സുപ്രീംകോടതിയില്‍ അസാധാരണ സംഭവം, 2 കോടതികള്‍ നിര്‍ത്തിവെച്ചു; 4 ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു

 

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. 2 കോടതികള്‍ നിര്‍ത്തിവെച്ചു. 4 ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് വാര്‍ത്താസമ്മേളനം. കൊളീജിയത്തിനെതിരായ പ്രതിഷേധമാണ് ഇതെന്ന് സൂചന.

നീതിന്യായ വ്യവസ്​ഥയിലെ അസാധാരണ സംഭവമാണിതെന്ന്​ ചേലമേശ്വർ പ്രതികരിച്ചു. ഉച്ചക്ക്​​ 12 മണിക്ക്​ വാർത്താസമ്മേളനം വിളിച്ച്​ കാര്യങ്ങൾ വിശദീകരിക്കുമെന്ന്​ അദ്ദേഹം അറിയിച്ചു.

ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് കോടതി വിട്ടിറങ്ങിയത്. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.

You must be logged in to post a comment Login