സെന്‍കുമാര്‍ കേസ്: വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഡിജിപി ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാനുള്ള വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിധി നടപ്പാക്കാൻ വൈകുന്നത് നിയമസഭാ നടപടികളെ പോലും തടസ്സപ്പെടുത്തുംവിധം പ്രതിപക്ഷ ബഹളത്തിനു വഴിവയ്ക്കുകയും സെൻകുമാർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതിനു പിന്നാലെയാണ് സർക്കാരിന്റെ നീക്കം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ ചീഫ് സെക്രട്ടറി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. ഈ നിലപാടിനു വിരുദ്ധമായാണ് പുതിയ ഹർജി.

ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെൻകുമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നാണ് ഹർജിയിൽ സെൻകുമാർ വാദിക്കുന്നത്. ഇക്കാരണത്താൽ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം. ഇതിനു പിന്നാലെയാണ് വിധിയിൽ വ്യക്തത തേടിക്കൊണ്ടുള്ള സർക്കാരിന്റെ ഹർജി.

വിധി നടപ്പാക്കുന്നത് മറ്റു ഡിജിപിമാരുടെ സ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലാണ് സർക്കാർ വ്യക്തത തേടിയത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ഉടൻ സെൻകുമാറിനെ അടക്കം മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ സുപ്രധാന നിയമനങ്ങളിലെല്ലാം കോടതി വിധി ബാധകമാകുമോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത തേടിയിട്ടുണ്ട്.

അതേസമയം, സെൻകുമാർ പ്രതിപക്ഷവുമായി ചേർന്നു രാഷ്ട്രീയം കളിക്കുകയാണെന്ന ഒരു വിഭാഗം സിപിഎം നേതാക്കളുടെ സംശയമാണ് സർക്കാരിന്റെ ഹർജിക്കു പിന്നിലെന്നും വാദമുണ്ട്. പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച ചില രേഖകൾ അവർക്കു ചോർത്തി നൽകിയത് സെൻകുമാറാണെന്നാണ് ഭരണകേന്ദ്രങ്ങളിലെ സംസാരം. വ്യത്യസ്ത നിലപാടുകൾക്കൊടുവിൽ സെൻകുമാറിന് നിയമനം നൽകാൻ ഏകദേശ ധാരണയായിരുന്നെങ്കിലും സർക്കാർ വീണ്ടും മലക്കംമറിയുകയായിരുന്നു. രേഖ ചോർത്തിയെന്ന ആരോപണം സെൻകുമാർ നിഷേധിച്ചിട്ടുണ്ട്.

You must be logged in to post a comment Login