സൃഷ്ടാവിനെ മറികടന്ന കഥാപാത്രം; സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും

  • ഇടത്തിട്ട സത്യന്‍

വിശ്വസാഹിത്യ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള അപസര്‍പ്പക കഥാപാത്രങ്ങളിലെ അഗ്രഗണ്യനായ ഷെര്‍ലക് ഹോംസിന്റെ സൃഷ്ടാവായിരുന്നു സര്‍ ആര്‍തര്‍ കോനല്‍ ഡോയല്‍. പൂജാവിഗ്രഹം പൂജാരിയേയും അതിയിപ്പിച്ചു വളര്‍ന്നു വലുതാകുന്നതുപോലെ, താന്‍ സൃഷ്ടിച്ച കഥാപാത്രം കാലദേശഭേദങ്ങളെ മറികടന്ന് അനശ്വരത കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമാവുന്നതു കാണുവാന്‍ ഭാഗ്യം സിദ്ധിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിന്റെ എഡിന്‍ബര്‍ഗിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ 1859 നു മെയ് 29 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1885 ല്‍ എഡിന്‍ ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1891 വരെ അവിടെത്തന്നെ തുടര്‍ന്നു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചരിത്ര ഗവേഷകന്‍ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചുവെങ്കിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ താന്‍ തികഞ്ഞ പരാജയമായിരുന്നു എന്നാണദ്ദേഹം പിന്നീടു വിലയിരുത്തിയിട്ടുളളത്. ലണ്ടന്‍ നഗരത്തിലൊരു ക്ലിനിക്കു തുറന്നു പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും അതുമായി ഏറെ മുന്നോട്ടു പോകുവാനദ്ദേഹത്തിനു കഴിഞ്ഞില്ല. മുറി വാടക കൊടുക്കുവാനോ തന്റെ നിത്യനിദാനച്ചിലവിനു വഴി കണ്ടെത്തുവാനോ പോലും കഴിയാതെ അതടച്ചു പൂട്ടി ആ അദ്ധ്യായം അവസാനിപ്പിക്കുകയായിരുന്നു. ദുരിത പൂര്‍ണ്ണമായ ആ കാലഘട്ടത്തെപ്പറ്റി ഒട്ടും മറച്ചുവയ്ക്കാതെ അദ്ദേഹം ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്.

‘പല ദിവസങ്ങളിലും ഒരു നേരത്തെ ആഹാരത്തിനു പോലും വഴി കണ്ടെത്താനാവാതെ വിശപ്പു സഹിച്ചു ഞാന്‍ രോഗികളേയും കാത്തിരുന്നു. പക്ഷെ എെന്നത്തേടി ഒരിക്കല്‍ പോലും ഒരു രോഗിയുമെത്തിയില്ല.’അങ്ങിനെ ജീവിതം വഴി മുട്ടി നിന്ന ഒരു ദശാസന്ധിയിലാണ് ക്ലിനിക്കടച്ചു പൂട്ടി സ്റ്റെതസ്‌കോപ്പുപേക്ഷിച്ച് തൂലിക കയ്യിലെടുക്കുവാന്‍ തീരുമാനിച്ചത്. ഡോ. ഡോയലിന്റെ കഴിവുകളെക്കുറിച്ചേറെ മതിപ്പുണ്ടായിരുന്ന ബര്‍ട്ടണ്‍ ഫ്‌ളച്ചര്‍ റോബിന്‍സണ്‍ എന്ന പത്രപവര്‍ത്തക സുഹൃത്തായിരുന്നു അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. കഥയ്ക്കും, ഗദ്യാത്മകകഥയുടെ വിപുലീകൃതരൂപം എന്നു വിവക്ഷിക്കാവുന്ന നോവലിനുമൊക്കെ വളരെ വലിയൊരു വായനാ സമൂഹം രൂപപ്പെട്ടുവന്ന ഒരു കാലഘട്ടത്തിലാണ് ഡോ. ഡോയല്‍ തന്റെ സാഹിത്യസപര്യയ്ക്കു തുടക്കം കുറിക്കുന്നത്. നോവല്‍ സാഹിത്യശാഖയിലെ ആദ്യകൃതിയെന്നു വിലയിരുത്തപ്പെടുന്നഹോറെസ് വാള്‍പോളിന്റെ ഠവല രമേെഹല ീള ഛൃേമിീേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടൊരു നൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞിരുന്നു.

