സൂപ്പര്‍ കിങ്‌സ് സെമിയില്‍

ഓസ്‌ട്രേലിയന്‍ ടീം ബ്രിസ്‌ബേന്‍ ഹീറ്റിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ സെമിയിലെത്തി. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായി ചെന്നൈ. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് 12 പോയിന്റോടെയാണ് ചെന്നൈയുടെ സെമി പ്രവേശനം. നിര്‍ണ്ണായകമായ 138 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കിനില്‌ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. 48 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയ ചെന്നൈ ഓപ്പണര്‍ മൈക്ക് ഹസ്സിയാണ് മാന്‍ ഓഫ് ദി മാച്ച്.സ്‌കോര്‍: ചെന്നൈ 15.5 ഓവറില്‍ 2ന് 140, ഹീറ്റ് 20 ഓവറില്‍ 7ന് 137;
chennai su
ടോസ് ജയിച്ച് ബ്രിസ്‌ബേനിനെ ബാറ്റിങ്ങിനുവിട്ട ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ പ്രതീക്ഷ തെറ്റിച്ചില്ല ബൗളര്‍മാര്‍. 66 റണ്‍സെടുക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടമായി നാണക്കേടിലേക്ക് നീങ്ങിയ ബ്രിസ്‌ബേനിനെ ഏഴാം വിക്കറ്റില്‍ ഹാര്‍ട്‌ലിയും(37) കട്ടിങ്ങും (42 നോട്ടൗട്ട്) ചേര്‍ന്നു നേടിയ 71 റണ്‍സാണ് സാമാന്യം ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ വളരെ സാവധാനമാണ് കളിക്കളം കൈയിലെടുത്തത്. മുരളി വിജയ്(42) ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയതോടെ മുരളിക്കു പകരം വന്ന റെയ്‌നയും(23) ക്യാപ്റ്റന്‍ ധോനിയും കൂടുതല്‍ ഉഷാറായി. തുടരെ രണ്ടു പന്തുകളില്‍ ഫോറും സിക്‌സറുമടിച്ചാണ് ധോനി മത്സരം പൂര്‍ത്തിയാക്കിയത്. ഏഴു ബൗണ്ടറികളോടെ 57 റണ്ണുമായി ഹസ്സി കൂടെ ചേര്‍ന്നതോടെ കളി ചെന്നൈയുടെ വരുതിയിലായി.

ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്മാരായ ടൈറ്റന്‍സ് എട്ടു വിക്കറ്റിന് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്പിച്ചു.

 

 

You must be logged in to post a comment Login