുന്നു.

fayas
കഴിഞ്ഞ 20ന് ദുബായില്‍ നിന്നും  കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തിയ തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനി അരീഫ (26) കോഴിക്കോട് കോട്ടപ്പള്ളി സ്വദേശിനി അസിഫ (25) എന്നിവരില്‍ നിന്നാണ് 20 കിലോ സ്വര്‍ണ്ണം വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റിലിജന്‍സ് വിഭാഗം പിടികൂടിയത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം സ്വര്‍ണ്ണം ഒരുമിച്ച് പിടികൂടുന്നത്. ഇകെ 532 എമറൈസ് എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് സ്ത്രീ യാത്രക്കാര്‍ അനധികൃതമായി സ്വര്‍ണ്ണം കൊണ്ടുവരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ കര്‍ശന പരിശോധനയിലാണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടിയത്. ഇവരുടെ ദേഹത്ത് ധരിച്ചിരുന്ന ജാക്കറ്റിനുള്ളില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി ഇതില്‍ സ്വര്‍ണ്ണം സൂക്ഷിച്ച് ബെല്‍റ്റുകൊണ്ട് ശരീരത്തില്‍ മുറുക്കികെട്ടിയതിനുശേഷം പര്‍ദ്ദ ധരിച്ചാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫയാസ് എന്ന വില്ലന്‍ കേസിന്റെ അന്വേഷണപരിധിയില്‍ വരുന്നത്.തുടര്‍ന്ന് ഫയാസിനെക്കുറിച്ചുളള അന്വേഷണത്തില്‍ ലഭിച്ചതെല്ലാം ഞെട്ടിക്കുന്ന വിവരങ്ങള്‍.സ്വര്‍ണ്ണക്കടത്തിന് പിന്നാലെ മനുഷ്യക്കടത്തിലും പങ്കാളി. സമൂഹത്തിലെ ഉന്നതരുമായുളള ബന്ധങ്ങള്‍. സിനിമ മേഖലയില്‍ ഫയാസിനുളള സ്വാധീനം,മുഖ്യമന്ത്രിയുടെ ഓഫീസുമായുളള ബന്ധം അങ്ങനെ  ഞെട്ടിക്കുന്നതായിരുന്നു ഫയാസിന്റെ ജീവിതം.ഇതിനിടെ സിനിമയിലും മുഖം കാണിച്ചു ഈ സുന്ദരന്‍. നേരത്തെ ആത്മഹത്യ ചെയ്ത നടി പ്രിയങ്കയുടെ മരണവുമായും പറഞ്ഞു കേട്ടു ഫയാസിന്റെ പേര്. ലഭിച്ച ചിത്രങ്ങളെല്ലാം ഫയാസ് ആഡംബരക്കാറുകള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു. അതിനിടെ, മാഹിയിലെ കോടികള്‍ വിലമതിക്കുന്ന നിലവിലെ വീടിന് പുറമെ ഫയാസ് വടകരയില്‍ പുതുതായി 16 കോടിയുടെ വീട് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായും കേട്ടു. ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള പുതിയ ആഡംബര മന്ദിരമാണിത്. ഇങ്ങനെ കേട്ടതൊക്കെ ആഡംബരത്തിന്റെയും ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും കഥകള്‍.

ഒരുകാലത്ത് കേരളത്തിലെ വാര്‍ത്താലോകം അടക്കിവാണിരുന്നത് കേരളത്തിലെ സുന്ദരികളായ വില്ലത്തികളെക്കുറിച്ചുളള വാര്‍ത്തകളായിരുന്നു. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പില്‍ ശബരിനാഥിനൊപ്പവും ചില സുന്ദരികളുണ്ടായിരുന്നു. സോളാര്‍ കേസിലെ സരിതയും ശാലുവുമൊക്കെ സുന്ദരികളായിരുന്നു. അങ്ങനെ സുന്ദരികളും സുന്ദരന്മാരും അടക്കിവാഴുന്നതാണ് കേരളത്തിലെ ക്രിമിനല്‍ ലോകം.

വിദ്യാ സാബു

 

You must be logged in to post a comment Login