പ്രകൃതാതീത ശക്തികളും നിഗൂഢതകളുമൊക്കെ കടന്നുവരുന്ന ഇതിന്റെ തുടര്‍ച്ചയെന്നോണം മതപാരമ്പര്യങ്ങളില്‍ നിന്നും നാടോടിക്കഥകൡ നിന്നുമൊക്കെ ഇതിവൃത്ത സ്വീകരണം നടത്തി പൗരാണികമായ കോട്ടകളും കൊത്തളങ്ങളും മഹാശ്മശാനങ്ങളുമൊക്കെ പശ്ചാത്തലമാക്കി,ഭൂതകാലത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ നിന്നുയര്‍ത്തെഴുന്നേറ്റുവരുന്ന ഭൂതകാല പ്രേത പിശാചുക്കളേയും പ്രതികാരദാഹികളായ രക്തരക്ഷസ്സുകളേയുമൊക്കെ കഥാപാത്രങ്ങളാക്കി വായനക്കാരുടെ മനസ്സുകൡ ഭയസംഭ്രങ്ങള്‍ വിതച്ച് ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒട്ടേറെ ഹൊറര്‍ നോവലുകള്‍ പുറത്തുവരികയുണ്ടായി. ഇതിനിടയില്‍ തന്നെ ഇന്നു സര്‍വ്വസാധാരണമായിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ നോവലിനും തുടക്കം കുറിക്കപ്പെട്ടിരുന്നു പ്രസിദ്ധ കവിയായിരുന്ന ഷെല്ലിയുടെ ഭാര്യയും വിഖ്യാത നിരീശ്വരവാദിയായിരുന്ന വില്യം ഗോഡ് വിന്നിന്റെ മകളുമായിരുന്ന മേരി ഷെല്ലിയുടെ ഫ്രാങ്കസ്റ്റീന്‍. അന്നും ഇന്നും ഏറെ വായിക്കപ്പെടുന്ന, മനുഷ്യകുലത്തെ നന്‍മയിലേക്കും തിന്‍മയിലേക്കും നയിക്കാന്‍ കഴിയുന്ന, ശാസ്ത്രത്തെ തെറ്റായ വഴികളിലൂടെ ഉപയോഗിച്ചാലുണ്ടാകുന്ന വിനാശകരമായ വിപരീതഫലങ്ങളെപ്പറ്റി ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ മുന്നറിയിപ്പു നല്‍കുന്ന ആ കൃതി 1918 ലാണു പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനും ഏറെ അനുകര്‍ത്താക്കളുണ്ട്.

