സൂപ്പര്‍ കാറുകള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി ഇഗ്‌നിസ്


മികച്ച പ്രകടനം കാഴ്ചവച്ചു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച പ്രീമിയം അര്‍ബന്‍ സിറ്റി കാറായ ഇഗ്‌നിസ് മുന്നേറുന്നു. ജനുവരി മധ്യത്തില്‍ അരങ്ങേറിയ ‘ഇഗ്‌നിസി’ന്റെ ഇതുവരയുള്ള വില്‍പ്പന 10,000 യൂണിറ്റ് പിന്നിട്ടിരിക്കുന്നു. 12,000 പേരാണ് കാറിനായി ബുക്കിങ് നടത്തി കാത്തിരിക്കുന്നത്. ‘ഇഗ്‌നിസി’നുള്ള ഇ ബുക്കിങ് ജനുവരി ആദ്യ വാരമാണു മാരുതി സുസുക്കി ആരംഭിക്കുന്നത്. ലക്ഷ്യമിടുന്നതു പുതുതലമുറയായതിനാല്‍ ബുക്കിങ്ങുകളില്‍ പകുതിയിലേറെ ഓണ്‍ലൈന്‍ വ്യവസ്ഥയിലാവുമെന്നു കമ്പനി പ്രതീക്ഷിച്ചിരുന്നു. പ്രീമിയം ക്രോസോവറായ ‘എസ് ക്രോസി’നും പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും പിന്നാലെ നെക്‌സ ഷോറൂം ശൃംഖല വഴി വില്‍പ്പനയ്‌ക്കെത്തുന്ന മൂന്നാമതു മോഡലാണ് ‘ഇഗ്‌നിസ്’.പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി 4.59 ലക്ഷം മുതല്‍ 7.80 ലക്ഷം രൂപ വരെ വിലയ്ക്കു ലഭിക്കുന്ന ‘ഇഗ്‌നിസി’ന്റെ മത്സരം മഹീന്ദ്ര ‘കെ യു വി 100’, ഹ്യുണ്ടേയ് ‘ഗ്രാന്‍ഡ് ഐ 10’ തുടങ്ങിയവയോടാണ് മത്സരിക്കുന്നത്.

ഹരിയാനയിലെ ഗുഡ്ഗാവ് ശാലയില്‍ പ്രതിമാസം 4,500- 5,000 ‘ഇഗ്‌നിസ്’ ആണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്നത്. മികച്ച സ്വീകാര്യത കൈവരിച്ച കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും ഇതേ ശാലയില്‍ നിന്നാണു പുറത്തെത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ ‘ഇഗ്‌നിസ്’ സ്വന്തമാക്കാന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണു നിലവിലുള്ളതെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍ എസ് കാല്‍സി. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെയും ‘വിറ്റാര ബ്രേസ’യുടെയും തുടക്കത്തിലും പുതിയ വാഹനം ലഭിക്കാനുള്ള കാത്തിരിപ്പ് മൂന്നു മാസത്തോളമായിരുന്നു. എന്നാല്‍ ജനപ്രീതി ഉയര്‍ന്നതോടെ ഇരുവാഹനങ്ങളുടെയും മുന്തിയ വകഭേദങ്ങള്‍ ലഭിക്കാന്‍ ഒന്‍പതു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമായി.

ആവശ്യം ഉയര്‍ന്നാല്‍ ‘ഇഗ്‌നിസ്’ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച ‘ബലേനൊ ആര്‍ എസ്’ ഉല്‍പ്പാദിപ്പിക്കുന്നത് മനേസാര്‍ ശാലയിലാണ്; കഴിഞ്ഞ മാസത്തോടെ ‘ബലേനൊ’ ഉല്‍പ്പാദനം മനേസാറിനൊപ്പം ഗുജറാത്തിലെ പുതിയ ശാലയിലും ആരംഭിച്ചു. ഇതോടെ മനേസാറിലെ സമ്മര്‍ദം കുറച്ചൊക്കെ അയഞ്ഞെന്നാണു മാരുതിയുടെ വിലയിരുത്തല്‍. വൈകാതെ ‘ബലേനൊ ആര്‍ എസ്’ ഉല്‍പ്പാദനവും ഗുജറാത്ത് ശാലയിലേക്കു മാറ്റുമെന്നാണ് ആര്‍ എസ് കാല്‍സി നല്‍കുന്ന സൂചന. ‘ബലേനൊ’ ഉല്‍പ്പാദനം പൂര്‍ണമായി തന്നെ ഗുജറാത്തിലേക്കു മാറുന്നതോടെ മറ്റു മോഡലുകളുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ സൗകര്യം തുറന്നു കിട്ടുമെന്ന് അദ്ദേഹം കരുതുന്നു.

You must be logged in to post a comment Login