സുപ്രീംകോടതി  നടപടികള്‍ പുനരാരംഭിച്ചു; ചീഫ ജസ്റ്റിസ് മാധ്യമങ്ങളെ കാണും

 

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തിയ ശേഷമാണ് കൂടിക്കാഴ്ച ആരംഭിച്ചത്. നിയമവശങ്ങള്‍ എജിയുമായി ചര്‍ച്ച ചെയ്തു. ശേഷം രണ്ടു മണിക്ക് കോടതി നടപടികള്‍ പുനരാരംഭിച്ചു. ജഡ്ജിമാരുടെ പരാതിയിലേക്ക് കടക്കാതെ ചീഫ ജസ്റ്റിസ് നേരത്തെ നിശ്ചയിച്ചിരുന്ന കേസുകളിലേക്കാണ് കടന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണും. തനിക്കെതിരെയും സുപ്രീംകോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജസ്റ്റിസുമാര്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മിശ്രയുടെ വാര്‍ത്താസമ്മേളനം. അറ്റോര്‍ണി ജനറലിനൊപ്പമായിരിക്കും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുക.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് ഇന്ന് സുപ്രീംകോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ചാണ് നാല് കൊളീജിയത്തില്‍ ഉള്‍പ്പെട്ട നാല് ജസ്റ്റിസുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോദി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

You must be logged in to post a comment Login