അന്നുവരെ അനുവര്‍ത്തിച്ചുവന്ന ഈ രണ്ടു ധാരകളില്‍ നിന്നും വ്യത്യസ്തമായി എന്നാല്‍ വായനക്കാരെ മുന്നോട്ടു നയിക്കാനുതകുന്നതുമായ ഒരിവൃത്ത പരിസരം സൃഷ്ടിക്കുവാനുള്ള പരിശ്രമങ്ങളാണു ഡോ. ഡോയലിനെ കുറ്റവാൡകളും കുറ്റകൃത്യങ്ങളും കുറ്റാന്വേഷണരും അവരുടെ ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണങ്ങളും കണ്ടെത്തലുകളുമൊക്കെ യുക്തിപൂര്‍വ്വം നിബന്ധിക്കുന്ന കുറ്റാന്വേഷണ നോവലെന്ന പശ്ചാത്തലത്തിലേക്കു നയിച്ചത്. ആ കാലത്തേറെ ജനപ്രീയമായി മാറിക്കഴിഞ്ഞിരുന്ന കുറ്റാന്വേഷണ സാഹിത്യത്തിന്റെ സാധ്യതകളിലേക്കദ്ദേഹത്തെ നയിച്ചതും പത്രപ്രവര്‍ത്തക സുഹൃത്തായിരുന്ന റോബിന്‍സണ്‍ തന്നെയായിരുന്നു. ഡോ. ഡോയലിനു മുന്‍പു തന്നെ എഡ്ഗാര്‍ അലന്‍ പോ, വില്‍ക്കി കോളിന്‍സ്, ഗബാറിയോ തുടങ്ങിയവര്‍ കുറ്റാന്വേഷണ കഥാപാത്രങ്ങള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാലിവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനും അസാധാരണനും വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നവനുമായ ഒരു കുറ്റാന്വേഷണ കഥാപാത്രത്തിന്റെ രൂപ മാതൃകയ്ക്കു വേണ്ടി ഡോ.ഡോയലിന്റെ അന്വേഷണമെത്തി നിന്നത് തന്റെ ഗുരുനാഥനായിരുന്ന ഡോ.ജോസഫ് ബല്ലിലാണ്.

എഡിന്‍ ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ വൈദ്യശാസ്ത്രവിഭാഗം തലവനും പ്രഗത്ഭനായ സര്‍ജനും ഒരു മെഡിക്കല്‍ ജേര്‍ണലിന്റെ പത്രാധിപരുമായിരുന്ന ഡോ. ബെല്‍ തന്റെ മുന്നിലെത്തുന്ന രോഗികളുടെ രോഗാവസ്ഥ ചോദിച്ചറിയുന്നതിനോടൊപ്പം തന്നെ അവരുടെ ശരീര ഭാഷയുടേയും പെരുമാറ്റ രീതികളുടേയും സൂക്ഷ്മാവലോകനത്തിലൂടെ മനസ്സിന്റെ ഉള്ളറകളിലേക്കിറങ്ങി ചെന്ന് അവരുടെ സാമൂഹ്യ സാഹചര്യങ്ങളും ജീവിതോപാധിയും വരെ ഊഹിച്ചെടുക്കുവാന്‍ കഴിവുള്ള ഒരസാമാന്യ വ്യക്തിത്വത്തിനുടമയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റേയും സാഹചര്യങ്ങളുടേയും സൂക്ഷ്മവും വിശദവും ശാസ്ത്രീയവുമായ അന്വേഷണങ്ങളിലൂടെ കുറ്റവാളികളിലേക്കെത്തിച്ചേരുന്ന ഷെര്‍ലക് ഹോംസിന്റെ രൂപമാതൃക ഡോ. ഡോയല്‍ സ്വീകരിച്ചത് ഡോ.ബല്ലില്‍ നിന്നായിരുന്നു. ഹോംസിന്റെ സന്തതസഹചാരിയും സഹായിയുമായിരുന്ന ഡോ. വാട്‌സണു മാതൃകയായത് ഡോയലിന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെന്നയായിരുന്നു.

