സെനറ്റും അംഗീകരിച്ചു; ഇന്ത്യ യുഎസിന്റെ മുഖ്യപ്രതിരോധ പങ്കാളി

വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഇതുസംബന്ധിച്ച ‘നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്’ (എന്‍ഡിഎഎ) ഏഴിനെതിരെ 92 വോട്ടുകള്‍ക്ക് സെനറ്റ് അംഗീകരിച്ചു. യുഎസ് ജനപ്രതിനിധി സഭ നേരത്തേ വന്‍ഭൂരിപക്ഷത്തോടെ ഇത് അംഗീകരിച്ചിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെപ്പം 61,800 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റും യുഎസ് സെനറ്റ് അംഗീകരിച്ചു.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം യുഎസിന് പ്രധാനപ്പെട്ടതാണ്. സാമ്പത്തിക വികസനവും ആഗോള സുരക്ഷയും വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ നമ്മുടെ പ്രധാന പങ്കാളിയാണ്’ സെനറ്റിലെ ഇന്ത്യ കോക്കസ് കോ ചെയര്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍നെര്‍ പറഞ്ഞു. മുഖ്യപ്രതിരോധ പങ്കാളിയെന്ന പദവി ലഭിക്കുന്നതോടെ ഇന്ത്യയ്ക്ക് യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകും.

സാങ്കേതിക വിദ്യാ കൈമാറ്റത്തില്‍ ഉദ്യോഗസ്ഥ തലത്തിലെ ഒട്ടേറെ തടസ്സങ്ങള്‍ ഒഴിവായിക്കിട്ടും. പല യുദ്ധോപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കാനും അനുമതി ലഭിക്കും. തുടര്‍നടപടി സ്വീകരിക്കാന്‍ വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാരെ സെനറ്റ് ചുമതലപ്പെടുത്തി.

You must be logged in to post a comment Login