സുരേഷ് ഗോപിക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ്;മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ട

തിരുവനന്തപുരം: ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ സുരേഷ് ഗോപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി. മോദിഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞത്.

സിനിമയില്‍ രാഷ്ട്രീയക്കാരെ അധിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന കയ്യടി ഇവിടെ കിട്ടില്ലെന്ന് സുരേഷ് ഗോപി ഓര്‍ക്കണം. വമ്പുപറച്ചില്‍ സിനിമയില്‍ മാത്രം മതിയെന്നും ഡീന്‍ പറഞ്ഞു. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്നാണ് സുരേഷ് ഗോപി രാവിലെ കുറ്റപ്പെടുത്തിയത്. ഭാവി തലമുറയ്ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന പ്രകൃതി ഉള്‍പ്പെടെ പലതും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വായിച്ചു വിവരം വച്ചില്ലെങ്കില്‍ പഠിച്ചു വിവരമുള്ളവരോടു ചോദിച്ചു വേണം ഭരണകര്‍ത്താക്കള്‍ ഇത്തരം കാര്യങ്ങള്‍ പറയാനെന്നും സുരേഷ് ഗോപി പറഞ്ഞു.

You must be logged in to post a comment Login