ഷെര്‍ലക് ഹോസും ഡോ.വാട്‌സണും ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1887 ല്‍ പ്രസിദ്ധീകരിച്ച ‘എ സ്റ്റഡി ഇന്‍ സ്‌കാര്‍ലറ്റ്’ എന്ന കൃതിയിലാണ്. തുടര്‍ന്ന് ‘ദ സൈന്‍ ഓഫ് ഫോര്‍’, ‘ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഷെര്‍ലക് ഹോംസ് ‘എന്നി കൃതികള്‍ കൂടി പുറത്തുവന്നതോടെ ഹോംസും വാട്‌സണും യൂറോപ്പിലെങ്ങുമുള്ള വായനക്കാരുടെ മനസ്സുകളിലിതിഹാസ സമാനരായി വളര്‍ന്നു. സദാ ചുണ്ടിലെരിയുന്ന പൈപ്പുമായി, ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലെ നിഗൂഢതകള്‍ പതിയിരിക്കുന്ന പുരാതനമായ കെട്ടിടത്തിലുലാത്തുന്ന ഷെര്‍ലക് ഹോംസിനേയും അതിസൂക്ഷ്മമായ നിരീക്ഷണ നിഗമനങ്ങളിലൂടെ അദ്ദേഹത്തെ സഹായിക്കുന്ന ഡോ. വാട്‌സണേയും വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു. പിന്നീടു കൃത്യമായ ഇടവേളകളില്‍ കുറ്റവാളികളെത്തേടി അവരെ കൈവിലങ്ങണിയിച്ചു നീതിപീഠങ്ങളുടെ മുന്നിലെത്തിക്കുവാന്‍ ഹോംസും ഡോ. വാടസണും എത്തിക്കൊണ്ടേയിരുന്നു. യഥാര്‍ത്ഥത്തില്‍ ആ കാലത്തു ലണ്ടനില്‍ ജീവിച്ചിരുന്ന അതിസമര്‍ത്ഥനായ ഒരു കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ് എന്നു വിശ്വസിച്ചവരേറെയായിരുന്നു.

ഷെര്‍ലക് ഹോംസ്,ബി.221 ,ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ എന്ന അഡ്രസ്സില്‍ അദ്ദേഹത്തിനു കത്തുകള്‍ എഴുതിയവരും അദ്ദേഹത്തെ നേരിട്ടു കാണുവാനവിടെ എത്തിച്ചേര്‍ന്നു നിരാശരായി മടങ്ങിയവരും കുറവല്ലായിരുന്നു. ഒരു കഥാപാത്രമെന്നതിലുപരിയായി യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന പ്രഗത്ഭനായ ഒരു കുറ്റാന്വേഷകനാണു ഷെര്‍ലക് ഹോംസ് എന്നു വലിയൊരു വിഭാഗം ജനങ്ങള്‍ കരുതിയിരുന്നു. അവരദ്ദേഹത്തിന്റെ പേരില്‍ ക്ലബുകളും അസോസിയേഷനുകളുമൊക്കെ രൂപീകരിക്കുക പോലുമുണ്ടായി.ഷെര്‍ലക് ഹോംസ് കഥകൡലെ സംഭവങ്ങളുടെ സ്ഥലകാലങ്ങളും അന്വേഷണ രീതികളുമൊക്കെ ആഴത്തില്‍ വിലയിരുത്തുന്ന ഗവേഷണപത്രങ്ങള്‍ പോലുമുണ്ടായി. ഹോംസിനേയും വാട്‌സണേയും കഥാപാത്രങ്ങളാക്കി കുറെയേറെ നോവലുകളും കഥകളുമെഴുതി വളരെ വലിയൊരു വായനാ സമൂഹത്തെ ആകര്‍ഷിക്കുവാനും എഴുത്തു വഴികളിലേക്കു തിരിയുന്ന കാലഘട്ടത്തിലുണ്ടായിരുന്ന സാമ്പത്തിക ദുരിതങ്ങള്‍ക്കറുതിവരുത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കുവാനും കുറ്റാന്വേഷണ സാഹിത്യത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്തി തനിക്കും തന്റെ കഥാപാത്രത്തിനും സാമൂഹ്യ അംഗീകാരം നേടി ചരിത്രത്തിലിടം പിടിക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഹോംസുമായി മുന്നോട്ടു പോകുന്നതിലദ്ദേഹത്തിനു മടുപ്പുതോന്നിതുടങ്ങിയിരുന്നു.

