സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ് സംസ്ഥാന കൗൺസിൽ തീരുമാനം

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന കൗൺസിൽ തീരുമാനം. 20 ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ പുറത്താക്കൽ പ്രഖ്യാപിക്കും. പാർട്ടി ബൈലോ പ്രകാരമുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാണ് സംഘടനാ നടപടിക്ക് 20 വരെ കാത്തിരിക്കുന്നത്. അതേസമയം വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജ് വഴി മാത്രം സുഭാഷ് വാസു 107 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു.

പാർട്ടി അച്ചടക്കം ലംഘിച്ച സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ് സംസ്ഥാന കൗൺസിൽ തീരുമാനമെടുത്തു കഴിഞ്ഞു. എന്നാൽ സാങ്കേതികത മറികടക്കാൻ പുറത്താക്കൽ പ്രഖ്യാപനം 20 ന് നടത്തുന്നു എന്ന് മാത്രമേ ഉള്ളു എന്നാണ് കൗൺസിൽ വിശദീകരണം.

സുഭാഷ് വാസുവിന്റെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തികൊണ്ടായിരുന്നു സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമുള്ള തുഷാർ വെള്ളാപള്ളിയുടെ വാർത്താ സമ്മേളനം. എൻജിനിയറിംഗ് കോളേജിന്റെ പേരിൽ തന്റെ വ്യാജ ഒപ്പിട്ട് സുഭാഷ് വാസു വായ്പ എടുത്തെന്നും കോളേജിന്റെ ഡയറക്ടർ ബോർഡിൽ ഉള്ള പലരുടെയും വ്യാജ ഒപ്പിട്ടിട്ടുണ്ടെന്നും തുഷാർ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

മക്കാവു ദ്വീപിൽ തനിക്ക് ഫാറ്റുണ്ടെന്നാണ് സുഭാഷ് വാസുവിന്റെ പുതിയ കണ്ടെത്താൽ. ഇത് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും തുഷാർ വ്യക്തമാക്കി.

എല്ലാം കൃത്യമായി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സെൻകുമാർ ഡിജിപി ആയി ഇരുന്ന ആൾ ആണ്, ഇത്രയും വലിയ തട്ടിപ്പ് വീരന്റെ കൂടെ സെൻകുമാർ നിൽക്കുമെന്ന് കരുതുന്നില്ലെന്നും തുഷാർ തുറന്നടിച്ചു. അതേ സമയം വെള്ളാപ്പള്ളി കുടുംബത്തിനെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സുഭാഷ് വാസു നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

You must be logged in to post a comment Login