സുസുക്കി- പ്രോട്ടോണ്‍ ധാരണയില്‍ പ്രതീക്ഷയോടെ മാരുതി

Untitled-2 copyമുംബൈ: ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പറേഷ(എസ് എം സി)നും നിലനില്‍പ്പിനായി പൊരുതുന്ന മലേഷ്യന്‍ കാര്‍ നിര്‍മാതാക്കളായ പ്രോട്ടോണ്‍ ഹോള്‍ഡിങ്‌സ് ബെര്‍ഹാദുമായുള്ള ധാരണ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു ഗുണം ചെയ്യാന്‍ സാധ്യത. മലേഷ്യന്‍ വിപണിക്കായി പുതിയ എന്‍ട്രി ലവല്‍ കാര്‍ വികസിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചതാണു മാരുതി സുസുക്കിയുടെ കയറ്റുമതി മോഹങ്ങള്‍ക്കു ചിറകേകുന്നത്.
മലേഷ്യയിലെ ആദ്യ കാര്‍ നിര്‍മാതാക്കളെന്ന പെരുമയോടെ 1983ല്‍ സ്ഥാപിതമായ പ്രോട്ടോണിനു നിലവില്‍ 17% വിപണി വിഹിതമുണ്ട്. 2014ല്‍ കമ്പനി വിറ്റത് 1.16 ലക്ഷം കാറുകളായിരുന്നു. മലേഷ്യന്‍ വിപണിയി ലക്ഷ്യമിട്ടുള്ള പുതിയ കാര്‍ നിര്‍മിക്കാനുള്ള സമ്പൂര്‍ണ(സി കെ ഡി) കിറ്റുകള്‍ സുസുക്കി ലഭ്യമാക്കുമെന്നാണു കരാര്‍.
പ്രതാപകാലത്തു മലേഷ്യന്‍ നിരത്തുകളെ അടക്കിവാണിരുവിദേശ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ശക്തമായ മത്സരം നേരിടാനാവാതെ കനത്ത നഷ്ടത്തിലായിട്ടുണ്ട്. ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാനും നഷ്ടപ്രതാപം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രോട്ടോണ്‍ പങ്കാളിയായി സുസുക്കിയെ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15ന് ഒപ്പിട്ട കരാര്‍ പ്രകാരം 2016 ഓഗസ്റ്റിലാണു പുതിയ കോംപാക്ട് കാര്‍ പ്രോട്ടോന്റെ താഞ്ചുങ് മാലിം പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുക.
പ്രോട്ടോണും എസ് എം സിയും വിശദ പഠനം നടത്തിയാവും കൂടുതല്‍ പുതിയ മോഡലുകളുടെ അവതരണം സംബന്ധിച്ച് തീരുമാനമെടുക്കുക.
ഭാവിയില്‍ പ്രോട്ടോണ്‍ നിര്‍മിക്കുന്ന മോഡലുകളില്‍സുസുക്കിയില്‍ നിന്നുള്ള എന്‍ജിനുകളും ട്രാന്‍സ്മിഷനുകളുമൊക്കെ ഉപയോഗിക്കാനുള്ള സാധ്യതയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉപസ്ഥാപനമായ മാരുതി സുസുക്കിയില്‍ സുസുക്കിക്ക് 56% ഓഹരി പങ്കാളിത്തമുണ്ട്; ആഗോളതലത്തില്‍ തന്നെ സുസുക്കിക്ക് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്ന ഉപസ്ഥാപനവും മാരുതിയാണ്.
പോരെങ്കില്‍ മറ്റു കമ്പനികള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹന നിര്‍മാണം നടത്തിയുള്ള പരിചയവും മാരുതി സുസുക്കിക്കു സ്വന്തമാണ്. മാരുതിയുടെ ചെറുകാറായ ‘എ സ്റ്റാറി’നെ നിസ്സാന്‍ മോട്ടോര്‍ വാങ്ങി ‘പിക്‌സോ’ എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ വിറ്റിരുന്നു. ഇതുവഴി പ്രതിവര്‍ഷ കയറ്റുമതി അരലക്ഷം യൂണിറ്റോളം ഉയര്‍ത്താനും മാരുതിക്കു സാധിച്ചു. ഇപ്പോഴാവട്ടെ ഇന്തൊനീഷ്യയില്‍ നിര്‍മിച്ചു വില്‍ക്കുന്ന ‘എര്‍ട്ടിഗ’ എം പി വിക്കുള്ള കിറ്റുകള്‍ ലഭ്യമാക്കുന്നതും മാരുതി സുസുക്കിയാണ്.
ചെറുകാര്‍ വിഭാഗത്തില്‍ വിപുലമായ മോഡല്‍ ശ്രേണിയാണു മാരുതിയുടെ മറ്റൊരു നേട്ടം.

You must be logged in to post a comment Login