തനിക്കേറെ പ്രിയപ്പെട്ട ചരിത്രഗവേഷണത്തിലേക്കു തിരികെപ്പോകണമെന്നുള്ള അദമ്യമായ ആഗ്രഹം കൂടിയായപ്പോള്‍ ഷെര്‍ലക് ഹോംസിന്റെ മരണം ചിത്രീകരിച്ചുകൊണ്ട് ഹോംസ് പരമ്പരയ്ക്കന്ത്യം കുറിച്ചു. പക്ഷെ ലോകത്തെമ്പാടുമുണ്ടായിരുന്ന ഹോംസിന്റെ ആരാധകരായ വായനാ സമൂഹമതംഗീകരിക്കുവാന്‍ തയ്യാറായില്ല. ഹോംസ് അസോസിയേഷനുകളും ക്ലബുകളും വായനാ കൂട്ടായ്മകളുമൊക്കെയുയര്‍ത്തിയ അഭൂതപൂര്‍വ്വമായ പ്രതിഷേധങ്ങളെത്തുടര്‍ന്നു ഡോ. ഡോയലിനു ഹോംസിനെ പുനഃസൃഷ്ടിച്ചു മുന്നോട്ടു നയിക്കേണ്ടിവന്നു.ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ അതിനു മുമ്പോ പിമ്പോ ഇത്തരമൊരു സാഹചര്യവുമുടലെടുത്തില്ല. ഡോ.ഡോയലിനു മുന്‍പും പിന്‍പുമായി എഡ്ഗാര്‍ അലന്‍ പോ, ഗബാറിയോ, വില്‍ക്കി കോൡസ്, എഡ് ഗാര്‍വാലസ് ,അഗതാ ക്രിസ്റ്റി, സ്റ്റാന്‍ലി ഗര്‍ഡിനര്‍ തുടങ്ങി നിരവധി കുറ്റാന്വേഷണസാഹിത്യകാര•ാരുയര്‍ന്നുവന്നുവെങ്കിലും അവരേയും അവരുടെ കഥാപാത്രങ്ങളേയുമാകെ നിഷ്പ്രഭരാക്കികൊണ്ട് ഡോ.ആര്‍തര്‍ കോനന്‍ ഡോയലും അദ്ദേഹത്തപ്പോലും മറികടന്നു കൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രമായ ഷെര്‍ലക് ഹോംസും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. നാലു നോവലുകളും കഥാസമാഹാരങ്ങളുമാണു ഷെര്‍ലക് ഹോംസ് പരമ്പരയിലുളള്ളത്. ഇതിനെല്ലാം ലോകത്തെ ഏതാണ്ടെല്ലാ ഭാഷകളിലും നിരവധി വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. പഞ്ച ഭൂഖണ്ഡങ്ങൡലെ ദശലക്ഷക്കണക്കിനു വായനക്കാരിന്നും ഷെര്‍ലക് ഹോംസിനെ വായിച്ചാസ്വദിക്കുന്നു എന്നുള്ളത് സാഹിത്യചരിത്രത്തിലെ തന്നെയൊരപൂര്‍വ്വതയാണ്.

ഡോ.ആര്‍തര്‍ കോനര്‍ഡോയലിനെപ്പറ്റി പറയുമ്പോള്‍ ഷെര്‍ലക് ഹോംസിലൂടെ അദ്ദേഹം ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിനു നല്‍കിയ മഹത്തായ സംഭാവനകളെപ്പറ്റി പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. ഷെര്‍ലക് ഹോംസിലൂടെ അദ്ദേഹം മുന്നോട്ടു വച്ച ശാസ്ത്രീയന്വേഷണരീതികള്‍ ആദ്യഘട്ടത്തില്‍ കുറ്റാന്വേഷകരും ശാസ്ത്രലോകവും പുച്ഛത്തോടു കൂടി അവഗണിച്ചുവെങ്കിലും പിന്നീടവയെല്ലാം തന്നെ കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങളായി അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. കുറ്റാന്വേഷണ ശാസ്ത്രം മറ്റു ശാസ്ത്ര ശാഖകളിലേക്കു പടര്‍ന്നുകയറാന്‍ തുടങ്ങിയതും ഡോ. ഡോയല്‍, ഷോര്‍ലക് ഹോംസിലൂടെയും വാട്‌സണിലൂടെയും തുടങ്ങിവച്ച പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ഇന്നു ലോകത്തെമ്പാടുമുള്ള കുറ്റാന്വേഷകര്‍ ആധികാരികമായി ആശ്രയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് ,രക്തപരിശോധന, വിരലടയാള വിശകലനം, പാദരക്ഷകളുടെയും കാല്‍പ്പാടുകളുടേയും അടയാളങ്ങള്‍ എന്തിന് ഇന്നു വളര്‍ന്നു വികസിച്ചിരിക്കുന്ന ഫോറന്‍സിക് സയന്‍സിന്റെ ആവിര്‍ഭാവത്തിന് അടിസ്ഥാനമിട്ടതും ഡോ. ഡോയല്‍ തന്നെയാണ്.

