സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം; ഐഎസ്എല്ലിലെ നിര്‍ഭാഗ്യം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ഭുവനേശ്വര്‍: ഐ ലീഗിലെ ടീമുകളും ഐഎസ്എല്ലിലെ ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പിന് മാര്‍ച്ച് 15ന് ഭുവനേശ്വറില്‍ തുടക്കമാകും. യോഗ്യതാ മത്സരങ്ങളാണ് ആദ്യം നടക്കുക. യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഐ ലീഗിലെയും ഐഎസ്എല്ലിലെയും ആദ്യ ആറു സ്ഥാനക്കാര്‍ക്ക് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ഐ ലീഗിലെയും ഐഎസ്എല്ലിലെയും 7 മുതല്‍ 10 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് യോഗ്യതാ മത്സരങ്ങളും നടത്തും. യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന നാലു ടീമുകളുള്‍പ്പെടെ ആകെ 16 ടീമുകളാണ് സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലുണ്ടാവുക. യോഗ്യതാ മത്സരത്തിനുശേഷം ഭുവനേശ്വറില്‍ മാര്‍ച്ച് 31ന് സൂപ്പര്‍ കപ്പിന് പന്തുരുളും. ഏപ്രില്‍ നാലു മുതല്‍ ഏഴുവരെ ക്വാര്‍ട്ടറും ഒമ്ബതിനും പത്തിനും സെമിഫൈനലും നടക്കും. ഏപ്രില്‍ 13ന് രാത്രി എട്ടരക്കാണ് ഫൈനല്‍. കഴിഞ്ഞവര്‍ഷം ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാണ് ബെംഗളുരു ചാമ്ബ്യന്മാരായത്.

ഐഎസ്എല്ലില്‍ ഇത്തവണ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സിന് ആരാധകരുടെ നിരാശ മാറ്റാനുള്ള അവസരമാണ് സൂപ്പര്‍ കപ്പ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ സഹലും ധീരജ് സിംഗും ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങില്ല. മുന്നേറ്റ നിര ഫോമിലാകുമെന്നാണ് പരിശീലകന്‍ നെലെ വിന്‍ഗാര്‍ഡിന്റെ പ്രതീക്ഷ. അതേസമയം ഐ ലീഗില്‍ അവസാന മത്സരങ്ങളില്‍ മികച്ച കളി കെട്ടഴിച്ച ഇന്ത്യന്‍ ആരോസിനെ കീഴടക്കുക എളുപ്പമാകില്ല. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയതിനാല്‍ ചില കളിക്കാര്‍ ഇന്ത്യന്‍ ആരോസിലും ഉണ്ടായേക്കില്ല.

You must be logged in to post a comment Login