അപസര്‍പ്പക സാഹിത്യ ചരിത്രത്തില്‍ അഗ്രഗണ്യനെന്ന നിലയില്‍ ആഘോഷിക്കപ്പെട്ടതു കൊണ്ടാവാം മുഖ്യസാഹിത്യമടക്കം മറ്റു വ്യത്യസ്ത മേഖലകൡ അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്തപ്പെടാതെ പോയത്. കുറ്റാന്വേഷണ കഥകള്‍ക്കും നോവലുകള്‍ക്കും പുറമെ നോവലുകളും ചരിത്രവും ചരിത്രാഖ്യായി കളും ആത്മകഥയും തത്ത്വചിന്തയുമടക്കം ഇരുപതോളം കൃതികള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍തന്നെ ദ ഹിസ്റ്ററി ഓഫ് വാട്ടര്‍ ലൂ, ദ ഗ്രേറ്റ് ബ്യൂവര്‍വാര്‍,വാര്‍ ഇന്‍ സൗത്താഫ്രിക്ക, ഹിസ്റ്ററി ഓഫ് സ്പിരിച്ചലിസം തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. ചരിത്രകാരനും സാഹിത്യകാരനുമെന്നതിനപ്പുറം ആ കാലഘട്ടത്തിലെ അറിയപ്പെടുന്ന ഒരു കായിക പ്രതിഭകൂടിയായിരുന്നു അദ്ദേഹം. ബ്രിട്ടന്റെ ദേശീയ ഫുട്‌ബോള്‍,ക്രിക്കറ്റ് ടീമുകളിലംഗമായിരുന്ന അദ്ദേഹം കാറോട്ട മത്സരങ്ങൡലും ഗുസ്തിയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ വന്‍ കപ്പലുകളടക്കമുള്ള ജലയാനങ്ങളില്‍ അപകടസമയങ്ങളിലവസാന ആശ്രയമായ ലൈഫ് ജാക്കറ്റുകള്‍ക്കു രൂപം നല്‍കിയതും ഡോയലായിരുന്നു.

താനിടപഴകിയ മേഖലകൡലെല്ലാം പ്രതിഭയുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തി നിറഞ്ഞുനിന്ന ഡോയലിന് ബ്രിട്ടീഷ് രാജ്ഞി ‘സര്‍’ സ്ഥാനം നല്‍കി ആദരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അവസാനനാളുകള്‍ ദുഃഖാകുലമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ തന്റെ ഏകമകന്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം താങ്ങാനാവാതെ ആത്മീയതയിലഭയം തേടിയ ഡോ. ഡോയല്‍ 1930 ജൂലൈ ഏഴിനാണ് അന്തരിച്ചത്. എന്നാലിന്നും തന്നെക്കാള്‍ വളര്‍ന്നു വലുതായ തന്റെ കഥാപാത്രത്തിലൂടെ ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു വായനക്കാരുടെ മനസ്സുകൡ ജീവിച്ചിരിക്കുന്നു അദ്ദേഹം.

 

 

You must be logged in to post a comment Login